കോഴിക്കോട്: കൃഷിയുടെ പുത്തനറിവുകള്‍ പകര്‍ന്നു നല്‍കി സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കാര്‍ഷിക ശില്‍പശാല സംഘടിപ്പിച്ചു. മണ്ണറിഞ്ഞ് വിത്തും വിതയും എന്ന തലക്കെട്ടില്‍ എറണാകുളം തായ്ക്കാട്ടുകരയിലാണ് രണ്ട് ദിവസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. അടയാളം സ്വയംസഹായക സംഘത്തിന്റെ നേതൃത്വത്തില്‍ കൃഷിയിറക്കലും കാടകൃഷി, കോഴികൃഷി, മത്സ്യകൃഷി എന്നിവയുടെ ഫാമുകള്‍ സന്ദര്‍ശിച്ചുള്ള പ്രായോഗിക പരിശീലനങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു. വിവിധ മേഖലകളിലുള്ള കര്‍ഷകര്‍ തങ്ങളുടെ അനുഭവങ്ങളും സാധ്യതകളും വെല്ലുവിളികളും പങ്കുവെച്ചു. ഉല്‍പന്നങ്ങളുടെ മാര്‍ക്കറ്റിംഗുമായി ബന്ധപ്പെട്ട പ്രത്യേക പരിശീലന പരിപാടിയും ക്യാമ്പിന്റെ ഭാഗമായി നടന്നു.
എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടോഷനിലെ ഡോ. എം.കെ പ്രസാദ് ശില്‍പശാല ഉല്‍ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷനായിരുന്നു. കൃഷി പ്രായോഗിക അറിവുകളും അനുഭവങ്ങളും എന്ന സെഷനില്‍ കൃഷി ശാസ്ത്രജ്ഞന്‍ ഡോ. എന്‍ ശശിധരന്‍ ക്ലാസെടുത്തു. ഷേണായി, സദാശിവന്‍ എന്നീ കര്‍ഷകര്‍ തങ്ങളുടെ അനുഭവങ്ങള്‍ വിവരിച്ചു. കൂട്ടായ്മയിലൂടെ കാര്‍ഷിക വികസനവും വരുമാനവും എന്ന തലക്കെട്ടിലുള്ള സെഷനില്‍ സ്വയംസഹായക സംഘം വിദഗ്ധന്‍ സിദ്ദിഖ് സംസാരിച്ചു. അടയാളം സ്വയംസഹായക സംഘത്തിന്റെ മാതൃകയുടെ അവതരണം ടി.കെ സലാം തായ്കാട്ടുകര നടത്തി. മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ അബ്ദുലത്തീഫ് കൊടുവള്ളി ക്ലാസെടുത്തു. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. നിഷാദ് വി.എം കൃഷി, കാര്‍ഷിക സംരംഭങ്ങള്‍: സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്ന തലക്കെട്ടില്‍ സംവദിച്ചു. തൃശൂര്‍ വെറ്റനറി സര്‍വകലാശാലയിലെ ഡോ. പി.ടി സൂരജ് കന്നുകാലി-കോഴി കൃഷിയുടെ ശാസ്ത്രീയ അടിത്തറകളെ കുറിച്ച് സംസാരിച്ചു. ക്ഷീരകര്‍ഷകന്‍ ഫാറൂഖ് മമ്പാട്, മത്സ്യ-കാലി കര്‍ഷകന്‍ ജസീര്‍ കൂറ്റമ്പാറ എന്നിവര്‍ സംരംഭങ്ങളുടെയും മാര്‍ക്കറ്റിംഗിന്റെയും അനുഭവങ്ങള്‍ വിശദീകരിച്ചു. രണ്ട് ദിവസത്തെ കാര്‍ഷിക അറിവുകളടങ്ങിയ ക്ലാസുകള്‍ക്കൊപ്പം വേസ്റ്റ് മാനേജ്‌മെന്റ് അടക്കമുള്ള സ്വയംസഹായക സംഘങ്ങളുടെ അനുഭവങ്ങളും കൈമാറി. കാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതെങ്ങനെ കൃഷിയിലും മറ്റും ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വന്തമായി വികസിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍, കാര്‍ഷിക അനുബന്ധ സംരംഭങ്ങള്‍ എന്നിവ പരിചയപ്പെടുത്തി. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നെത്തിയ ക്യാമ്പഗംങ്ങള്‍ക്ക് കാര്‍ഷിക സംരംഭങ്ങള്‍ തുടങ്ങാനുള്ള വലിയ പ്രചോദനം നല്‍കിയാണ് പരിപാടി സമാപിച്ചത്.