
കോഴിക്കോട് : മംഗലാപുരത്ത് ഹിന്ദുത്വ ആൾക്കൂട്ടം കൊലപ്പെടുത്തിയ മലപ്പുറം കോട്ടക്കൽ സ്വദേശി അഷ്റഫ് കൊലപാതകത്തിന്റെ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനം ചെയ്തു. പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക, ഓൾ ഇന്ത്യ ലോയേഴ്സ് അസോസിയേഷൻ ഫോർ ജസ്റ്റിസ് കർണാടക എന്നീ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിന്റെ മലയാളം പതിപ്പ് പുറത്തിറക്കിയത് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് കേരളയാണ്.
വസ്തുതാന്വേഷണ സംഘത്തിൽ അഡ്വ. മാനവി അത്രി, ശശാങ്ക് എസ്.ആർ, അഡ്വ. ഹുസൈൻ കോഡിബെങ്കരി, അഡ്വ. തുളസീദാസ് എന്നിവർ അംഗങ്ങളായിരുന്നു.
അന്വേഷണ റിപ്പോർട്ടിന്റെ മലയാളം പരിഭാഷ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പ്രകാശനം ചെയ്തു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വംശീയതയുടെ ക്രൂരമായ ആയുധമായി മാറിയ ആൾക്കൂട്ട കൊലപാതകങ്ങൾ, ഇപ്പോൾ ദക്ഷിണേന്ത്യയുടെ സാമൂഹിക ജീവിതത്തിലേക്കും വ്യാപിക്കുന്നതിന്റെ ഭയാനകമായ സൂചനയാണ് അഷ്റഫിന്റെ കൊലപാതകമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലും തെലങ്കാനയിലുമടക്കം മുസ്ലിംകൾക്കെതിരെ പശുവിന്റെയും മറ്റു വ്യാജ കാരണങ്ങളുടെയും പേരിൽ അതിക്രമങ്ങൾ വർധിച്ചുവരുന്നു. ഈ അനീതിക്കെതിരെ ഒരു ജനാധിപത്യ സമൂഹം എന്ന നിലയിൽ ശബ്ദമുയർത്തേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ധാർമികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലും കർണാടകയിലുമായി അഷ്റഫിന്റെ നീതിക്കായി സോളിഡാരിറ്റിയുടെ നേതൃത്വത്തിൽ നിരവധി പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി. ആ നിയമപോരാട്ടങ്ങളുടെയും ജനകീയ പ്രക്ഷോഭങ്ങളുടെയും തുടർച്ചയാണ് ഈ വസ്തുതാന്വേഷണ റിപ്പോർട്ട് പ്രകാശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഷ്റഫിനെ തല്ലിക്കൊന്ന ശേഷം അക്രമികൾ ക്രിക്കറ്റ് കളി തുടരുകയായിരുന്നുവെന്നും പൊലീസ് അക്രമികൾക്ക് അനുകൂലമായി പ്രവർത്തിച്ചുവെന്ന് വസ്തുതാന്വേഷണ സംഘത്തെ നയിച്ച അഡ്വ. മാനവി പറഞ്ഞു. ഒന്നര ദിവസത്തിനു ശേഷം പ്രദേശ വാസികളുടെ സമ്മർദത്തെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. കമ്മീഷണർ, എ.സി.പി തുടങ്ങിയ ഉന്നത പൊലീസ് അധികാരികൾ കുറ്റകൃത്യം മറച്ചു വെക്കാൻ കൂട്ടുനിന്നുവെന്നും അവർ കുറ്റപ്പെടുത്തി. അന്വേഷണത്തിന് SIT രൂപവത്കരിക്കണം. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണം. വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കോടതീയലക്ഷ്യത്തിന് നടപടി എടുക്കണം.
മറുവാക്ക് മാഗസിൻ എഡിറ്റർ അംബിക, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ.അബ്ദുൽ വാഹിദ്, പി.യു.സി.എൽ കർണാടക ചാപ്റ്റർ ഭാരവാഹികളായ അഡ്വ. മാനവി അത്രി, ശശാങ്ക് എസ്.ആർ, എ.പി.സി.ആർ ഭാരവാഹി റഷീദ് മക്കട, കൊല്ലപ്പെട്ട അഷ്റഫിന്റെ സഹോദരൻ അബ്ദുൽ ജബ്ബാർ, ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
