സോളിഡാരിറ്റി നേതാക്കള്‍ അഫ്രസുല്‍ ഖാന്റെ കുടുംബത്തെ സന്ദര്‍ശിച്ചു
മാള്‍ഡ: രാജസ്ഥാനില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട അഫ്രസുല്‍ ഖാന്റെ കുടുംബത്തിന് സോളിഡാരിറ്റി വീട് പണിത് നല്‍കും. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ എന്നിവര്‍ ബംഗാളിലെ മാള്‍ഡയിലുള്ള അദ്ദേഹത്തിന്റെ കുടുംബ വീട്ടില്‍ ഭാര്യയെയും മൂന്ന് മക്കളെയും സഹോദരങ്ങളെയും കണ്ട് ദുഖത്തില്‍ പങ്ക് ചേരുകയും മുഴുവന്‍ കാര്യങ്ങളിലും സോളിഡാരിറ്റിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. കുടുംബത്തിന്റെ പുനരധിവാസത്തിനും സംരക്ഷണത്തിനുമായി സോളിഡാരിറ്റിയുടെ സാമ്പത്തിക സഹായവും നേതാക്കള്‍ പ്രഖ്യാപിച്ചു. വീട് പണിക്കാവശ്യമായ പണത്തിന്റെ ആദ്യഗഡുവായി 3 ലക്ഷം രൂപയുടെ ചെക്ക് പി.എം സാലിഹ് അഫ്രസുലിന്റെ ഭാര്യ ഗുല്‍ബഹറിന് കൈമാറി. സമാന മനസ്‌കരുമായി സഹകരിച്ച് ബാക്കി പണികള്‍ പൂര്‍ത്തിയാക്കാനുള്ള സംവിധാനങ്ങള്‍ സോളിഡാരിറ്റി കാണുമെന്നും നേതാക്കള്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി വെസ്റ്റ്ബംഗാള്‍ സെക്രട്ടറി ജര്‍ജിസ് സാലിം, എസ്.ഐ.ഒ മുന്‍അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സര്‍വര്‍ ഹസന്‍ എന്നിവര്‍ നേതാക്കള്‍കൊപ്പമുണ്ടായിരുന്നു.
രാജ്യത്ത് വംശീയവും മതപരവുമായ അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. മാത്രമല്ല, ക്രൂരമായ കൊലപാതകങ്ങള്‍ പോലും പ്രശ്‌നമല്ലാതാകുന്ന തരത്തില്‍ പൊതുജനം ഇത്തരം സംഭവങ്ങളോട് സമരസപ്പെട്ടിരിക്കുന്നു എന്നും അഫ്രസുല്‍ ഖാന്‍ സംഭവം തെളിയിക്കുന്നുണ്ട്. മാത്രമല്ല, ഇരക്കൊപ്പം നില്‍ക്കുന്നതിന് പകരം കൊലപാതകിക്ക് അനുകൂലമായി സാമ്പത്തിക സഹായശേഖരണവും വന്‍പ്രകടനവും നടത്താനും ആളുകള്‍ക്ക് മടിയില്ലാതായിരിക്കുന്നു. ഇന്ത്യയിലെ മറ്റു രാഷ്ട്രീയപാര്‍ട്ടികളും മതേതര സമൂഹവും വിഷയത്തില്‍ പ്രതികരിക്കാത്തതും ആശങ്കയുളവാക്കുന്ന കാര്യമാണ്. ഡല്‍ഹിയില്‍ നിര്‍ഭയ കൊലയിലും മറ്റും വ്യാപക പ്രതികരണങ്ങളുണ്ടായെങ്കില്‍ കാമറക്ക് മുന്നില്‍ ഒരാളെ അടിച്ചുവീഴ്ത്തി ജീവനോടെ തീകൊടുത്ത് കൊന്നിട്ടും സമൂഹത്തില്‍ കാര്യമായ പ്രതികരണങ്ങളുണ്ടായില്ല. ഇതെല്ലാം ഇന്ത്യന്‍ ജനതയുടെ തന്നെ മാനസികാവസ്ഥയെയും പാര്‍ട്ടികളുടെ നിലപാടുകളെയുമാണ് സൂചിപ്പിക്കുന്നത്. സംഘ്ഫാഷിസ്റ്റ് ആധിപത്യത്തിനെതിരെ മതേതര കൂട്ടായ്മകളും പ്രതികരണങ്ങളും ഉയര്‍ന്ന് വരേണ്ടത് ഇന്നത്തെ ആവശ്യകതയാണെന്നും അഫ്രസുലിന്റെ വീട് സന്ദര്‍ശിച്ച ശേഷം പി.എം സാലിഹ് പറഞ്ഞു.