ചില്ലറവ്യാപാര മേഖലയിലെ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിച്ചത്‌ വഞ്ചനാപരം
Posted on Jun 28 2012

കോഴിക്കോട്‌: ചില്ലറവ്യാപാരമേഖലയിലെ വിദേശ നിക്ഷേപത്തെ കേരളം അനുകൂലിച്ചത്‌ വഞ്ചനാപരമാണെന്ന്‌ സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ്‌ വേളം പ്രസ്‌താവിച്ചു. ചില്ലറവ്യാപാര മേഖലയില്‍ വിദേശ നിക്ഷേപത്തെ കേരള സര്‍ക്കാര്‍ അനുകൂലിച്ചു കത്തയച്ചു എന്ന്‌ കേന്ദ്ര വ്യാണിജ്യവകുപ്പ്‌മന്ത്രി ആനന്ദ്‌ ശര്‍മ്മ വ്യക്തമാക്കിയത്‌ കേരളത്തിലെ പൊതു സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ്‌. ആനന്ദ്‌ ശര്‍മ്മ വ്യക്തമാക്കിയത്‌ ശരിയാണെങ്കില്‍ കേരളം ഇതുവരെ തുടര്‍ന്നുവന്ന പൊതുനയത്തിന്‌ വിരുദ്ധമായി കത്തയച്ചത്‌. കേരളത്തിലെ വ്യാപാരി സമൂഹത്തോടും പൊതു ജനങ്ങളോടും ഉമ്മന്‍ ചാി സര്‍ക്കാര്‍ നല്‍കിയ ഉറപ്പിനെതിരുമാണ്‌. മന്ത്രിസഭയോ നിയമസഭയോ ഇത്തരമൊരു തീരുമാനമെടുത്തതായി ജനങ്ങള്‍ക്കറിയില്ല. വഞ്ചനാപരമായ ഈ കത്തിന്റെ ഉറവിടം ഏതാണെന്ന്‌ സര്‍ക്കാര്‍ വ്യക്തമാക്കണം. ചില്ലറ വ്യാപാര മേഖലയേയും സംസ്ഥാനത്തെ സമ്പത്‌ വ്യവസ്ഥയേയും തകര്‍ക്കുന്ന ഈ തീരുമാനത്തില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്തിരിയണം. പൊതുസമൂഹവും വ്യാപാരി സമൂഹവും ഒത്തുചേര്‍ന്ന്‌ സര്‍ക്കാര്‍ നിലപാടിനെ തിരുത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും അദ്ദേഹം പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു.