[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”16px”]
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് പ്രത്യേക അധികാരം നൽകി യു.എ.പി.എ നിയമ ഭേദഗതി ബിൽ കൊണ്ടുവന്ന കേന്ദ്ര ഭരണകൂട നടപടി ദേശീയ പൗരത്വത്തിനും മനുഷ്യാവകാശങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള അഭിപ്രായപ്പെട്ടു. ഭീകരവാദം അമർച്ച ചെയ്യാനെന്ന പേരിൽ ദേശീയ അന്വേഷണ ഏജൻസിക്ക് അമിതാധികാരം നൽകുന്നതിലൂടെ പൗരന്റെ മൗലികാവകാശങ്ങൾ റദ്ദ് ചെയ്യപ്പെടുകയാണ്. ഭരണകൂടം നോട്ടമിടുന്ന ഏത് വ്യക്തികളെയും ഭീകരവാദിയാക്കാനും അവരെ അകാരണമായും അനന്തമായും ജയിലിലടക്കാനും ഈ നിയമ ഭേദഗതി ബില്ലിലൂടെ സാധിക്കും. ഒരു മണിക്കൂറിനുള്ളിൽ പ്രതിപക്ഷ വിമർശനങ്ങളെയൊന്നും പരിഗണിക്കാതെ ഏട്ടു നിയമ ഭേദഗതി ബില്ലുകൾ അവതരിപ്പിച്ച കേന്ദ്ര ഭരണകൂടം അതിന്റെ ഫാഷിസ്റ്റ് പ്രയോഗമാണ് മറയില്ലാതെ നടപ്പാക്കുന്നത്. വിയോജിപ്പുകളെയും വിമതശബ്ദങ്ങളെയും പരിഗണിക്കില്ലെന്ന സംഘ്പരിവാർ ഫാഷിസ്റ്റ് രീതിയാണ് യു.എ.പി.എ നിയമ ഭേദഗതി ബിൽ അവതരണത്തിലൂടെ കേന്ദ്ര ഭരണകൂടം പ്രകടിപ്പിച്ചത്. യു.എ.പി.എ ഉൾപ്പെടെയുള്ള എല്ലാ ഭീകര നിയമങ്ങളും അതിന്റെ നിർമാണ ഘടനയിൽ തന്നെ ജനവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്.നിയമത്തിന്റെ എല്ലാ നൈതികതക്കും എതിരുകൂടിയാണ് യു.എ.പി.എ. 1967ൽ പ്രാബല്യത്തിൽ വന്ന യു.എ.പി.എ നിരവധി തവണ ഭേദഗതി ചെയ്യപ്പെട്ടാണ് കൂടുതൽ വന്യപ്രകൃതത്തോടു കൂടി നിലനിൽക്കുന്നത്. അതാകട്ടെ ഇന്ത്യക്കകത്തുള്ള ഇസ്‌ലാമോഫോബിയക്കും മുസ് ലിംവിരുദ്ധതക്കും കൂടുതൽ കരുത്തു പകരുകയാണ് ചെയ്യുക. വിവേചനരഹിതമായി നടപ്പാക്കുക എന്നതിനപ്പുറം യു.എ.പി.എ എടുത്തു നീക്കുക എന്ന മുദ്രാവാക്യമാണ് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ഉന്നയിക്കേണ്ടത്. ഈ പ്രമേയത്തിലൂന്നിക്കൊണ്ടുള്ള ശക്തമായ പ്രക്ഷോഭങ്ങളും ജനകീയ പ്രതിരോധങ്ങളും ഉയർന്നു വരണമെന്നും നഹാസ് മാള പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]