Latest Update
Articles
President Update
കേരളത്തിൽ നിന്ന് ഐസിസിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്നു എന്ന സി.പി.എം മുതിർന്ന നേതാവ് പി.ജയരാജൻ്റെ പ്രസ്താവനയിൽ സർക്കാറും പാർട്ടിയും നിലപാട് വ്യക്തമാക്കണം. കേരള പോലീസോ ആഭ്യന്തര വകുപ്പോ ഇത് വരെ ഉന്നയിക്കാത്ത ഗുരുതരമായ ആരോപണമാണ് പി.ജയരാജൻ്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
കേരളത്തിലെ മുസ്ലിം ചെറുപ്പക്കാർ ലവ് ജിഹാദ് നടത്തുന്നു എന്ന വ്യാജ ആരോപണം മുമ്പ് ഉന്നയിച്ചത് സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദനാണ്. ആ പ്രസ്താവനയെ കൂടി ഉപയോഗപ്പെടുത്തിയാണ് രാജ്യത്ത് പലയിടത്തും സംഘ്പരിവാർ മുസ്ലിം വിരുദ്ധ ആക്രമണങ്ങൾ അഴിച്ചു വിട്ടതും കേരള സ്റ്റോറി പോലെയുള്ള മുസ്ലിം സമുദായത്തിനും കേരളത്തിനുമെതിരെ വിദ്വേഷം ജനിപ്പിക്കുന്ന സിനിമകൾ പടച്ചു വിട്ടതും. കേരളത്തിലെ മുസ്ലിം സമുദായത്തെ മുഴുവൻ സംശയത്തിൻ്റെ മുൾമുനയിൽ നിർത്തുന്ന സമാനമായ പ്രസ്താവനയാണ് ജയരാജൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കേരള പോലീസിലെ ആർ.എസ്.എസ് വിധേയത്വം വിവാദമായിരിക്കുന്ന ഘട്ടത്തിലാണ് പി. ജയരാജൻ്റെ ഈ പ്രസ്താവനയും വരുന്നത് എന്നത് ശ്രദ്ധേയമാണ്.
മുസ്ലിം സമുദായത്തിനെതിരെയും കേരളത്തിനെതിരെയും വ്യാപകമായ വിദ്വേഷ പ്രചാരണത്തിന് വഴിവെട്ടുന്ന പി ജയരാജൻ്റെ ആരോപണത്തിൻ്റെ നിജസ്ഥിതി പൊതു സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ സർക്കാർ ബാധ്യസ്ഥരാണ്. സംഘ്പരിവാറിൻ്റെ എല്ലാ വംശീയ ആക്രമണങ്ങൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു സമുദായത്തെ വേട്ടക്കാരോട് സമീകരിക്കാനുള്ള പി.ജയരാജൻ്റെ കൂലിയെഴുത്ത് പുസ്തകത്തിന്റെ മാർക്കറ്റിങ് ലക്ഷ്യം വെച്ചുള്ള കേവല ആരോപണമാണെങ്കിൽ വംശീയ വിദ്വേഷത്തിനും സാമുദായിക സ്പർധക്കും ജയരാജനെതിരെ കേസെടുക്കണം.