ന്യൂനപക്ഷ വകുപ്പിന്റെ കീഴിലുള്ള സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് സോളിഡാരിറ്റി സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു. അനുപാതം റദ്ദാക്കിയ വിധി ഭരണഘടനാ വിരുദ്ധവും മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങളെ ഹനിക്കുന്നതുമാണ്. മുസ്‍ലിം സമുദായത്തിന്‍റെ പിന്നാക്കാവസ്ഥ പഠിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ പാലൊളി കമ്മിറ്റിയുടെ ശിപാര്‍ശപ്രകാരമാണ് 2008ല്‍ മുസ്‌ലിം സമുദായത്തിന് മാത്രമായി പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വേണ്ടി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. പ്രസ്തുത ഉത്തരവ് എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ ബാധകമാക്കണമെന്ന് വിധിച്ചുകൊണ്ടാണ് ഉത്തരവിനെ ജസ്റ്റിസ് എസ്.മണികുമാര്‍, ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയത്. കേരളത്തില്‍ നടപ്പാക്കിയ സ്കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികളില്‍ മുഴുവന്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്കും നല്‍കണമെന്നുള്ള വിധി ഭരണഘടനാ വിരുദ്ധവും ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണെന്ന് ഹരജിയില്‍ പറയുന്നു. അഡ്വ അമീന്‍ ഹസ്സന്‍, അഡ്വ ജെയ്മോന്‍ ആണ്‍ഡ്രൂസ് എന്നിവര്‍ മുഖേനയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.