അറബ്‌ വസന്ത വിജയത്തിന്‌ യുവതയുടെ ഐക്യദാര്‍ഢ്യം
Posted on Jul 10 2012

കോഴിക്കോട്‌::-- --:- പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ മുല്ലപ്പൂവിപ്ലവത്തിന്റെ വിജയത്തിന്‌ ഐക്യദാര്‍ഢ്യവുമായി യുവജന കൂട്ടായ്‌മ. മാറ്റം കൊതിക്കുന്ന ജനതയുടെ വിജയസ്‌മിതമാണ്‌ അറബ്‌ രാജ്യങ്ങളില്‍ നിന്നുള്ള ശുഭ വാര്‍ത്തയെന്ന്‌ കൂട്ടായ്‌മ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ ദുഷ്‌ചെയ്‌തികള്‍ക്ക്‌ കാലം കൊടുത്ത തിരിച്ചടിയായും വസന്തവിജയത്തെ പ്രസംഗകര്‍ വിലയിരുത്തി. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ്‌ മാധ്യമം എഡിറ്റര്‍ ഒ.അബ്‌ദുറഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണ്‌ വസന്തവിപ്ലത്തോടെ ഈജിപ്‌തിലുണ്ടായ ഭരണമാറ്റമെന്ന്‌ അദ്ദേഹം പറഞ്ഞു. സോഷ്യല്‍ നെറ്റ്‌ വര്‍ക്കുകളാണ്‌ വിപ്ലവത്തിന്‌ അനുകൂല സാഹചര്യം സൃഷ്‌ടിക്കുന്നതില്‍ മുഖ്യപങ്ക്‌ വഹിച്ചത്‌. പോയകാലത്ത്‌ സാമ്രാജ്യത്വത്തെ കെട്ടുകെട്ടിച്ച അതേ ആവേശമാണ്‌ അവിടെ അലയടിച്ചത്‌. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഗുണമേന്മ നടപ്പാക്കാന്‍ ഭരണ മാറ്റത്തോടെ സാധിക്കുമെന്നാണ്‌ കരുതേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു പാട്‌ ധാരണകളെ അട്ടിമറിക്കാന്‍ ഈജിപ്‌തിലെ ഭരണമാറ്റത്തിന്‌ കഴിഞ്ഞെന്ന്‌ എസ്‌.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ ശിഹാബ്‌ പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു. അറബ്‌വസന്തം ഫലം കണ്ടുവെന്നതിന്റെ സൂചനകളാണിതെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക ഇറക്കുമതി ചെയ്യുന്ന ജനാധിപത്യത്തെ അറബ്‌ലോകം നിരാകരിച്ചതാണ്‌ അറബ്‌ വസന്തത്തിന്റെ വിജയമെന്ന്‌ എസ്‌.ഐ.ഒ മുന്‍ സംസ്ഥാന പ്രസിഡന്റ്‌ വി.ടി അബ്‌ദുല്ലക്കോയ തങ്ങള്‍ അഭിപ്രായപ്പെട്ടു. അറബ്‌ ജനത തിരിച്ചറിഞ്ഞപോലെ ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലായിടത്തും ആവാമെന്നും അദ്ദേഹം പറഞ്ഞു. പുരോഗമനം എന്തെന്ന്‌ അറിയാത്തതാണ്‌ അറബ്‌ വസന്തന്താനന്തരത്തെ വിമര്‍ശിക്കാന്‍ കാരണമെന്ന്‌ പി.സുരേന്ദ്രന്‍ പറഞ്ഞു. പച്ച നിറത്തെക്കുറിച്ച്‌ കേരളത്തില്‍ അടുത്തുണ്ടായ വിവാദം മുസ്‌ലിം ലീഗിനെതിരെയല്ല; ഇസ്‌ലാം മതത്തിനെതിരെയാണ്‌. മരുഭൂമിയിലെ ജനതയാണ്‌ പച്ചയെക്കുറിച്ച്‌ മഹത്തായ ഭാവനകളും ചിന്തകളും സൃഷ്‌ടിച്ചത്‌. മഴയും മരങ്ങളും സമൃദ്ധമായ നാടുകളില്‍ വളര്‍ന്ന തത്വസംഹിതകള്‍ക്ക്‌ ഒരു പക്ഷെ, അതിന്റെ പ്രാധാന്യം മനസ്സിലാവില്ല. ഇസ്‌ലാം ഏറ്റവും പരിസ്ഥിതികമായ മതങ്ങളിലൊന്നാണ്‌. ഈ മതകീയ മൂല്യത്തോടുള്ള വിരുദ്ധതയാണ്‌ ഇത്തരം വിവാദങ്ങളില്‍ പ്രതിഫലിക്കുന്നതെന്നു സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഇസ്‌ലാമിക വിരുദ്ധത സജീവമാണെന്ന്‌ തെളിയിക്കുന്ന പലതും അടുത്ത കാലത്തുണ്ടായി. പോപുലര്‍ ഫ്രണ്ടിന്റെ കൈവെട്ടുകേസിനെ തുടര്‍ന്നുണ്ടായ മാധ്യമ ചര്‍ച്ചയും തൊട്ടുടനെ ഇടതുപക്ഷം അതേരീതിയില്‍ ചെയ്‌തപ്പോള്‍ അതു ചര്‍ച്ചചെയ്യപ്പെടാതിരുന്നതും ഇക്കാരണങ്ങളാലായിരുന്നു. പുരോഗമന വാദികളെന്നു സ്വയം പ്രഖ്യാപിക്കുന്നവരുടേത്‌ മതവാദികളുടേതിനേക്കാളും നൂറിരട്ടി ഭീകരമാണെന്ന അനുഭവമാണ്‌ കേരളം പഠിപ്പിക്കുന്നത്‌. മാര്‍കിസ്റ്റുകളുടേത്‌ നക്‌സലുകളുടേതിനേക്കാളും ഭീകരമാണ്‌. ഇടതുപക്ഷം മതത്തിന്റെ പുതിയ പരിപ്രേക്ഷ്യങ്ങളെ ഭയപ്പെടുകയാണ്‌. സാമ്രാജ്യത്വ വിരുദ്ധതയില്‍ കുഞ്ഞാലിമരക്കാളേക്കാളും ചെഗുവേക്കെന്താണു പ്രധാന്യം. കുഞ്ഞാലിമരക്കാര്‍ക്ക്‌ ഒരു മതത്തില്‍ വിശ്വാസമുണ്ടായി എന്നതാണ്‌ അദ്ദേഹത്തെ തമസ്‌കരിക്കാന്‍ കാരണം. എന്നാല്‍ അതേ മതമാണ്‌ ഈ വീര്യം പകര്‍ന്നതെന്ന്‌ സമ്മതിക്കാനും മാര്‍കിസ്റ്റുകള്‍ തയ്യാറാവില്ല. ഗ്വാണ്ടനോമയെക്കുറിച്ചു പ്രസംഗിക്കുന്നവര്‍ തിബറ്റില്‍ അതിലേറെ ക്രൂരമായ ദലൈലാമയുടെ അനുയായികളെ ചൈനീസ്‌ കമ്യൂണിസ്റ്റുകള്‍ വകവരുത്തുന്നത്‌ മറച്ചുവെക്കുകയാണ്‌. നൈതിക ജാഗ്രതയല്ല സി.പി.എമ്മിന്‍രെ പ്രശ്‌നം, അവകാശങ്ങളെക്കുറിച്ചു ആരും സംസാരിക്കരുതെന്നാണ്‌ ആവരുടെ ആവശ്യമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ പുരോഗമനം എന്താണെന്നതിനെകുറിച്ച്‌ ഇപ്പോള്‍ ഒരു നിശ്ചയവുമില്ല. ഓഞ്ചിയത്തിനു ശേഷം കേരളം ഇനി ഭയക്കുക ഒരു മാര്‍കിസ്റ്റ്‌ വിപ്ലവത്തെയാണ്‌. വിപ്ലവാനന്തരം കൊടിസുനിയും ടി.കെ രജീഷുമായിരിക്കും കേരളം വാഴുകയെന്നതിനാലാണത്‌. അറബ്‌ വസന്തത്തെക്കുറിച്ചു സംസാരിക്കുന്ന മാര്‍കിസ്റ്റുകള്‍ വിപ്ലവ ശേഷമുള്ള മതത്തെക്കുറിച്ച ഭയപ്പാടികളാണ്‌ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ആധ്യാത്മികതയില്‍ അധിഷ്‌ഠിതമായ ലോകം ആഗ്രഹിക്കുന്നവര്‍ ചൈനയില്‍ പോലും വേട്ടയാടപ്പെടുന്നതായും അദ്ദേഹം ആരോപിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ്‌ പി.ഐ നൗഷാദ്‌ അധ്യക്ഷത വഹിച്ചു. റസാഖ്‌ പാലേരി, ടി.മുഹമ്മദ്‌ വേളം, ശിഹാബുദ്ധീന്‍ ഇബ്‌നു ഹംസ എന്നിവര്‍ സംസാരിച്ചു.