
ഇക്കഴിഞ്ഞ ഏപ്രില്‍ 27നാണ് മംഗലാപുരത്തിനടുത്തുള്ള കുഡുപു ഗ്രാമത്തില്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപം അഷ്‌റഫ് എന്ന മലയാളി യുവാവ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. റെയില്‍വേസ്റ്റേഷനുകളില്‍ നിന്നും ബസ്റ്റാന്റുകളില്‍ നിന്നും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ശേഖരിച്ച് വില്‍പ്പന നടത്തി ഉപജീവനം കണ്ടെത്തിയിരുന്ന അഷ്റഫിനെ, ഒരു പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യം വിളിച്ചു എന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തിന് ശേഷം ഹിന്ദുത്വ ശക്തികളുടെ നേതൃത്വത്തില്‍ രാജ്യമൊട്ടുക്കും നടത്തപ്പെട്ടിട്ടുള്ള പൗരാവകാശ ലംഘനങ്ങളുടെയും ആള്‍ക്കൂട്ട ഹിംസകളുടെയും വിദ്വേഷപ്രസംഗങ്ങളുടെയും തുടര്‍ച്ചയായിരുന്നു അഷ്‌റഫിന്റെ കൊലപാതകവും.
ദക്ഷിണ കർണാടകയിലെ പ്രാദേശിക രാഷ്ട്രീയ പാർട്ടികളും സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് അടക്കമുള്ള മറ്റു മനുഷ്യാവകാശ സംഘടനകളും ഒന്നിച്ച് നിന്ന് പൊരുതിയതിന്റെ ഫലമായി പ്രതികൾ അറസ്റ്റിലായി. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പോലീസുകാർ സസ്‌പെൻഷനിലായി. സർക്കാറും മന്ത്രിമാരും ചില സമാശ്വാസങ്ങൾ പ്രഖ്യാപിച്ചു. ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ സാമൂഹിക- മനുഷ്യാവകാശ സംഘടനകൾ ഇടപെടേണ്ടതെങ്ങനെ എന്നതിന് ഒരു മാർഗരേഖയാവുന്ന തരത്തിൽ തന്നെ ഈ കേസിൽ നീതി ഉറപ്പ് വരുത്താൻ സാധിക്കും എന്ന പ്രതീക്ഷ നിലനിർത്തിക്കൊണ്ട് തന്നെയാണ് ഇപ്പോൾ എഴുതുന്നതും.

ദക്ഷിണ കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ ആഴത്തില്‍ വേരൂന്നിയ, എല്ലായ്‌പ്പോഴും ഹിംസാത്മക സ്വഭാവം കൈവരിക്കാന്‍ സാധ്യതയുള്ള തീവൃഹിന്ദുത്വ സാമൂഹിക ബോധത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് അഷ്‌റഫിന്റെ കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ടു നടന്നിട്ടുള്ള വസ്തുതാന്വേഷണ റിപ്പോര്‍ട്ടുകള്‍ ‘പാക്കിസ്താന്‍ അനുകൂല മുദ്രാവാക്യത്തിന്റെ’ സാന്നിധ്യത്തെ തള്ളിക്കളയുകയും അഷ്‌റഫിന്റെ മലയാളി-മുസ്‌ലിം ഐഡന്റിറ്റിയാണ് ആള്‍ക്കുട്ട അക്രമണത്തിന്റെ പെട്ടെന്നുള്ള പ്രേരണയെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
മംഗലാപുരം കേന്ദ്രമായുള്ള ദക്ഷിണ കര്‍ണാടകയിലെ തീരദേശ മേഘലയുടെ സാമൂഹിക ഘടനയെ തന്നെ രൂപപ്പെടുത്തുകയും ചലിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഹിന്ദുത്വ വിജിലന്റ് ഗ്രൂപ്പുകളുടെ ചരിത്രപശ്ചാത്തലം പരിശോധിക്കുമ്പോള്‍, 19ാം നൂറ്റാണ്ടുമുതല്‍ക്കേ തന്നെ രാജ്യത്ത് രൂപപ്പെട്ടുവന്നിട്ടുള്ള രാഷ്ട്രീയ ഹിന്ദുത്വയുമായി അത് ബന്ധപ്പെട്ടു കിടക്കുന്നതായി കാണാം. RSS പോലുള്ള തീവ്ര വലതുപക്ഷ ഹിന്ദുത്വ സംഘടനകളുടെ വാഗ്ദത്ത ഭൂമിയായി ദക്ഷിണ കന്നട പ്രദേശം മാറുന്നതിന് ചരിത്രകാരന്മാര്‍ മുന്നോട്ടുവെക്കുന്ന കാരണം സവർണ സമുദായങ്ങളുടെ ചരിത്രപരമായ സ്വാധീനവും അവരുടെ ആത്മീയ സാമൂഹിക വ്യവസ്ഥകളുമാണ്. ഈ സവര്‍ണ-സാമുദായിക സ്വഭാവത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ദക്ഷിണേന്ത്യയിലേക്ക് സംഘടനയെ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആദ്യകാലങ്ങളില്‍ തന്നെ RSS ഉം ഹെഡ്‌ഗേവാറും നടത്തിയിരുന്നു. 1933 ല്‍ മംഗലാപുരത്തിന് 70 കിലോമീറ്റര്‍ അകലെയുള്ള മുന്ഡാജെ ഗ്രാമത്തില്‍ വെച്ച് നടത്തപ്പെട്ട അഖില ഭാരതീയ ഹിന്ദുസഭയുടെ ആദ്യത്തെ പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത കേസരിയുടെ പത്രാധിപര്‍ ആര്‍.ജി ഭീടെ (R.G Bhide) നടത്തിയ പ്രസംഗം കോസ്റ്റല്‍ പ്രദേശങ്ങളുടെ ഹിന്ദുത്വവത്കരണത്തിന് അടിത്തറ ഒരുക്കിയതായി നിരീക്ഷിക്കപ്പെടുന്നു. ഇപ്പോഴും പ്രദേശത്തെ സംഘപരിവാര്‍ നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങളില്‍ ഭീടെയുടെ വാക്കുകള്‍ പ്രതിഫലിക്കുന്നതായി കാണാം.
1990കൾക്ക് ശേഷം, രാഷ്ട്രീയ-സാമൂഹിക സംഘാടന രൂപം (Organizational form) എന്നതില്‍ നിന്നും മാറി സിവില്‍ സൊസൈറ്റിയുടെ സ്വഭാവത്തെ തന്നെ നിര്‍ണയിക്കുന്ന ധാര്‍മിക ചട്ടക്കൂടായി (Moral framework) ഹിന്ദുത്വ ഈ പ്രദേശത്ത് മാറിയതായി കാണാം. ഗോരക്ഷ, നാട്ടാചാരങ്ങള്‍, ഹിന്ദു യുവതീ-യുവാക്കളുടെ സദാചാരം തുടങ്ങിയവ സംരക്ഷിക്കേണ്ടുന്ന ബാധ്യത സ്വയം ഏറ്റെടുത്തുകൊണ്ട് അതിന് ‘ഭീഷണി’ ഉയര്‍ത്തുന്ന എല്ലാത്തിനെയും ഹിംസാത്മകമായി നേരിടുന്ന ക്രിമിനല്‍ സംഘങ്ങളായി ബജ്‌റംഗ് ദല്‍, ശ്രീരാം സേന തുടങ്ങിയ സംഘടനകളുടെ വളർച്ച അടയാളപ്പെടുത്തുന്ന കാലമാണിത്.

സ്ത്രീകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരായി ദക്ഷിണ കര്‍ണാടകയില്‍ നടന്നുകൊണ്ടിരുന്ന സാംസ്‌കാരിക-വര്‍ഗീയ പോലീസിംഗിനെ കുറിച്ചുള്ള വസ്തുതാന്വേഷണത്തില്‍ ഹിന്ദുത്വ വിജിലന്റ് ഗ്രൂപ്പുകള്‍, ബസ് തൊഴിലാളികള്‍, ടൈം കീപ്പര്‍മാര്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തി ആണ്‍-പെണ്‍ ബന്ധങ്ങളെ നിരീക്ഷണവിധേയമാക്കുന്നതിനെ കുറിച്ചും അതിലൂടെ ആളുകളെ കൈയേറ്റം ചെയ്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുന്നതിനെ കുറിച്ചും വിശദീകരിക്കുന്നുണ്ട്. പൗരസമൂഹത്തില്‍ ആഴത്തില്‍ വേരുറപ്പിച്ചുകൊണ്ടുള്ള ഇത്തരം സര്‍വ്വയലന്‍സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് ഹിന്ദുത്വ ശക്തികള്‍ തങ്ങളുടെ വംശീയ-വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
കക്ഷി രാഷ്ട്രീയ സമവാക്യങ്ങള്‍ക്കതീധമായി നിലനില്‍ക്കുന്ന സാമൂഹിക ബോധമാണ് ദക്ഷിണ കര്‍ണാടകയില്‍ ഹിന്ദുത്വ എന്നത് അഷ്‌റഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കർണാടക പോലീസിൻ്റേയും സർക്കാറിൻ്റെയും ആദ്യഘട്ടങ്ങളിലെ സമീപനങ്ങളിൽ നിന്ന് മനസ്സിലാക്കാം. ഹിന്ദുത്വ ആൾക്കൂട്ടം കൊന്ന് റോഡിൽ തള്ളിയ മൃതശരീരം രണ്ട് മണിക്കൂറിലധികമാണ് അവിടെ കിടന്നത്. കേസിൽ എഫ്.ഐ.ആർ തയ്യാറാക്കി നടപടികൾ എടുക്കുന്നതിന് പകരം അഷ്റഫിന് എതിരായ കള്ള പരാതി സ്വീകരിക്കുന്നതിനും, സത്യം പുറത്ത് കൊണ്ട് വരാൻ ശ്രമിച്ച മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്താനുമാണ് പോലീസ് ശ്രമിച്ചത്. സംഭവത്തെ കുറിച്ചുള്ള ആദ്യ പരാതിയില്‍ അഷ്‌റഫ് പാക്കിസ്ഥാൻ മുദ്രാവാക്യം വിളിച്ചുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ ആദ്യ പ്രസ്താവനയില്‍ കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വറും ഇതേ വാദമാണ് മുന്നോട്ട് വെച്ചത്. പിന്നീട് അത് തന്റെ പ്രസ്താവനയല്ലെന്ന് പറഞ്ഞു മന്ത്രി കൈകഴുകുകയാണുണ്ടായത്. ശക്തമായ സമരങ്ങളും വസ്തുതാന്വേഷണ റിപ്പോർട്ടുമടക്കം പുറത്ത് വന്നതോടെയാണ് കർണാടക സർക്കാർ കാര്യക്ഷമമായ ഇടപെടലുകൾ സ്വീകരിച്ച് തുടങ്ങിയതെന്ന് കാണാം.
ദക്ഷിണ കര്‍ണാടകയുടെ സാമൂഹിക-രാഷ്ട്രീയ ഭൂമികയില്‍ ആഴത്തില്‍ പതിഞ്ഞുകിടക്കുന്ന ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മറ്റൊരു പ്രതിഫലനമായിരുന്നു ആ പ്രദേശത്തോട് ചേര്‍ന്നുനില്‍ക്കുന്ന കാസര്‍കോട് ചൂരിയില്‍ റിയാസ് മൗലവി എന്ന മദ്രസാ അധ്യാപകന്‍ 2017 മാര്‍ച്ച് 20ന് അര്‍ധരാത്രിയില്‍ പള്ളിയില്‍ ഉറങ്ങിക്കിടക്കേ കൊല്ലപ്പെടുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പിടികൂടിയ ആര്‍.എസ്.എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് റിയാസ് മൗലവിയുമായി യാതൊരുവിധ മുന്‍പരിചയവുമുണ്ടായിരുന്നില്ല. പള്ളിക്കകത്ത് തങ്ങളുടെ കൊലക്കത്തിക്ക് ഇരയാക്കാന്‍ പറ്റിയ ആരെങ്കിലും ഉണ്ടായിരിക്കും എന്ന വിശ്വാസത്തിലാണ് അവര്‍ അതിക്രമിച്ച് കടക്കുകയും റിയാസ് മൗലവിയെ കൊലപ്പെടുത്തുകയും ചെയ്യുന്നത്. എന്നാല്‍, 2024 മാര്‍ച്ച് 30ന് കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി മൂന്ന് പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. കാസര്‍കോട് ആര്‍.എസ്.എസ്-ബി.ജെ.പി കൂട്ടുകെട്ടില്‍ നടന്നിട്ടുള്ള എല്ലാ രാഷ്ട്രീയ-വര്‍ഗ്ഗീയ ഹിംസകളും ആസൂത്രണം ചെയ്യപ്പെടുന്നത് മംഗലാപുരം കേന്ദ്രീകരിച്ചാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിട്ടും അവിടങ്ങളിലെ ഹിന്ദുത്വ രാഷ്ട്രീയ കണ്‍സോളിഡേഷന്‍ എങ്ങനെയാണ് കേരളത്തിന്റെ അതിര്‍ത്തി ജില്ലയില്‍ സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് തിരികൊളുത്തുന്നത് എന്ന് അന്വേഷിക്കാന്‍ കേരളത്തിലെ സര്‍ക്കാർ മെഷിനറികൾ ശ്രമിച്ചിട്ടില്ല.

രാഷ്ട്രീയ ഹിന്ദുത്വ കേന്ദ്രീകൃതമായ സാമൂഹിക ഘടനയെ രൂപപ്പെടുത്തിയെടുക്കാനുള്ള സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ ഏറ്റവും ഫലവത്തായ ആയുധമാണ് മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളും പ്രചാരണങ്ങളുമെന്നതാണ് ദക്ഷിണ കര്‍ണാടകയുടെ സാമൂഹിക-രാഷ്ട്രീയ ചരിത്രം പഠിപ്പിക്കുന്നത്. വിഭവങ്ങള്‍ക്കുമേല്‍ മുസ്ലിം സമുദായം കുത്തകാവകാശം സ്ഥാപിച്ചിരിക്കുകയാണെന്നും, തങ്ങളുടെ ആത്മാഭിമാനം തിരിച്ചുപിടിക്കാനായി ഓരോ ഹിന്ദുവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കാവല്‍ഭടന്മാരായി മാറണമെന്നുമുള്ള ആര്‍.ജി ഭീഡെയുടെ ആഹ്വാനത്തിന്റെ പിന്തുടര്‍ച്ചയായാണ് ദക്ഷിണ കന്നട പ്രദേശത്ത് ഹിന്ദുത്വ വിജിലന്റ് ഗ്രൂപ്പുകള്‍ വേരുറപ്പിച്ചത്. കേരളത്തിലെ മുസ്ലിം സമുദായം അനര്‍ഹമായി വിഭവങ്ങള്‍ കൈവശപ്പെടുത്തുന്നുവെന്നും, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഹിന്ദുക്കൾ അപമാനിതരായി ജീവിക്കുന്നുമുള്ള വെള്ളാപ്പള്ളി നടേശന്റെയും പി.സി ജോര്‍ജിന്റെയും പരാമര്‍ശങ്ങളെയും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കേരളത്തിലെ രാഷ്ട്രീയ ഹിന്ദുത്വയുടെ പ്രയോക്താക്കളും ഗുണഭോക്താക്കളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയ-വിദ്വേഷ പ്രചാരണങ്ങളെ കേരളീയ പൊതുസമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് നിഷ്‌കളങ്കമായി കരുതാന്‍ കഴിയില്ല. മറിച്ച് അത്തരം പ്രസ്താവനകള്‍ കേരളത്തിലെ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സൂക്ഷ്മചലനങ്ങളെ തിരിച്ചറിയാനും വിശകലനവിധേയമാക്കാനും നമുക്ക് കഴിയേണ്ടതുണ്ട്.
(സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)