Articles

വംശഹത്യകളുടെ ബ്രാഹ്മണ്യം

ഇന്ത്യയില്‍ ബാബരി മസ്ജിദ് എന്ന തകര്‍ക്കപ്പെട്ട പള്ളി ഇന്നൊരു പ്രതീകമായി തീര്‍ന്നിരിക്കുന്നു. പള്ളി തകര്‍ത്ത് രാമക്ഷേത്രം നിര്‍മിച്ചത് ഇവിടുത്തെ ബ്രാഹ്മണ ആധിപത്യത്തിന്റെ ചോരുന്ന ശക്തി വീണ്ടെടുക്കാനുള്ള ശ്രമമായിട്ട് കാണാം. ബ്രാഹ്മണ ഇന്ത്യക്ക് വേണ്ടി, രാമ രാജ്യത്തിന് വേണ്ടി തകര്‍ക്കപ്പെട്ട പള്ളി കൂടുതല്‍ ആഴത്തിലേക്ക് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒന്നാണ്. ബ്രാഹ്മണ്യത്തിന്റെ അധിനിവേശത്താല്‍ പല വിധമായ വംശഹത്യകള്‍ക്ക് വിധേയമാക്കപ്പെട്ട ദളിത്, ബഹുജന്‍ വിഭാഗങ്ങളുടെ അനേക പ്രതിരോധങ്ങളുടെ ഫലമായി ബ്രാഹ്മണ്യം അധീശത്വം നിലനിര്‍ത്താന്‍ മറ്റ് കുടിലതകളിലേക്ക് കടന്നിരിക്കുകയാണ്. അതിനാല്‍ തന്നെ മുസ്ലിം വംശഹത്യയെ, അതിനായി നടന്നു കൊണ്ടിരിക്കുന്ന ശ്രമങ്ങളെ, ദളിത്, ബഹുജന്‍ വംശഹത്യകളുടെ തുടര്‍ച്ചയായി കാണേണ്ടതുണ്ട്. മര്‍ദ്ദകര്‍ ഒരിക്കലും ഒരു വിഭാഗത്തെ മാത്രമല്ല ഉന്നം വെച്ചത് എന്നും, ഇന്നത്തെ അപരവത്കരണം വേറൊരു രീതിയില്‍ മുന്നേയും നടന്നിരുന്നുവെന്നും മനസ്സിലാക്കുമ്പോള്‍ ബ്രാഹ്മണ്യമെന്ന മര്‍ദ്ദക പ്രത്യയശാസ്ത്രം എന്നും അധീശത്വം കൊണ്ട് മാത്രം നില നില്‍ക്കുന്ന ഒന്നാണെന്ന് കാണാം. മര്‍ദ്ദകരുടെ ലക്ഷ്യം മര്‍ദ്ദിതരുടെ അടിമത്തം മാത്രമാണെന്നും, മറ്റെല്ലാം നുണകള്‍ മാത്രമെന്നും അറിയാന്‍ കഴിയുന്നു.
വംശഹത്യ എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കുക ഹോളോകോസ്റ്റ് ആണ്. ഇന്ന് നമ്മുടെയെല്ലാം മുന്നില്‍ വെച്ച് നടന്നു കൊണ്ടിരിക്കുന്ന പലസ്റ്റീനിലെ മനുഷ്യരുടെ വംശഹത്യ മര്‍ദ്ദക സമൂഹങ്ങളുടെ നാട്യങ്ങളെ, കുടിലതകളെ ഒന്നടങ്കം ചോദ്യം ചെയ്യുന്ന ഒന്നാണ്. അത്രയും ഭീകരമായ, മനുഷ്യ സമൂഹത്തില്‍ ഒരിക്കലും നടന്നു കൂടാന്‍ പാടില്ലാത്ത, ഈ പ്രക്രിയയെ പേരിട്ട് വിളിക്കാന്‍, അത് നേരിട്ട ഒരാള്‍ക്കല്ലാതെ കഴിയില്ല. വംശഹത്യ എന്ന പദം പരിചയപ്പെടുത്തുന്നത് 1944 ല്‍ റാഫേല്‍ ലെംകിന്‍ എന്ന ജൂത വംശജനായ അഭിഭാഷകന്‍ ആയിരുന്നു. മര്‍ദ്ദകര്‍ വംശഹത്യ നടപ്പിലാക്കുന്നത് മര്‍ദ്ദിതരുടെ ജീവിതങ്ങളുടെ എല്ലാ തുറകള്‍ക്കും മേല്‍ നടത്തുന്ന സമകാലികങ്ങളായ ആക്രമണങ്ങളില്‍ കൂടിയാണ് എന്ന്  ലെംകിന്‍ പറയുന്നു.
രാഷ്ട്രീയവും, സാമൂഹികവും, സാംസ്‌കാരികവും, സാമ്പത്തികവും, ജീവശാസ്ത്രപരവും, ഭൗതികവും, മതവും, ധാര്‍മികതയും തുടങ്ങി മര്‍ദ്ദിത സമൂഹത്തിന്റെ എല്ലാ തുറകളിലുമുള്ള അസ്തിത്വം ഇല്ലാതാക്കാന്‍ മര്‍ദ്ദകര്‍ ലക്ഷ്യം വെയ്ക്കുന്നു എന്ന് കാണാം. ഇന്ത്യയില്‍, മര്‍ദ്ദകരായ ബ്രാഹ്മണ്യത്തിന്റെ വംശഹത്യാ പ്രക്രിയയിലൂടെ, അതുമായി ബന്ധപ്പെട്ട പല വിധ അതിക്രമങ്ങളിലൂടെ ഇന്ന് കടന്നു പോയിരിക്കൊണ്ടിരിക്കുന്നത് പ്രധാനമായും ന്യൂനപക്ഷങ്ങളില്‍ ഭൂരിപക്ഷമായ മുസ്ലിം സമുദായമാണ്. അതില്‍ സാംസ്‌കാരിക തലത്തില്‍ ഉള്ള വംശഹത്യാ പ്രക്രിയയുടെ ഭാഗമാണ് ബാബരി മസ്ജിദ്. സാംസ്‌കാരിക വംശഹത്യയില്‍ മര്‍ദ്ദിത സമൂഹത്തിന്റെ സംസ്‌കാരിക സ്ഥാപനങ്ങള്‍ നശിപ്പിക്കപ്പെടുകയോ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തുകയോ ചെയ്യുന്നു.
മുസ്ലിം സാംസ്‌കാരികതയുടെ ഭാഗങ്ങള്‍ ആയ ഓരോന്നും ഇല്ലാതാക്കിയും അങ്ങനെ പറ്റാത്തവയുടെ പേരുകള്‍ മാറ്റിയും എല്ലാം ബ്രാഹ്മണ്യം മുസ്ലിം വംശഹത്യയ്ക്ക് കളമൊരുക്കുന്നു. ഫൈസാബാദ് അയോദ്ധ്യ ആയത് അത്തരം നീക്കത്തോടെയാണ്. ഫൈസാബാദ് ജില്ലയില്‍ അയോദ്ധ്യ എന്ന സ്ഥലം ഉണ്ടെന്നും, അത് രാമന്റെ ജന്മ സ്ഥലമാണെന്നും, അവിടെ രാമക്ഷേത്രം ഉണ്ടായിരുന്നെന്നും, അതേ സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നെന്നും പറഞ്ഞുകൊണ്ട് രഥയാത്ര നടത്തുമ്പോള്‍ അതൊരു വംശഹത്യയുടെ തുടക്കം ആയിരുന്നെന്ന് ഇവിടുത്തെ ഭൂരിപക്ഷ ജനത മനസ്സിലാക്കി കാണില്ല. പുരാണത്തില്‍ പറയുന്ന അയോദ്ധ്യ തന്നെയാണ് ഇതെന്ന് തീര്‍പ്പ് കല്‍പിക്കപ്പെടുകയാണ് ഉണ്ടായത്. പല പേരുകളും ചരിത്രങ്ങളും ഉള്ള ആ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ബാബരി പള്ളി കര്‍സേവകര്‍ നമ്മുടെയെല്ലാം മുന്നിലിട്ട് അടിച്ചു തകര്‍ത്തപ്പോഴും അതൊരു ചരിത്ര ഹിംസയായോ, ഒരു വിഭാഗം ജനതയുടെ അവകാശങ്ങളുടെ കടുത്ത ലംഘനമായോ വലിയൊരു വിഭാഗത്തിന് തോന്നിയിട്ടില്ല. ബലാത്ക്കാരമായി പൂജ നടത്തപ്പെട്ട മസ്ജിദില്‍ സുജൂദ് ചെയ്യാനുള്ള അവകാശം മുസ്ലിംകള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോഴും അവര്‍ കൊടുത്ത ഹരജികള്‍ക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചപ്പോഴുമൊന്നും അത് അധികം പേരെയൊന്നും അസ്വസ്ഥരാക്കിയില്ല. പള്ളി തകര്‍ക്കപ്പെട്ടതിന് ശേഷവും നീതി എന്നത് മുസ്ലിം സമൂഹത്തിന് അന്യമായി തുടര്‍ന്നു. ഇപ്പോഴാകട്ടെ, ‘കാശി, മഥുര ബാകി ഹേ’ എന്ന മുദ്രാവാക്യം നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഗ്യാന്‍വാപി പള്ളിയിലും ബാബരിക്ക് സമാനമായ കാര്യങ്ങള്‍ തന്നെയാണ് അരങ്ങേറുന്നത്. ഗ്യാന്‍വാപിയില്‍ പൂജ നടത്തുന്നു; അതോടൊപ്പം തന്നെ ഇനി മസ്ജിദില്‍ പ്രവേശനം പാടില്ല എന്ന ഹര്‍ജിയും കൊടുക്കുന്നു. ആര്‍ട്ടിക്കിള്‍ 25 ഉദ്ധരിച്ചു കൊണ്ടാണ് പൂജയ്ക്ക് ഉള്ള അവകാശത്തിന് വേണ്ടി വാദിക്കുന്നതെന്നതാണ് അതിലെ വൈരുദ്ധ്യം. ഇതിനെതിരെയുള്ള മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജികള്‍ അലഹാബാദ് കോടതി തള്ളിയെന്നതും ഇവിടെ ശ്രദ്ധേയമാണ്.
രാംജന്മഭൂമിക്ക് ശേഷം, പുരാണത്തില്‍ പ്രതിപാദിക്കുന്ന മഥുരയാണ് ഇന്നത്തെ മഥുര എന്നും അത് കൃഷ്ണന്റെ ജന്മ സ്ഥലമാണ് എന്നുമുള്ള സ്ഥാപനത്തില്‍ തുടങ്ങുന്നു അടുത്ത അക്രമത്തിനുള്ള കരു നീക്കം. മഥുരയിലെ ഷാഹി മസ്ജിദ് കൃഷ്ണജന്മഭൂമിയിലാണ് നില്‍ക്കുന്നത് എന്നതാണ് ഇനിയുള്ള നുണ. കൃഷ്ണന്റെ കഥകള്‍ക്ക്, സ്ഥലങ്ങള്‍ക്ക്, കൂടുതല്‍ ആധികാരികത കൊടുക്കാന്‍, ‘ജനാധിപത്യ, സോഷ്യലിസ്റ്റ്, സെക്കുലര്‍ റിപ്പബ്ലിക്’ എന്നൊക്കെ വിളിക്കപ്പെടുന്ന ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ പൗരാണിക ദ്വാരക തേടി കടലിനടിയില്‍ മുങ്ങുന്നു എന്ന നാടകം അരങ്ങേറുന്നു. കൃഷ്ണന്‍ സ്ഥാപിച്ച നഗരമായി കരുതപ്പെടുന്ന ദ്വാരകയുടെ അവശിഷ്ടങ്ങള്‍ കടലിനടിയില്‍ ആണ് എന്ന വിശ്വാസമാണ് അതിനായി ഉപയോഗിക്കുന്നത്. പ്രത്യേക ദിവ്യത താന്‍ ദ്വാരകയുടെ ദര്‍ശനത്തിലൂടെ നേടിയെന്ന് പറയുന്നതിലൂടെ, അവിടെ നിന്നു ധ്യാനിക്കുന്നതായി കാണിക്കുന്നതിലൂടെ, മയില്‍പ്പീലി വെക്കുന്നതിലൂടെയെല്ലാം രംഗമൊരുങ്ങുന്നത് വിശ്വാസത്തെ ആക്രമണോല്‍സുകമാക്കുന്നതിനാണ്. ടെക്നോളജിയുടെ സഹായത്തോടെ ഒരു ‘Hyper Reality’ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അവിടെ മുങ്ങി തപ്പുന്നത് മുസ്ലിംങ്ങളുടെ ഖബറിടമൊരുക്കാനുള്ള കല്ലുകള്‍ക്ക് വേണ്ടിയാണ്. അതോടൊപ്പം തന്നെ വര്‍ണബാഹ്യരായ ദളിത്, ബഹുജനങ്ങളുടെ അടിമത്തം കൂടുതല്‍ ഉറപ്പിക്കുന്നതിനായുള്ള ഹൈന്ദവീകരണം ശക്തിപ്പെടുത്താനും ഇത് കൊണ്ട് സാധിക്കുന്നു.
ബാബരി മസ്ജിദ് പൊളിക്കുന്നത് മണ്ഡലാനന്തര കാലത്താണ്. പിന്നോക്ക വിഭാഗങ്ങള്‍ക്ക് കിട്ടുന്ന അവകാശങ്ങള്‍ ഒരു ജാതി ഹിന്ദുവിനെ സ്വയം തീകൊളുത്തി പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചത്, ഹിന്ദു എന്നാല്‍ സവര്‍ണര്‍ മാത്രമാണ് എന്നത് വെളിവാക്കുന്നു. വര്‍ണബാഹ്യരുടെ അവകാശങ്ങള്‍ ഹിന്ദുവിന്റെ അവകാശങ്ങള്‍ അല്ല. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പിന്നോക്ക വിഭാഗങ്ങള്‍ക്ക് ബോധ്യം വന്നതോടെ സവര്‍ണ മേധാവിത്വം ഹിന്ദുവിന് എതിരായി അപ
രനെ സൃഷ്ടിച്ച് പുതിയ തന്ത്രങ്ങള്‍ മെനയുകയാണുണ്ടായത്.
അത് കൊണ്ട് തന്നെ, മുസ്ലിംങ്ങളുടെ വംശഹത്യാ പ്രക്രിയ രണ്ട് രീതിയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. മുസ്ലിം ജനതയുടെ സംസ്‌കാരങ്ങള്‍
തകര്‍ക്കുന്നതിനൊപ്പം, അതിന്‍മേല്‍ വ്യാജ നിര്‍മിതിയായ ഹിന്ദു എന്ന അയ്യായിരം കൊല്ലത്തെ സാംസ്‌കാരിക പൈതൃകം നുണകളിലൂടെ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമുണ്ട്. ഭൂരിപക്ഷം വരുന്ന ജനതകളെ ഇല്ലാത്ത ഒരു ‘Glorious Past’ ല്‍ വിശ്വസിപ്പിച്ചു കൊണ്ട് തങ്ങള്‍ക്ക് കീഴില്‍ അടിമകളാക്കി നിരത്തുകയാണ് ഇതിലൂടെ ബ്രാഹ്മണ്യം ചെയ്യുന്നത്. ഇവ രണ്ടും പരസ്പര പൂരകങ്ങള്‍ ആയിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ അവയെ ഒറ്റയ്ക്ക് കാണുന്നത് അപൂര്‍ണ്ണതയാണ്. മുസ്ലിം അപരവല്‍ക്കരണത്തിന്‍മേലാണ് ഹിന്ദുവെന്ന വ്യാജ സ്വത്വ നിര്‍മിതി. ഭൂരിപക്ഷം വരുന്ന പിന്നോക്ക സമുദായങ്ങള്‍ ഇസ്ലാമോഫോബിയയില്‍ അഭിരമിക്കുന്നതും ഹിന്ദുവെന്ന അതേ മര്‍ദ്ദക സ്വത്വമണിഞ്ഞാണ്. അതിലൂടെ ബ്രാഹ്മണ്യത്തിന്റെ ശ്രേഷ്ഠതാ മനോഭാവത്തെ ആന്തരികവല്‍ക്കരിച്ചിരിക്കുകയാണ്. തങ്ങള്‍ക്ക് കിട്ടിയ താല്‍ക്കാലിക ഹിന്ദു പ്രിവിലേജ് കൈവശം വെച്ച്, സ്വന്തം ചരിത്രം മറന്നു കൊണ്ട്, മുസ്ലിംങ്ങളെ വെറുപ്പോടെയും അറപ്പോടെയും കാണുകയാണ്. അവരുടെ ചരിത്രം വ്യാജ നിര്‍മിതിയായ ഹിന്ദു പൈതൃകത്തിന്റെയല്ല. അവര്‍ കടന്ന് പോയത് ഇതേ അപരവല്‍ക്കരണത്തിന്റെയും വംശഹത്യകളുടെയും ചരിത്രങ്ങളിലൂടെയാണ്. ബഹുജനമതമായ ബുദ്ധിസത്തെ, മറ്റ് തനത് സാംസ്‌ക്കാരികതകളെയെല്ലാം ഉന്മൂലനം ചെയ്താണ് പലവിധ ആധ്യാത്മികതകള്‍, ആരാധനാ പാരമ്പര്യങ്ങള്‍ ഉണ്ടായിരുന്ന ബഹുജനങ്ങളെ ഹിന്ദു ബ്രാഹ്മണ പാരമ്പര്യത്തില്‍ കൊണ്ട് പോയി തളയ്ക്കുന്നത്. ബുദ്ധിസം എന്നത് ഹിന്ദു മതത്തിന്റെ ഒരു ശാഖ എന്ന നിലയ്ക്കാണ് ബ്രാഹ്മണ്യം വ്യാജമായി അവതരിപ്പിക്കുന്നതും.
ബ്രാഹ്മണ ദൈവങ്ങളില്‍ ഉള്ള വിശ്വാസത്തെ ചൂഷണം ചെയ്താണ് ബ്രാഹ്മണ്യം ഹൈന്ദവീകരിക്കപ്പെട്ട കീഴാളരില്‍ വെറുപ്പുല്‍പ്പാദിപ്പിക്കുന്നത്. കേരളത്തിലും സ്ഥിതി മറിച്ചല്ല. ഇവിടെയും ഇതേ അധിനിവേശങ്ങള്‍ സാധാരണ ക്ഷേത്രങ്ങളില്‍ കാണാം. ഓരോ നാട്ടിലെയും പ്രധാന ക്ഷേത്രങ്ങളില്‍ ഒക്കെ കാണുന്നത് ക്ഷേത്ര സംരക്ഷണ സമിതിയുടെ കാവി കൊടിയാണ്. ക്ഷേത്ര സംരക്ഷണമെന്ന ആഖ്യാനം രൂപപ്പെട്ടിരിക്കുന്നതും അവ മുസ്ലിംകളില്‍ നിന്ന് സംരക്ഷിക്കണം എന്നതിന്മേലാണ്.  ടിപ്പു സുല്‍ത്താന്റെ കാലത്തും മലബാര്‍ സമരത്തിന്റെ സമയത്തും ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു എന്ന മുഖ്യധാരാ ആഖ്യാനമാണ് വലിയൊരു വിഭാഗം വിശ്വസിക്കുന്നത്. ഉത്സവങ്ങള്‍ക്ക് പ്രധാന അതിഥികള്‍ ആയി ഇവര്‍ കൊണ്ട് വരുന്നത് വര്‍ഗീയത പ്രചരിപ്പിക്കുന്ന ശശികലയെപോലുള്ള ആളുകളെയാണ്. ഈ ക്ഷേത്ര സംരക്ഷണ സമിതി രൂപപ്പെടുന്നതും മലബാറില്‍ കോഴിക്കോടാണ്. കടലില്‍ മുങ്ങി തപ്പുന്നതൊക്കെ എത്രത്തോളം മണ്ടത്തരമായി പലര്‍ക്കും തോന്നിയാലും അധീശത്വ പ്രത്യയശാസ്ത്രം എന്ത് മുന്നോട്ട് വെച്ചാലും യാതൊരു തെളിവുകളും ഇല്ലാതെ തന്നെ അവയൊക്കെ അതിന് കീഴിലുള്ളവര്‍  ഏറ്റെടുക്കും എന്നുള്ളതാണ് കാണാനാവുക. മര്‍ദ്ദിത വിഭാഗങ്ങള്‍ ഏതെല്ലാം തെളിവുകള്‍ മുന്നില്‍ വെച്ചാലും, നമ്മുടെ മുന്നില്‍ നടന്നതായി നമ്മള്‍ കണ്ടാല്‍ പോലും അധീശത്വ ആഖ്യാനങ്ങള്‍ക്ക് മാത്രമായിരിക്കും പ്രചാരണം ഉണ്ടാകുന്നതും അംഗീകരിക്കപ്പെടുന്നതും. പലസ്തീന്‍ എന്ന രാജ്യം ഉണ്ടെന്ന് തന്നെ അംഗീകരിക്കാന്‍ മര്‍ദ്ദക ആഖ്യാനങ്ങള്‍ തയ്യാറല്ല എന്നത് തന്നെ ഒരു ഉദാഹരണമാണ്.
കേരളത്തെ ‘മതേതര’മെന്നൊക്കെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ഇസ്ലാമോഫോബിയ എന്നതിനെ പറ്റി കാര്യമായ ചര്‍ച്ചകള്‍ പോലും മുഖ്യധാരയില്‍ നടക്കാത്തൊരിടമാണ് ഇവിടം. ഇവിടെ എന്നും അത്തരത്തിലുള്ള കീഴാള പ്രശ്നങ്ങളെ അദൃശ്യവല്‍ക്കരിച്ചാണ് ചര്‍ച്ചകള്‍ നടക്കാറുള്ളത്. ഇവിടുത്തെ ബഹുജന രാഷ്ട്രീയം അപരവല്‍ക്കരണങ്ങളെ ഒരു പരിധി വരെ തടയിടുന്നുണ്ട് എങ്കിലും കേരളം അതില്‍നിന്ന് മുക്തമല്ല എന്നു മാത്രമല്ല, പലപ്പോഴും ഉത്തരേന്ത്യയെ കവച്ചു വെക്കാറുണ്ട് എന്നതാണ് കാണാന്‍ കഴിയുന്നത്. ഇസ്ലാമോഫോബിയ ഉണ്ടാക്കാന്‍ ബൗദ്ധിക തലത്തിലുള്ള ഇടപെടലുകള്‍ പലതും നടന്നത് കേരളത്തിലാണ്. ‘ലവ് ജിഹാദ്’ എന്ന മര്‍ദ്ദക ആഖ്യാനത്തിന് ഏറ്റവും വേരോട്ടമുണ്ടായത് കേരളത്തിലാണ്. അത് പോലെ തന്നെ ‘നാര്‍കോടിക് ജിഹാദ്’ നമ്മുടെ സംഭാവനയാണ്. ഇസ്ലാമികം, മുസ്ലിം എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഭയം താനേ വരുന്ന സവര്‍ണ, പുരോഗമന ബുദ്ധിജീവികളും ഇവിടെ തന്നെയാണ്. ‘അങ്ങാടിപ്പുറം ക്ഷേത്രത്തിന്റെ വാതില്‍ കത്തിച്ചത് മുസ്ലിം തീവ്രവാദികള്‍ ആണെന്ന’ നുണ യാതൊരു മടിയുമില്ലാതെ പ്രചരിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നു. അതോടൊപ്പം സവര്‍ണ സംവരണം വളരെ പെട്ടെന്ന് നടപ്പിലായതും ഇവിടെ തന്നെ. കൂടാതെ, ഇവിടെ നിലനില്‍ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പല പള്ളികളും ക്ഷേത്രങ്ങള്‍ പൊളിച്ചുണ്ടാക്കിയതാണ് എന്നു വിശ്വസിക്കുന്നവരാണ് ഇവിടുത്തെ വലിയ വിഭാഗം ഹിന്ദുക്കള്‍. ഇവിടെ എന്നും ഹിന്ദു സാംസ്‌കാരികതയാണ് നില നിന്നിരുന്നത് എന്ന വ്യാജ ബോധമാണ് വലിയ വിഭാഗം കീഴാളരും പേറുന്നത്.

തങ്ങള്‍ ഹിന്ദുക്കളുടെ കൃഷ്ണനും രാമനും അംഗീകരിക്കപ്പെടുന്നല്ലോ എന്ന കോള്‍മയിര്‍ ആണ് മര്‍ദ്ദകര്‍ കീഴാളരില്‍ ഇതിന്റെയൊക്കെ ഫലമായി ഉണ്ടാക്കിയെടുത്തത്. യഥാര്‍ത്ഥ മര്‍ദ്ദകരെ കാണാതെ മുസ്ലിംകളാണ് തങ്ങളെ അടിച്ചമര്‍ത്തുന്നതെന്നും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നത് എന്നും മര്‍ദ്ദകയുക്തിയോടെ അവര്‍ വിശ്വസിക്കുന്നു. അവര്‍ വെറുപ്പോടെ കാണുന്ന ജനവിഭാഗം തങ്ങളുടെ സഹോദര സമുദായമാണെന്നു മനസ്സിലാക്കാതെ ബ്രാഹ്മണ്യ അധിനിവേശത്തിന്റെ ചതിക്കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റുകയില്ല. അവിടെ നിന്ന് മാത്രമേ അവരവരെ തന്നെയും കണ്ടെത്താന്‍ കഴിയുകയുള്ളു. അവകാശങ്ങള്‍ക്ക് വേണ്ടിയും സ്വത്വത്തിന് വേണ്ടിയും പോരാടാന്‍ പറ്റുകയുള്ളു. വംശഹത്യാ രാഷ്ട്രീയം പേറുന്ന ബ്രാഹ്മണ്യത്തിന്റെ എല്ലാ ബിംബങ്ങളും അധീശത്വം മാത്രം ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ് എന്ന തിരിച്ചറിവും അതിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ.

ഡോ. ആദർശ എ.കെ

Latest Updates