Articles

ലോകഭാവനകൾക്ക് വിള്ളൽ വീഴ്ത്തുന്ന ചോദ്യങ്ങളാണ് ഗസ്സ

ഗസ്സക്കാരനായ ഖലീല്‍ അബൂയഹ്യയുടെ സന്ദേശം ഇങ്ങനെയായിരുന്നു. ”ഞങ്ങള്‍ക്ക് ഓടിപ്പോകാന്‍ കഴിയില്ല.
എവിടെപ്പോയാലും കൊല്ലപ്പെടും അതിനാല്‍ അതിജീവനമെന്ന അത്ഭുതത്തിനു വേണ്ടി ക്ഷമയോടെ ഞങ്ങള്‍ ചെറുത്തുനില്‍ക്കും”.
ഗസ്സയുടെ ന്യൂട്ടന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഹുസാം അല്‍ അത്തര്‍ പറയുന്നു: ”ഞങ്ങള്‍ ഇരുട്ടിലും ദുരിതത്തിലുമാണ് കഴിയുന്നത് മിസൈലുകള്‍ ഞങ്ങളുടെ മേല്‍ പതിക്കുന്നു അതിനാല്‍ ഞാന്‍ വെളിച്ചം സൃഷ്ടിക്കാന്‍ ആലോചിച്ചു വെളിച്ചത്തിലൂടെ ചുറ്റുമുള്ള ഇരുട്ടിനെ ഞങ്ങള്‍ കീറിമുറിക്കും”.
ഗസക്കാരനായ ഖത്വീബ് മഹ്മൂദ് അല്‍ ഹസനാത്തിന്റെ അനുഭവ വിവരണങ്ങള്‍ ഗസ്സയെ കുറിച്ച് ശരിയായ ചിത്രം നമുക്ക് എത്തിച്ചു തരും. ഗസ്സക്കാരില്‍ ഭൂരിപക്ഷവും ഖുര്‍ആന്‍ മനപ്പാഠമാക്കിയവരാണ്. ക്ഷമയും ചിന്താശീലവും കൂടുതലുള്ള മനുഷ്യര്‍. വിശന്ന് പൊരിഞ്ഞ് അല്‍പം ഭക്ഷണം ലഭിക്കുമ്പോള്‍ പോലും മര്യാദ വിട്ട് പെരുമാറാത്തവര്‍. ഭക്ഷണം കിട്ടിയ കുട്ടികളില്‍ നിന്ന് ലഭിക്കാത്ത ഒരു കുട്ടിയും ചോദിച്ചു വാങ്ങാത്ത ഉയര്‍ന്ന ഔന്നിത്യം പ്രകടമാക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍. വര്‍ഷങ്ങളായി ടണല്‍ കുഴിച്ച്  ശരീരം വളഞ്ഞുപോയ നിരവധി ചെറുപ്പക്കാര്‍. വെള്ളമില്ലാത്തത് കാരണം തലമുണ്ഡനം ചെയ്ത ആയിരക്കണക്കിന് സ്ത്രീകള്‍. കാലിത്തീറ്റ ഭക്ഷണമായി കഴിക്കുന്ന കുഞ്ഞുങ്ങള്‍. തകര്‍ന്ന പള്ളികളിലും മുടങ്ങാതെ നമസ്‌കാരം നിര്‍വഹിക്കുന്നവര്‍. ഖുര്‍ആന്‍ കൊണ്ട്  മാരക മുറിവുകളുടെ വേദന മറക്കുന്നവര്‍. ഇങ്ങനെ ഒട്ടനവധി അത്ഭുതങ്ങള്‍ എല്ലാം ഒരുമിച്ച് സംഗമിച്ച ഭൂമിയാണ് ഗസ്സ.
സയണിസ്റ്റുകളും ഫാഷിസ്റ്റുകളും തങ്ങളുടെ വംശീയ അജണ്ടകള്‍ പൂര്‍ത്തീകരിക്കാന്‍ ഉപയോഗിക്കുന്ന വഴികളില്‍ സമാനതകള്‍ ഏറെയാണ്. പൗരത്വം നിഷേധിക്കല്‍, അപര ജനതയുടെ സാംസ്‌കാരികമായ മേധാവിത്വങ്ങളെ തുടച്ചുനീക്കല്‍, അവരുടെ പൈതൃകങ്ങളെയും പാരമ്പര്യത്തെയും മാറ്റി സ്ഥാപിക്കല്‍, (പേരുമാറ്റം, സ്ഥല നാമങ്ങള്‍ മാറ്റുക തുടങ്ങിയവ…) ബുള്‍ഡോസിംഗ്  എന്നിവയിലൂടെയാണ് തങ്ങളുടെ പ്രതിയോഗികളെ നേരിടുന്നത്. ഇന്ത്യയില്‍ സംഘ്പരിവാര്‍ സമീപകാലത്ത് സ്വീകരിച്ച രീതികള്‍ 1948 മുതല്‍ ഇസ്രായേല്‍ അനുവര്‍ത്തിച്ചു പോരുന്ന ശൈലികളാണ്. ഫലസ്തീനികളെ മുഴുവനായും ഉന്മൂലനം ചെയ്യാനും ഖുദ്‌സ് തകര്‍ക്കാനുമുള്ള ഇസ്രായേല്‍ പദ്ധതികള്‍ക്കെതിരെ ചെറുതും വലുതുമായ ധാരാളം പ്രതിരോധങ്ങള്‍ ഫലസ്തീനികള്‍ സ്വീകരിച്ചിട്ടുണ്ട്. ഒക്ടോബര്‍ 7ന് ഹമാസ് നടത്തിയ ചെറുത്തുനില്‍പ്പ് പല കാരണങ്ങളാല്‍ ഇസ്രായേലിനെ വലിയ ക്ഷതം ഉണ്ടാക്കിയ നീക്കമായിരുന്നു. അതില്‍ ഏറ്റവും പ്രധാനമായത് ലോക ആഖ്യാനങ്ങളില്‍ ഉണ്ടായ മാറ്റമായിരുന്നു. ഹമാസ് ഏറ്റുമുട്ടുന്നത് ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം ക്രൂരന്മാരും വംശവെറിയന്മാരുമായ സൈന്യത്തോടാണ്. നേതാക്കളും അനുയായികളും ഒരുപോലെ പ്രതിരോധത്തിന്റെ പാഠം ഉള്‍ക്കൊണ്ട ജന്മനാ തന്നെ പ്രതിരോധം സ്വായത്തമാക്കിയ ഒരു സമൂഹത്തെ ഇസ്രായേലിന് അതിജയിക്കാന്‍ എങ്ങനെ സാധിക്കും. ഈ ചെറുത്തുനില്‍പ്പിലൂടെ നേടിയ നേട്ടങ്ങളെ വിലയിരുത്തുന്നത് മൂന്ന് രീതികളിലൂടെയാണ്. ഒന്ന്: ഹമാസിന്റെ ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും വളര്‍ച്ച. അധിനിവേശത്തിന്റെ കടന്നുകയറ്റത്തെ ചെറുത്തു തോല്‍പ്പിക്കുന്നിടത്ത് ശക്തമായ നാശനഷ്ടങ്ങളാണ് ശത്രു സൈന്യത്തിന് ഖസ്സാം പോരാളികള്‍ വരുത്തിവെച്ചത്. രണ്ട്: അതിനിവേശരാജ്യത്തിന്റെ മേധാവിത്വം തകര്‍ന്നതില്‍ നേടിയ വിജയം ലോകത്തെ ഏറ്റവും ശക്തമായ സൈനിക സന്നാഹങ്ങളും ഉപഗ്രഹ സംവിധാനങ്ങളും ആയുധ ശക്തിയുമുള്ള രാജ്യത്തിന് സ്വന്തം പൗരന്മാരായ ബന്ദികളെ കണ്ടെത്തുന്നതിനുള്ള പരാജയം അവരുടെ മേധാവിത്വം ചോദ്യം ചെയ്യപ്പെടുന്നതില്‍ എത്തിച്ചു. മൂന്ന്: ഗസ്സയിലെ ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്താനും അതിലൂടെ അതിജീവനത്തിന് സമയവും സമ്പത്തും ശരീരവും വ്യയം ചെയ്യാന്‍ തയ്യാറാകണം എന്നുള്ള പാഠം ഓരോരുത്തര്‍ക്കും പകര്‍ന്നു നല്‍കാനും സാധിച്ചു.
അധിനിവേശ സഖ്യത്തിന്റെ ആഖ്യാനങ്ങളെ തകര്‍ക്കാനും ഹമാസിനു സാധിച്ചിട്ടുണ്ട്. ലോകമെമ്പാടും നടന്ന തെരുവ് പ്രക്ഷോഭങ്ങളും ബഹിഷ്‌കരണ ആഹ്വാനങ്ങളും തെരുവ് കയ്യടക്കലുമായി ഫലസ്തീന്‍ അനുകൂലബോധം സൃഷ്ടിക്കാന്‍ ഈ ദിനങ്ങളില്‍ സാധിച്ചു. ഗസ്സക്കാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെ നിമിത്തം ഖുര്‍ആന്‍ ആണെന്ന് മനസ്സിലാക്കി ഇസ്ലാം സ്വീകരിക്കാന്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ധാരാളം ആളുകളുണ്ടായി. ഹമാസിന്റെയും ഫലസ്തീന്റെയും ചിഹ്നങ്ങളെ  ഭീകരവല്‍ക്കരിക്കാന്‍ ഉള്ള ശ്രമവും വ്യാപകമായ രീതിയില്‍ ഫലിച്ചില്ല. ഹമാസ് പ്രതിരോധത്തിന്റെ ഭാഗമായി വികസിച്ച ഓരോ രീതിയും ലോകം ഐക്യദാര്‍ഢ്യത്തിന്റെ ചിഹ്നമായി സ്വീകരിച്ചു. തണ്ണിമത്തന്‍, കഫിയ്യ, പ്രതിരോധ പാട്ടുകള്‍, എന്നിവ ഐക്യദാര്‍ഢ്യ ചിഹ്നങ്ങളായി രൂപാന്തരപ്പെട്ടു. സ്ട്രീറ്റിലും, UNO യിലും, ഫുട്‌ബോള്‍ മൈതാനത്തും, മസ്ജിദുകളിലും ഈ രൂപങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഗസ്സയിലെ ആറു മാസത്തോളമായ ചെറുത്തുനില്‍പ്പില്‍ നാല്‍പതോളം ഹോസ്പിറ്റലുകള്‍, നൂറോളം മസ്ജിദുകള്‍, നിരവധി ഭവനങ്ങള്‍ തകര്‍ക്കപ്പെട്ടു. നാല്‍പ്പതിനായിരത്തോളം പേര്‍ രക്തസാക്ഷികളായി. നൂറിലധികം വളണ്ടിയര്‍മാര്‍ കൊല്ലപ്പെട്ടു നാല്‍പ്പതിലധികം പത്രപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ദുരിതങ്ങളും പട്ടിണികളും വ്യാപകമായി. എന്നിരുന്നാലും ജൂതഭീകര രാഷ്ട്രത്തിന് ലക്ഷ്യത്തിലെത്താന്‍ സാധിച്ചില്ല. വളരെയധികം നാശനഷ്ടങ്ങള്‍ ഏല്‍ക്കുകയും ചെയ്തു. ലോകമെമ്പാടുമുള്ള പ്രതിഷേധങ്ങളും ബഹിഷ്‌കരണങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു.
നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി എഴുന്നേറ്റു നില്‍ക്കുന്ന ഏതൊരു ജനതയും സമാനതകളില്ലാത്ത ഊര്‍ജ്ജമാണ് ഗസ്സ കൈമാറുന്നത്. അവരില്‍ നിന്ന്  പ്രവഹിക്കുന്ന കരുത്ത്  നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് ഇന്ധനമാണ്. ഏകാധിപത്യത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ഏത് പടയൊരുക്കത്തിനും വിള്ളല്‍ വീഴ്ത്തുന്ന നിരവധി തീഷ്ണമായ ചോദ്യങ്ങളാണ് ഗസ്സയില്‍ നിന്ന് ഉയര്‍ന്ന് കൊണ്ടിരിക്കുന്നത്.

ശിഹാബ് പൂക്കോട്ടൂർ
സെക്രട്ടറി, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള 

Latest Updates