ഭരണഘടനാ വിരുദ്ധ നിയമങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം- അഡ്വ.മുകുള്‍ സിന്‍ഹ
Posted on Jun 10 2012

കൊച്ചി: ഭരണഘടനയുടെ അന്തസ്സത്തയ്‌ക്ക്‌ നിരക്കാത്ത നിയമങ്ങളെ ചെറുത്ത്‌ തോല്‍പ്പിക്കണമെന്ന്‌ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ.മുകുള്‍ സിന്‍ഹ പറഞ്ഞു. സോളിഡാരിറ്റി യൂത്ത്‌മൂവ്‌മെന്റ്‌ സംഘടിപ്പിച്ച ജനകീയ നിയമ പാഠശാല ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമ നിര്‍വ്വഹണത്തില്‍ മാത്രമല്ല, നിയമ നിര്‍മ്മാണത്തില്‍ തന്നെയാണ്‌ പ്രശ്‌നങ്ങളുടെ കാതല്‍. അതിന്റെ മികച്ച ഉദാഹരണമാണ്‌ ഗോവധ നിരോധന നിയമം. ഗുജറാത്തില്‍ ഗോമാംസം കൈവശം വച്ചാല്‍ ചുരുങ്ങിയത്‌ രണ്ടുവര്‍ഷം തടവ്‌ ശക്ഷ ലഭിക്കും. ഇറക്കുമതി ചെയ്‌ത മാംസം സൂക്ഷിച്ചാലും ഇതേ ശിക്ഷ തന്നെയാണ്‌ ലഭിക്കുക. ഭീകരവിരുദ്ധ നിയമങ്ങളായി അറിയപ്പെടുന്ന എല്ലാ നിയമങ്ങളും ന്യൂനപക്ഷ വിരുദ്ധ നിയമങ്ങളാണ്‌. ഹിറ്റ്‌ലറുടെ ജര്‍മ്മനിയേക്കാള്‍ എത്രയോ ഇരട്ടി ന്യൂനപക്ഷങ്ങള്‍ ഇത്തരം നിയമങ്ങളിലൂടെ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതികള്‍ സാമൂഹ്യ അലക്ഷ്യമാവുകയും നിയമങ്ങള്‍ ജനാധിപത്യ വിരുദ്ധമാവുകയും ചെയ്യുമ്പോള്‍ ചെറുത്തുനില്‍പ്പുകള്‍ അനിവാര്യമാണെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നഷാദ്‌ പറഞ്ഞു വ്യക്തി, സ്വകാര്യത, ഭരണകൂടം എന്ന വിഷയത്തില്‍ അഡ്വ.സെബാസ്റ്റ്യന്‍ പോള്‍, ഇന്ത്യയിലെ കരിനിയമങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ.കെ.എസ്‌ മധൂസുദനന്‍, വികസനം, പ്രകൃതി വിഭവങ്ങള്‍, തദ്ദേശീയ പ്രകൃതി വിഭവങ്ങള്‍ എന്ന വിഷയത്തില്‍ അഡ്വ.ചന്ദ്രശേഖരന്‍, ഭരണകൂട രഹസ്യങ്ങള്‍, വിവരവകാശം- പൗര സ്വാതന്ത്ര്യവും ഭരണകൂട ഇടപെടലുകളും എന്ന വിഷയത്തില്‍ അഡ്വ.ഡി.ബി ബിനു എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ജുഡീഷ്യറിയിലെ ജനാധിപത്യവത്‌കരണം എന്ന വിഷയത്തില്‍ നടന്ന പൊതുസംവാദം അഡ്വ.മുകുള്‍ സിന്‍ഹ, അഡ്വ.തുഷാര്‍ നിര്‍മല്‍ സാരഥി, ഡോ. അബ്‌ദുസ്സലാം എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി സമാപന പ്രഭാഷണം നിര്‍വ്വഹിച്ചു