അഭിമുഖം
തൗഫീഖ് മമ്പാട് / ഷാഹിൻ സി.എസ്
പുതിയ കാലത്തെ സാമൂഹ്യ സാഹചര്യത്തെക്കുറിച്ചും യുവാക്കളുടെ ഇടപെടലുകളെ കുറിച്ചും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് സംസാരിക്കുന്നു.
പുതിയ പ്രവർത്തന കാലയളവിന്റെ ആരംഭത്തിൽ തന്നെ ശ്രദ്ധേയമായ ഇടപെടലുകളും സംവാദങ്ങളും വിവാദങ്ങളുമൊക്കെയായി സോളിഡാരിറ്റി മുന്നോട്ട് പോകുന്ന കാഴ്ചയാണല്ലോ കണ്ടുകൊണ്ടിരിക്കുന്നത്. ഈ പ്രവർത്തനകാലയളവിൽ സോളിഡാരിറ്റി മുൻഗണന നൽകാൻ ഉദ്ദേശിക്കുന്ന മേഖല ഏതാണ്?
അതത് കാലത്തെ സമൂഹിക സാഹചര്യങ്ങളെ സുക്ഷമമായി വിലയിരുത്തിയാണ് സോളിഡാരിറ്റി അതിൻ്റെ മുൻഗണനാക്രമങ്ങൾ തീരുമാനിക്കാറുള്ളത്. ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഹിന്ദുത്വ വംശീയതയാണ്. ഹിന്ദുത്വ വംശീയത അഴിഞ്ഞാടുന്ന രാജ്യത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, ഇന്ത്യയിലെ മുസ്ലിം അതിജീവനത്തിനായി ഹിന്ദുത്വ വംശീയതെക്കെതിരായ പ്രതിരോധ മാർഗങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവുകയുള്ളൂ.വംശീയ ഉന്മൂലനം ലക്ഷ്യം വെച്ച് ഇന്ത്യയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന ഏക പ്രത്യശാസ്ത്രമാണ് ഹിന്ദുത്വം. പട്ടാപ്പകൽ നടുറോട്ടിൽ ഹിന്ദുത്വ ശക്തികൾ മുസ്‌ലികളെ തല്ലിക്കൊല്ലുന്നത് പതിവ് കാഴചയാകുന്നു. കൊലപാതികൾക്കെതിരെ ശിക്ഷാനടപടികൾ ഉണ്ടാകുന്നില്ല. ദിവസങ്ങൾക്ക് മുമ്പ് മലപ്പുറം സ്വദേശിയായ അഷറഫിനെ മംഗലാപുരത്ത് ഹിന്ദുത്വ ശക്തികൾ കൂട്ടം ചേർന്നു തല്ലിക്കൊന്നിരുന്നല്ലോ. അതിലെ പ്രതികളെല്ലാം ജാമ്യം കിട്ടി പുറത്തിറങ്ങിയിരിക്കുന്നു. സൈന്യം, പൊലീസ് തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ച് ആള്‍ക്കൂട്ട അക്രമത്തിന് പിന്തുണയേകുന്നു. മുസ്‌ലിംകളെ ആക്രമിക്കണമെന്ന് സംഘ്പരിവാറിൻ്റെ മന്ത്രിമാരും ജനപ്രതിനിധികളും ആഹ്വാനം ചെയ്യുന്നു. അങ്ങനെ വിദ്വേഷം തുപ്പുന്നവർക്കാകട്ടെ, സ്ഥാനക്കയറ്റം ലഭിച്ചുകൊണ്ടിരിക്കുന്നു. മുസ്ലിം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത് വിൽപ്പനക്ക് വെക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഹിന്ദുത്വ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരുടെ വീടുകളും കച്ചവട സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച് തകർത്തു കളയുന്നു. ആചാരങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകളിൽ ഹിന്ദത്വ ഭീകരർ പള്ളികളും മുസ്ലീങ്ങളുടെ വീടുകളും കടകളും അടിച്ചു തകർക്കുന്നു. പള്ളി തകർക്കലും കയ്യേറ്റവും ബാബരിയിൽ ഒതുങ്ങിയില്ല. പള്ളികൾ ഒന്നൊന്നായി കൈയ്യേറുകയും തകർക്കുകയും ചെയ്യുന്നു. രാജ്യത്ത് ജീവിക്കുന്ന വ്യത്യസ്ത സമുദായങ്ങളുടെ ആരാധനാലയങ്ങൾ സംരക്ഷിക്കപ്പെടുക എന്നത് മൗലികാവകാശമാണ്. അതുപോലും മുസ്ലീങ്ങളുടെ കാര്യത്തിൽ ലംഘിക്കപ്പെടുന്നു. ബാബരിയിൽ കോടതി വന്നതോടെ ഹിന്ദുത്വ ശക്തികളുടെ ഏത് അക്രമത്തിനും കോടതിയുടെ അംഗീകാരമുണ്ടാകുമെന്ന നിലയുണ്ടായി. ഇപ്പോൾ വഖ്ഫിലും കൈവെച്ചിരിക്കുന്നു. പാര്‍ലമെന്റില്‍ പോലും മുസ്‌ലിംവിദ്വേഷ പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാണ്.. ചുരുക്കത്തിൽ ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ചാണ് ഈ വംശീയോന്മൂലന പദ്ധതി നടക്കുന്നത്. ഹിന്ദുത്വ വംശീയതയുടെ ഇരകൾ മുസ്ലിങ്ങൾ മാത്രമല്ല. ഹിന്ദുത്വ ശക്തികൾ ക്രിസ്ത്യാനികൾക്കും ദളിതരടക്കമുള്ള പിന്നോക്ക വിഭാഗങ്ങൾക്കും എതിരെയുള്ള ആക്രമണങ്ങളും അനീതിയും ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാഴ്ച ഇന്ത്യയിൽ നാം കാണുന്നുണ്ട്.
തങ്ങൾക്കെതിരെ അനീതിയും അടിച്ചമർത്തലും വർധിക്കുമ്പോൾ അതിൽ നിരാശരാവുകയും മൗനം പാലിക്കുകയും ചെയ്യുന്ന ഒരു ജനത ലോകത്തെവിടെയും അതിജീവിച്ച ചരിത്രമില്ല. അനീതി നേരിടുമ്പോൾ മൗനം പാലിച്ചാൽ അനീതി ഇല്ലാതാവില്ലെന്നും അനീതി തുടരാനാള്ള വഴി എളുപ്പമാകുക മാത്രമാണ് അതിലൂടെ സംഭവിക്കുക എന്നതും അടിസ്ഥാന സാമൂഹിക പാഠമാണ്.
അതുകൊണ്ടുതന്നെ ഹിന്ദുത്വ വംശീയത ഉല്പാദിപ്പിക്കുന്ന അനീതിയെ സവിശേഷമായി തന്നെ തെരുവിൽ ശക്തമായി സോളിഡാരിറ്റി ചോദ്യം ചെയ്യും. വഖ്ഫ് ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് എയർപോർട്ട് ഉപരോധിച്ചതടക്കമുള്ള സമരങ്ങൾ അതിൻറെ ഭാഗമായിരുന്നു. ഹിന്ദുത്വ വംശീയതക്കെതിരെ സാമൂഹികവും രാഷ്ട്രീയവും നിയമപരവുമായ പ്രതിരോധങ്ങളും ഇടപെടലുകളും പോരാട്ടങ്ങളും കൂടുതൽ മൂർച്ചയോടെ ഉയർത്തിക്കൊണ്ടുവരും. ഹിന്ദുത്വ വംശഹത്യ പദ്ധതിയുടെ ഇന്ധനം ഇസ്ലാമോഫോബിയ ആണ്. എന്നാൽ ഇസ്ലാമോഫോബിയ ഹിന്ദുത്വം മാത്രമല്ല, ഇടതുപക്ഷം അടക്കമുള്ള എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന മുസ്ലിം വിരുദ്ധ വംശീയതയെ തിരിച്ചറിയാനുള്ള വിശകലനോപാധി കൂടിയാണ്. അതുകൊണ്ട്, ഇസ്ലാമോഫോബിയക്കെതിരായ പോരാട്ടത്തിന് തുടർച്ചയുണ്ടാകുമ്പോൾ തന്നെ ഹിന്ദുത്വയോട് സവിശേഷമായി എൻഗേജ് ചെയ്യാൻ മറ്റൊരു വിശകലനോപാധിയും നാം വികസിപ്പിക്കും.

ഇസ്ലാമോഫോബിയയെ കുറിച്ച് താങ്കൾ ഇപ്പോൾ സൂചിപ്പിച്ചല്ലോ. ഇസ്ലാമോഫോബിയക്കെതിരെ കേരളത്തിൽ സുപ്രധാനമായ ഇടപെടലുകൾ നടത്തിയ പ്രസ്ഥാനമാണ് സോളിഡാരിറ്റി. അതിന്റെ തുടർച്ച എങ്ങനെയാണ് ഉദ്ദേശിക്കുന്നത്?
ഇസ്ലാമോഫോബിയ ആഴത്തിൽ വേരൂന്നിയ ഒരു സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്. ഇസ്ലാമുമായും മുസ്ലിങ്ങളുമായും ബന്ധപ്പെട്ടതെല്ലാം സംശയിക്കപ്പെടുകയും പൈശാചിക വൽക്കരിക്കപ്പെടുകയും പ്രാകൃതം, തീവ്രവാദം തുടങ്ങിയ ചാപ്പകളടിക്കപ്പെടുകയും ചെയ്യുന്നത് ദിനവും നാം കണ്ടുകൊണ്ടിരിക്കുന്നു. മുസ്‌ലിംകൾ നിയന്ത്രിക്കപ്പെടേണ്ടവരോ പരിഷ്കരിക്കപ്പെടേണ്ടവരോ ഉന്മൂലനം ചെയ്യപ്പെടേണ്ടവരോ ആണെന്ന ‘പൊതുബോധം’ അതിലൂടെ രൂപപ്പെടുത്തുന്നു.
ഇസ്ലാമോഫോബിക് വ്യവഹാരങ്ങളെ ദുർബലപ്പെടുത്തുന്ന വൈജ്ഞാനിക സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾ സോളിഡാരിറ്റി നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങൾ പുതുതലങ്ങളിലേക്ക് വികസിപ്പിക്കാനണ് തീരുമാനിച്ചിട്ടുള്ളത്. ഇവിടെ നിലനിൽക്കുന്ന ഇസ്ലാമോഫോബിക് ആഖ്യാനങ്ങളെയും വ്യവഹാരങ്ങളെയും പൊതുബോധങ്ങളെയും ചോദ്യം ചെയ്യുകയും ദുർബലപ്പെടുത്തുകയും ചെയ്യുന്ന അക്കാദമിക പ്രവർത്തനങ്ങൾ ആക്ടിവിസത്തിന്റെ മേഖലയിലേക്ക് നിലവിലുള്ളതിനേക്കാൾ കൂടുതലായി വ്യാപിപ്പിക്കും. ഇസ്ലാമോഫോബിയാ പൊതുബോധങ്ങളെ ശക്തമായി പ്രഹരിക്കുകയും അലോസരപ്പെടുത്തുകയും ചെയ്യുന്ന പരിപാടികളും ആശയപരമായ സംവാദങ്ങളും ചർച്ചകളും പൊതുമണ്ഡലത്തിൽ കൂടുതൽ സജീവമാക്കും.
മുസ്ലിം രാഷ്ട്രീയ കർതൃത്വത്തെ നിരാകരിക്കുക എന്നതാണ് ഇസ്ലാമോഫോബിയയുടെ ഒരു മുഖ്യഘടകം. മുസ്‌ലിം കർതൃത്വത്തിലുള്ള സാമൂഹികവും രാഷ്ട്രീയവുമായ പ്രവർത്തനങ്ങൾ എങ്ങനെയാണ് മുദ്രകുത്തപ്പെടുന്നത് എന്ന് നമുക്ക് അനുഭവമുണ്ട്. സാമൂഹികമോ രാഷ്ട്രീയമോ ആയ ഏതെങ്കിലും കാര്യത്തെ മുൻനിർത്തി മുസ്‌ലിംകൾ സ്വയം സംഘടിച്ചാൽ അത് അപകടകരവും അപരിഷ്കൃതവും തീവ്രവാദവുമാണ് എന്നത് ഇസ്ലാമോഫോബിയയുടെ ആഖ്യാനമാണ്. സ്വയം അനീതി അനുഭവിക്കുമ്പോൾ അതിനെതിരെ മുസ്‌ലിം സമുദായം സ്വന്തം നിലക്ക് ശബ്ദിച്ചാൽ പോലും ഇവിടത്തെ ഇടതുപക്ഷവും മുഖ്യധാര ‘പുരോഗമനവാദികളും’ എന്താണ് പറയാറുള്ളത് എന്ന് നമുക്കറിയാം. വർഗീയതയ്ക്ക് വളം വെച്ചു കൊടുക്കരുത് എന്നണ് അവർ പറയുക. സിപിഎം അടക്കമുള്ളവർ മുസ്ലിം സംഘടനകളെ മുൻനിർത്തി തീവ്രവാദ ഭീകരവാദ ആരോപണങ്ങൾ നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുന്നത് നാം കാണുന്നു. ഭരണകൂടത്തിന്റെ അനീതിക്കെതിരെ മുസ്ലിം സമൂഹം ശബ്ദിച്ചാൽ തീവ്രവാദ-വർഗീയവാദ ചാപ്പ കുത്തി നിശബ്ദമാക്കാൻ നോക്കുന്നു. സ്വാഭാവികമായും അത്തരം ചാപ്പയടികൾ ഒരു സമുദായത്തിന് നിരന്തരം ഏൽക്കേണ്ടി വരുമ്പോൾ ആ സമുദായം നിരാശയിൽ കുടുങ്ങാനും അങ്ങനെ പിന്നോട്ട് പോകാനുമുള്ള സാധ്യതയുണ്ട്. ഒരു സാമുദായത്തെ ദുർബലപ്പെടുത്താനുള്ള ഒരു പ്രധാന മാർഗം അവരുടെ കർതൃത്വത്തെ നിഷേധിക്കലാണ്. കർതൃത്വം നിഷേധിക്കപ്പെടുമ്പോൾ എന്താണ് സംഭവിക്കുക. ആ സമുദായം സാമൂഹികമായി ദുർബലപ്പെടുകയും രാഷ്ട്രീയമായി നിഷ്ക്രിയരാവുകയും ചെയ്യും. അതുകൊണ്ടുതന്നെ മുസ്ലിം കർതൃത്വ നിഷേധം കേന്ദ്രീകരിച്ച് വിപുലമായ ചർച്ചകളും സംവാദങ്ങളും ഉയർത്തിക്കൊണ്ടു വരുകയും കർതൃത്വം ശക്തിപ്പെടുത്തുന്ന ഇടപെടലുകൾ നടത്തുകയും ചെയ്യും .
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഭീകരതക്കെതിരായ യുദ്ധ’ത്തിന് (War on terror ) 25 വർഷം പൂർത്തിയാകുന്ന സന്ദർഭം കൂടിയാണിത്. ഈ ചരിത്ര പശ്ചാതലത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിനെ മുൻനിർത്തി ഇസ്ലാമിക പ്രസ്ഥാനത്തിനെതിരെ ഉയർന്നു വരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കും വംശീയവത്കരണങ്ങൾക്കുമെതിരെ വൈജ്ഞാനിക – രാഷ്ട്രീയ പ്രതിരോധങ്ങൾ രൂപപ്പെടുത്തുകയും മുസ്ലിം രാഷ്ട്രീയ ചോദ്യങ്ങളെ റദ്ദ് ചെയ്യാൻ ഉപയോഗിക്കുന്ന ഭരണകൂട ഭാഷ്യങ്ങളെ സവിശേഷമായി വിമർശന വിധേയമാക്കുകയും ചെയ്യും.
ഇസ്ലാമിനെ ആത്മാഭിമാനത്തോടെ ഉയർത്തിപ്പിടിക്കുകയും ഇസ്‌ലാമിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുകയും ചെയ്യുന്ന സംസ്കാരം മുസ്ലിം സമൂഹത്തിൽ പൊതുവെയും യുവജനങ്ങളിൽ പ്രത്യേകിച്ചും ശക്തിപ്പെടുത്തും. അതിന് സഹായകരമായ ഇടപെടലുകളും പ്രവർത്തനങ്ങളും നടത്തും.

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സോളിഡാരിറ്റിയുടെ ക്യാമ്പയിനിൽ പ്രധാനപ്പെട്ട ഒരു പ്രവർത്തനം, വീടുകളിൽ ചെന്ന് യുവാക്കളെ നേരിൽ കാണുകയും അവരോട് സംസാരിക്കുകയും അവർക്ക് സംഘടനയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യുക എന്നതാണല്ലോ. സംഘടനാ ശാക്തീകരണത്തിന് പുതിയ പ്രവർത്തന കാലയളവിൽ പ്രത്യേകമായ ശ്രദ്ധ കൊടുക്കുന്നുണ്ടോ?
ധാരാളം ചെറുപ്പക്കാരുള്ള സംഘടനയായി സോളിഡാരിറ്റി വികസിക്കണം എന്നാണ് നാം ആഗ്രഹിക്കുന്നത്. അതിനുവേണ്ടി വ്യത്യസ്ത പ്രവർത്തന പദ്ധതികൾ ഈ പ്രവർത്തന കാലയളവിൽ ആവിഷ്കരിക്കും.
നിലവിൽ ഘടനയുള്ള പ്രദേശങ്ങളിൽ സംഘടന കൂടുതൽ ഭദ്രവും ശക്തവുമാക്കും. അതോടൊപ്പം പുതിയ പ്രദേശങ്ങളിലേക്ക് സംഘടനയെ വ്യാപിപ്പിക്കേണ്ടതുണ്ട്. പുതിയ യുവാക്കളെ സോളിഡാരിറ്റിയിലേക്ക് ധാരാളമായി കൊണ്ടുവരേണ്ടതുണ്ട്. സംഘടനയുടെ ശാക്തീകരണവും വ്യാപനവും ലക്ഷ്യം വെച്ച് സംസ്ഥാന മുതൽ പ്രാദേശികതലം വരെ വൈവിധ്യമാർന്ന പരിപാടികളും പ്രവർത്തനങ്ങളും ആവിഷ്കരിക്കും. കൂടുതൽ ചടുലമായ നീക്കങ്ങളിലൂടെ സംഘടനയുടെ അടിത്തട്ട് ചലിപ്പിക്കുകയും ഊർജ്ജസ്വലമാക്കുകയും ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ സംഘടനയുടെ അടിത്തട്ടിലേക്ക് ഇറങ്ങുകയും സന്ദർശനങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യും. ‘വംശീയതയെ ചെറുക്കുക, നീതിയുടെ യൗവനമാവുക’ എന്ന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ഏരിയകളിലും പ്രാദേശിക തലങ്ങളിലും സംസ്ഥാന ജില്ലാ നേതാക്കൾ ഇറങ്ങി ചെന്ന് പുതിയ ചെറുപ്പക്കാരെ കണ്ടുകാണുകയും അവരോട് സംസാരിക്കുകയും ചെയ്യുന്നുണ്ട്. ക്യാമ്പയിൻ ആരംഭിച്ച് ഇതിനോടകം തന്നെ ആയിരക്കണക്കിന് ചെറുപ്പക്കാരെ സോളിഡാരിറ്റി നേരിട്ട് വീട്ടിൽ ചെന്ന് കാണുകയുണ്ടായി. ഇത്തരം പ്രവർത്തനങ്ങൾ സംഘടനാ ശാക്തീകരണത്തിന് ഊർജ്ജവും സമ്മാനിക്കുന്നുണ്ട്. ശാക്തീകരണത്തിനും വ്യാപനത്തിനും വെവ്വേറെ ഫോക്കസ് നൽകി മുന്നോട്ടുപോകാനാണ് തീരുമാനിച്ചിട്ടുള്ളത്.
പ്രാദേശിക തലങ്ങളിൽ മഹല്ലുകളും പള്ളികളും കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ സജീവമാക്കും. സമുദായത്തിലെ സാമൂഹ്യമായി പിന്നോട്ട് നിൽക്കുന്ന ജനവിഭാഗങ്ങൾ പ്രദേശങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സവിശേഷമായ സംഘാടന മാതൃകകൾ രൂപപ്പെടുത്തും. തീരദേശ മേഖലകളിലുള്ളവർ, മലയോര മേഖലകളിലുള്ളവർ, മത്സ്യത്തൊഴിലാളികൾ, പ്രദേശിക തലങ്ങളിലെ കൂലിത്തൊഴിലാളികൾ തുടങ്ങിയവരെ അഭിമുഖീകരിക്കുകയും അവരെ സംഘടനാ വൃത്തത്തിലേക്ക് അടുപ്പിച്ച് നിർത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങളും പരിപാടികളും പ്രാദേശിക തലങ്ങളിൽ സംഘടിപ്പിക്കും. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക പ്രവർത്തനങ്ങൾ ആവിഷ്കരിക്കും. ദക്ഷിണ കേരളത്തിലെ സംഘടനാ ശാക്തീകരണത്തിൽ സവിശേഷമായി ശ്രദ്ധിക്കുകയും അവിടത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യും.
അഭിരുചികളുടെ അടിസ്ഥാനത്തിലുള യുവജന സംഘാടനം പുതിയ കാലത്ത് പ്രധാനമാണെന്നാണ് സോളിഡാരിറ്റി മനസ്സിലാക്കുന്നത്. യൂത്ത് എന്നത് ഏക ട്രെൻഡിൽ മുന്നോട്ട് പോകുന്ന ഒന്നല്ല എന്ന് നമുക്കറിയാം. യുവാക്കൾക്കിടയിൽ തന്നെ എത്രയെത്ര വ്യത്യസ്തമായ അഭിരുചികളുടെ ലോകങ്ങളാണുള്ളത്! ഈ ട്രെൻഡ് വർദ്ധിച്ചു വരാനാണ് സാധ്യത. അതുകൊണ്ട് അഭിരുചികളുടെ അടിസ്ഥാനത്തിലുള്ള സംഘാടനത്തിന് വലിയ സാധ്യതകളുണ്ട്. ആ സാധ്യതകളെ നാം കൂടുതൽ ഉപയോഗപ്പെടുത്തും. അഭിരുചികളുടെ അടിസ്ഥാനത്തിലൂന്നിയ യുവജന സംഘാടനം ശക്തിപ്പെടുത്തും. മാക്രോ ലെവൽ സംഘാടനവും മൈക്രോ ലെവൽ സംഘാടനവും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകും. അഥവാ വ്യത്യസ്ത അഭിരുചികൾ ഉള്ളവരെ പ്രത്യേകമായി അഡ്രസ്സ് ചെയ്യുകയും അതോടൊപ്പം തന്നെ അനേകം പേരെ ഒരുമിച്ച് സ്വാധീനിക്കാൻ കഴിയുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യും.

മുസ്ലിം അതിജീവനത്തെ കുറിച്ച് താങ്കൾ തുടക്കത്തിൽ പരാമർശിക്കുകയുണ്ടായി. ഹിന്ദുത്വ വംശീയതയുടെ കാലത്ത് മുസ്ലിം അതിജീവനത്തെ കുറിച്ച് സോളിഡാരിറ്റിയുടെ ആലോചനകൾ എന്തൊക്കെയാണ്?
ഇന്ത്യയിൽ മുസ്‌ലിംകളുടെ അതിജീവനം സാധ്യമാകണമെങ്കിൽ മുസ്‌ലിം സമൂഹം എല്ലാ അർത്ഥത്തിലും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. മുസ്‌ലിം സമൂഹത്തിൻറെ വിശ്വാസപരവും ആത്മീയവും രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ ശാക്തീകരണത്തിന് ഊർജ്ജം പകരുന്ന ഇടപെടലുകൾ സോളിഡാരിറ്റി നടത്തും. അത്തരം ശാക്തീകരണങ്ങൾ നടക്കുമ്പോഴാണ് അതിജീവനത്തിനുള്ള ശേഷി ഉണ്ടാവുകയുള്ളൂ. ഈ ശാക്തീകരണത്തിന് സമഗ്രമായ പ്രവർത്തനങ്ങളും പദ്ധതികളും നടപ്പിലാക്കുക എന്നത് സോളിഡാരിറ്റിയെ പോലെയുള്ള ഒരു സംഘടനയെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ശാക്തീകരണത്തിന് ആവശ്യമായ മാതൃകകൾ സമുദായത്തിന് മുന്നിൽ ആവിഷ്കരിച്ച് കാണിച്ചു കൊടുക്കുകയും വഴികൾ തുറന്നുകൊടുക്കയും ചെയ്യുന്നതിലാണ് സോളിഡാരിറ്റി ശ്രദ്ധ കേന്ദ്രീകരിക്കുക. അതിലൂടെ സമുദായം മൊത്തം അതിലേക്ക് കടന്നു വരാനുള്ള വാതിലുകൾ തുറന്നിടാൻ നമുക്ക് സാധിക്കും. കമ്മ്യൂണിറ്റി എംപവർമെൻ്റുമായി ബന്ധപ്പെട്ട നമ്മുടെ പ്രവർത്തനങ്ങളും പദ്ധതികളും മധ്യവർഗ സമൂഹത്തിൽ മാത്രം പരിമിതപ്പെട്ട് നിൽക്കരുത്. സമൂഹത്തിൻ്റെ അടിസ്ഥാന ജനവിഭാഗമായ തൊഴിലാളികളെയും മറ്റും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കമ്യൂണിറ്റി എംപവർമെൻറ് കാഴ്ചപ്പാടുകളും പദ്ധതികളും വികസിപ്പിക്കേണ്ടതുണ്ട്. ഭരണകൂട-അധികാര മേഖലകളിലെ സമുദായ പ്രാതിനിധ്യം ഉറപ്പു വരുത്താനുള്ള രാഷ്ട്രീയ ഡിമാന്റുകൾ ഗവേഷണ-പഠനങ്ങളിലൂടെ നിർവ്വഹിക്കുകയും അവ നടപ്പിൽ വരുത്താനുള്ള പ്രായോഗിക പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
മുസ്‌ലിം സമൂഹത്തിൻ്റെ ആത്മീയവും സാമൂഹികവും കുടുംബപരവുമായ ശാക്തീകരണത്തിന്റെ പ്രധാനപ്പെട്ട ചാനലാണ് മഹല്ലുകൾ. അതുകൊണ്ടുതന്നെ മഹല്ലുകളുടെ ശക്തികരണം സുപ്രധാനമാണ്. മഹല്ല് ശാക്തീകരണത്തിന് സഹായകരമായ പ്രവർത്തനങ്ങളും മാതൃകകളും ആവിഷ്കരിക്കും. മഹല്ലുകളുമായി ചേർന്നു പ്രവർത്തിക്കുകയും മഹല്ലുകളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന സംസ്കാരം പ്രവർത്തകരിൽ ശക്തിപ്പെടുത്തും. മുസ്‌ലിം യുവജനങ്ങളുടെ ദീനി വിജ്ഞാനീയങ്ങളിലെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കും.
സമുദായം ഒന്നിച്ചു നിൽക്കാൻ താല്പര്യപ്പെടുന്ന മൊമെന്റുകൾ മുസ്‌ലിം സാമൂഹിക മുന്നേറ്റത്തിനുള്ള സാധ്യതകളായി ഉപയോഗപ്പെടുത്തും. സമുദായം അവകാശലംഘനങ്ങളും അനീതിയും അഭിമുഖീകരിക്കുമ്പോൾ ചടുലമായി ഇടപെടുകയും തെരുവിൽ ഉന്നയിക്കുകയും ചെയ്യും.

വിവിധ മുസ്ലിം സംഘടനകളുടെ പുതുതലമുറയിൽ മുമ്പത്തേക്കാൾ കൂടുതൽ ഐക്യവും സഹകരണവും സാധ്യമാവുന്നു എന്നത് പ്രതീക്ഷ നൽകുന്ന ഘടകമാണല്ലോ. വ്യത്യസ്ത മുസ്ലിം സംഘടനകളുമായുള്ള സോളിഡാരിറ്റിയുടെ സമീപനം എങ്ങെനെയായിരിക്കും?
മുസ്ലിം സമുദായത്തിനകത്തെ വ്യത്യസ്ത വിഭാഗങ്ങളുമായി സഹകരാണാത്മകവും സംവാദാത്മകവുമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് സോളിഡാരിറ്റി ആഗ്രഹിക്കുന്നത്. അഥവാ, വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും സഹകരണവും ഊഷ്മളബന്ധവും കൂടുതൽ ശക്തിപ്പെടുത്തും. അതോടൊപ്പം തന്നെ, വിയോജിക്കേണ്ട ഇടങ്ങളിൽ വിയോജിപ്പും വിമർശനങ്ങളും രേഖപ്പെടുത്തി ബന്ധത്തെ സംവാദാത്മകമാക്കുകയും ചെയ്യും. പരസ്പര ബന്ധത്തിൻറെ അടിസ്ഥാനം കേവലം സംഘടനപരമോ രാഷ്ട്രീയപരമോ ആയിരിക്കുകയില്ല. മറിച്ച് ആദർശപരമായിരിക്കും. ഇസ്ലാമിക പ്രസ്ഥാനവും ഇസ്ലാമിസ്റ്റ് വ്യവഹാരങ്ങളും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ വ്യതിരിക്തത എന്നത് അധികാരത്തോടുള്ള വിമർശനാത്മക സമീപനമാണ്. അനീതിയുടെ കാര്യത്തിൽ ഭരണകൂട-അധികാര വ്യവസ്ഥകളോട് സന്ധി ചെയ്യരുത് എന്ന ഇസ്ലാമിന്റെ കാഴ്ചപ്പാട് തന്നെയാണ് അതിന്റെ അടിസ്ഥാനം. ഭരണകൂട സമീപനങ്ങളിൽ ഇതിന് വിരുദ്ധമായ വിധേയത്വ കാഴ്ചപ്പാടുകൾ സമുദായത്തിനകത്ത് നിന്നുണ്ടായാൽ ആദർശാടിത്തറയിൽ നിന്ന് തന്നെ അവയെ തുറന്ന് കാട്ടുകയും സമുദായത്തിന്റെയും സമൂഹത്തിന്റെയും നൈതിക-അവകാശ പോരാട്ടങ്ങളിൽ മുന്നിൽ നിൽക്കുകയും ചെയ്യും. ഇസ്ലാമോഫോബിയ രാഷ്ട്രീയത്തിന് സമുദായത്തിനകത്ത് നിന്ന് സഹായം ചെയ്യുന്നവർക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ തീർക്കാനും ശ്രമിക്കും.

ഇന്ത്യയിലെ മുസ്ലിം സമൂഹത്തെ സംബന്ധിച്ചിടത്തോളം നിർണായ ഘട്ടത്തിൽ എത്തിനിൽക്കുന്ന സന്ദർഭമാണിത്. എങ്ങനെയാണ് ഇനി മുന്നോട്ടു പോകേണ്ടത് എന്നതിനെക്കുറിച്ച് വലിയ ധൈഷണിക ചർച്ചകളും വൈജ്ഞാനിക അന്വേഷണങ്ങളും അനിവാര്യമായ ഘട്ടമല്ലേ ഇത്?
നിരന്തരമായ വൈജ്ഞാനിക അന്വേഷണങ്ങളും ഗവേഷണ പ്രവർത്തനങ്ങളും സമൂഹത്തിലെ അധീശ ജ്ഞാന പദ്ധതികളോടുള്ള വൈജ്ഞാനിക കലഹവും ഇസ്ലാമിക പ്രസ്ഥാനത്തിൻറയും മുസ്ലിം സമൂഹത്തിൻ്റെയും ആശയവികാസത്തിൽ നിർണായക ഘടകമാണ്. ഹിന്ദുത്വ ഇന്ത്യയിൽ മുസ്ലിം സമൂഹത്തിൻറെ മുന്നോട്ടുപോക്കിൽ പുതിയ വഴികൾ വെട്ടി തെളിക്കാൻ സഹായിക്കുന്ന വൈജ്ഞാനിക അന്വേഷണങ്ങൾ ആഴത്തിൽ നടക്കേണ്ട ഘട്ടമാണിത്. പുതിയകാലത്ത്, മുസലിം ഉമ്മത്തിൻ്റെ ഇസ്ലാമിക പ്രതിനിധാനം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പുതിയ ആലോചനകളും ആശയവികാസങ്ങളും ഉണ്ടാകേണ്ടതുണ്ട്. ഇസ്ലാമിക സമൂഹത്തിന്റെ മുന്നോട്ട് പോക്കിൽ ആശയ വികാസം സാധ്യമാക്കുന്ന വൈജ്ഞാനിക-ഗവേഷണ പ്രവർത്തനങ്ങളിൽ സോളിഡാരിറ്റി ഏർപ്പെടും. ഇസ്ലാമിക പ്രസ്ഥാനത്തിന്റെയും മുസ്ലിം സമൂഹത്തിന്റെയും സാമൂഹിക രാഷ്ട്രീയ ഇടപെടലുകൾക്ക് പുതിയ തുറവികൾ രൂപപ്പെടേണ്ടതുണ്ട്. ഇതിനെല്ലാം സഹായകരമായ വൈജ്ഞാനിക ഗവേഷണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകും.

താങ്കൾ പറയുകയുണ്ടായി; മുസ്‌ലിംകൾ മാത്രമല്ല ഇന്ത്യയിലെ പിന്നാക്ക, ദളിത്, കീഴാള സമുദായങ്ങളും ക്രൈസ്തവ സമുദായവുമെല്ലാം ഹിന്ദുത്വ പദ്ധതിയുടെ ഇരകളാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത സമുദായങ്ങളുടെ യോജിച്ച ചില മുന്നേറ്റങ്ങൾ സമകാലിക സമൂഹത്തിൽ അനിവാര്യമാകുന്നില്ലേ?
തീർച്ചയായും. ബ്രാഹ്മണാധിപത്യമുള്ള ഒരു വംശീയ രാഷ്ട്രം എന്നതാണ് ഹിന്ദുത്വത്തിന്റെ ആത്യന്തിക ലക്ഷ്യം. ആ വംശീയ വ്യവസ്ഥയിൽ സവർണരല്ലാത്ത എല്ലാ ജനവിഭാഗങ്ങളും അടിച്ചമർത്തപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടുതന്നെ ഹിന്ദുത്വ വംശീയതക്കെതിരെ വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശക്തമായ സൗഹൃദവും ഐക്യദാർഢ്യങ്ങളും അനിവാര്യമായ ഘട്ടമാണിത്. അതിനു സഹായകരമാകുന്ന ഇടപെടലുകൾ സോളിഡാരിറ്റി നടത്തും. വ്യത്യസ്തമായ ആത്മീയ-സാംസ്കാരിക-സാമൂഹിക അസ്തിത്വമുള്ള സമുദായങ്ങളുടെ കൂട്ടായ്മാണല്ലോ ഇന്ത്യൻ ജനത. വിവിധ സമുദായങ്ങളുടെ നേതൃത്വത്തിൽ നടന്ന അവകാശ പോരാട്ടങ്ങൾക്ക് ഇന്ത്യയുടെയും കേരളത്തിന്റെയും ചരിത്രപരമായ വികാസത്തിൽ വലിയ പങ്കുണ്ട്. ഈ അവകാശ പോരാട്ടങ്ങളെ സമുദായികതയെന്നും വർഗീയത എന്നും വിളിച്ച് അധിക്ഷേപിച്ചു കൊണ്ടാണ് അധികാരത്തിന്റെ ഭാഗമായിരുന്ന വരേണ്യ വിഭാഗങ്ങൾ അടിച്ചമർത്തിയത്. ഇന്നും വ്യത്യസ്ത സമുദായങ്ങൾ സ്വന്തം നിലക്കുള്ള രാഷ്ട്രീയ സംഘാടനം നടത്തിയാലോ അവകാശ ചോദ്യങ്ങൾ ഉന്നയിച്ചാലോ ഭരണകൂട വിമർശനം നടത്തിയാലോ അവയെ റദ്ദ് ചെയ്യാനുള്ള എളുപ്പ വഴിയായി സാമുദായികത, വർഗീയത തുടങ്ങിയ പദാവലികൾ നിരന്തരം ഉപയോഗിക്കുന്നവരാണ് ഹിന്ദുത്വ ശക്തികളും ഇടത്-വലത് രാഷ്ട്രീയ-സാമൂഹിക കക്ഷികളും. ഇന്ത്യൻ ജനതയെ വിലയിരുത്താനുള്ള സുപ്രധാന യൂണിറ്റായി സമുദായങ്ങളെ കണക്കാക്കുകയും ഇടത്-വലത് സമീപനത്തിൽ നിന്ന് ഭിന്നമായി, വ്യത്യസ്ത സമുദായങ്ങളുടെ കർതൃത്വത്തിലൂന്നിയ രാഷ്ട്രീയ സമീപനങ്ങളെ പോസിറ്റീവായി നോക്കിക്കാണാനുള്ള സാമൂഹിക അവബോധം രൂപപ്പെടുത്തുകയും ചെയ്യുക എന്നത് പ്രധാനമാണ്. കേരളത്തിലെ വ്യത്യസ്ത സമുദായങ്ങളുടെ രാഷ്ട്രീയമായ നയസമീപനങ്ങൾ പഠന വിധേയമാക്കുകയും ഇസ്ലാമിന്റെ പ്രതലത്തിൽ നിന്ന് കൊണ്ട് തന്നെ അവരോട് സഹവർത്തിത്വം വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിലെ പ്രബല സമുദായങ്ങളായ ക്രൈസ്തവ സമുദായം, ഈഴവ സമുദായം, ദലിത്-ആദിവാസി സമുദായങ്ങൾ തുടങ്ങിയ വ്യത്യസ്ത സമുദായങ്ങളുമായി ഊഷ്മളമായ ബന്ധം രൂപപ്പെടുത്തുകയും പൊതുവായ രാഷ്ട്രീയ സന്ദർഭങ്ങളിൽ ഒരുമിച്ച് നിൽക്കാൻ കഴിയുന്ന അന്തരീക്ഷം വികസിപ്പിക്കുയും ചെയ്യും.
ഓരോ സമുദായവും സ്വന്തം കർതൃത്വത്തിൽ ഊന്നി നിന്ന് കൊണ്ട് സാമൂഹികവും രാഷ്ട്രീയവുമായി മുന്നോട്ടു പോവുക എന്നത് ഹിന്ദുത്വ ശക്തികൾക്ക് ഭീഷണിയാണ്. മുസ്ലിം അപരനെ മുൻനിർത്തി വ്യത്യസ്ത ആത്മീയ-സാമൂഹിക സ്വത്വമുളള സമുദായങ്ങളെ ഒരൊറ്റ ആത്മീയ-സാമൂഹിക ധാരയിലേക്ക് ഒന്നിപ്പിച്ച് നിർത്തിയാണ് ഹിന്ദുത്വം അതിന്റെ വംശഹത്യാ രാഷ്ട്രീയത്തിനെ മുന്നോട്ട് കൊണ്ട് പോകുന്നത്. സംഘ്പരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യത്യസ്ത കൂട്ടായ്മകൾ ഓരോ സമുദായത്തിനകത്തുമുണ്ട്. അത്തരം കൂട്ടായ്മകളുടെ ഒപ്പം നിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ വിശാലമായ മുന്നണിക്ക് അടിത്തറയുണ്ടാക്കാനുള്ള ശ്രമങ്ങൾ നാം നടത്തേണ്ടതുണ്ട്. സമുദായ കർതൃത്വത്തിൽ ഊന്നിയ രാഷ്ട്രീയത്തെ കൂടുതൽ ശക്തിപ്പെടുത്തിയും വ്യത്യസ്ത സമുദായങ്ങളുമായി ക്രിയത്മകമായ എൻഗേജ്മെന്റുകൾ നടത്തിയും മാത്രമേ അതിന് സാധിക്കുകയുള്ളൂ.

പ്രവർത്തകരുടെയും മുസ്‌ലിം യുവജനങ്ങളുടെയും ആത്മീയമായ വളർച്ചക്ക് ഏന്തൊക്കെ ഇടപെടലാണ് സോളിഡാരിറ്റി നടത്താൻ തീരുമാനിച്ചിരിക്കുന്നത്?
വ്യക്തികൾ തമ്മിലുള്ള സഹവാസത്തിലൂടെ (സുഹ്ബത്ത്) ഈമാനും തഖ്വയും പരസ്പരം പകർന്നു കിട്ടുന്ന രൂപത്തിലുള്ള ആത്മീയ സംസ്കാരം സംഘടനക്കകത്ത് ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
ഈമാനും തഖ്‌വയും വർധിപ്പിക്കാൻ വിവിധ മാർഗങ്ങൾ മുൻഗാമികളായ പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് മുത്തഖികളോടൊപ്പം സഹവസിക്കുക എന്നത്. തഖ്വയുള്ളവരോടൊപ്പം നാം സഹവസിക്കുമ്പോൾ നമുക്കും ആ തഖ്‌വ പകർന്നു കിട്ടും. തഖ്‌വ ശക്തിപ്പെടുത്തുന്ന പ്രധാനപ്പെട്ട ചാനൽ, വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് പകർന്നുകിട്ടുന്ന ആത്മീയതയാണ്. നേതാക്കളോടൊപ്പം സഹവസിക്കുമ്പോൾ അണികൾക്ക് തർബിയത്ത് പകർന്നു കിട്ടണം. നേതാക്കൾ പരസ്പരം സഹവസിക്കുമ്പോഴും അണികൾ പരസ്പരം സഹവസിക്കുമ്പോഴും ഈമാനും തഖ്‌വയും ഇഹ്സാനും വർദ്ധിക്കുന്നതായി അനുഭവപ്പെടണം. പ്രവർത്തകരുടെ പരസ്പരമുള്ള സംസാരങ്ങളിൽ സ്വർഗ്ഗവും നരകവും മഹ്ശറയിലെ വിചാരണയുമെല്ലാം കടന്നു വരണം. സ്വഹാബികൾ പരസ്പരം കാണുമ്പോൾ ഈമാനിന്റെ അവസ്ഥ എന്താണ് തഖ്‌വ എങ്ങനെയുണ്ട് എന്നൊക്കെ സ്നേഹത്തോടെ അന്വേഷിക്കാറുണ്ടായിരുന്നു. ഇങ്ങനെ സുഹ്ബത്തിലൂടെ വൈജ്ഞാനികവും ആത്മീയവും സാമൂഹികവുമായ തർബിയത്ത് ലഭ്യമാകണം.
മുസ്ലിം യുവജനങ്ങൾക്ക് തർബിയത്തും തസ്കിയതും പകർന്നു കൊടുക്കുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കും. ആരാധനാകർമങ്ങളിൽ കൃത്യതയും ധാർമിക വിശുദ്ധിയും സാമ്പത്തിക ഇടപാടുകളിൽ സൂക്ഷ്മതയും സ്വഭാവത്തിൽ മനോഹാരിതയും കാത്തുസൂക്ഷിക്കുന്ന സംസ്കാരം മുസ്‌ലിം യുവാക്കളിൽ ശക്തിപ്പെടുത്തും. മുസ്ലിം യുവാക്കളുടെ മാത്രമല്ല അവരുടെ കുടുംബത്തിന്റെയും തർബിയത്തിനും തസ്കിയത്തിനും പ്രാധാന്യം നൽകും. അതിനു സഹായകരമാകുന്ന രൂപത്തിൽ മുസ്‌ലീം യുവാക്കളെ അവരുടെ കുടുംബത്തോടൊപ്പം അഭിമുഖീകരിക്കുന്ന വ്യത്യസ്ത പ്രവർത്തനങ്ങളും പരിപാടികളും നടത്തും.
രാഷ്ട്രീയ ഡിമാന്റുകൾ ഗവേഷണ-പഠനങ്ങളിലൂടെ നിർവ്വഹിക്കുകയും അവ നടപ്പിൽ വരുത്താനുള്ള പ്രായോഗിക പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
മുസ്‌ലിം സമൂഹത്തിൻ്റെ ആത്മീയവും സാമൂഹികവും കുടുംബപരവുമായ ശാക്തീകരണത്തിന്റെ പ്രധാനപ്പെട്ട ചാനലാണ് മഹല്ലുകൾ. അതുകൊണ്ടുതന്നെ മഹല്ലുകളുടെ ശക്തികരണം സുപ്രധാനമാണ്. മഹല്ല് ശാക്തീകരണത്തിന് സഹായകരമായ പ്രവർത്തനങ്ങളും മാതൃകകളും ആവിഷ്കരിക്കും. മഹല്ലുകളുമായി ചേർന്നു പ്രവർത്തിക്കുകയും മഹല്ലുകളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന സംസ്കാരം പ്രവർത്തകരിൽ ശക്തിപ്പെടുത്തും. മുസ്‌ലിം യുവജനങ്ങളുടെ ദീനി വിജ്ഞാനീയങ്ങളിലെ അടിത്തറ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും പരിപാടികളും സംഘടിപ്പിക്കും.
സമുദായം ഒന്നിച്ചു നിൽക്കാൻ താല്പര്യപ്പെടുന്ന മൊമെന്റുകൾ മുസ്‌ലിം സാമൂഹിക മുന്നേറ്റത്തിനുള്ള സാധ്യതകളായി ഉപയോഗപ്പെടുത്തും. സമുദായം അവകാശലംഘനങ്ങളും അനീതിയും അഭിമുഖീകരിക്കുമ്പോൾ ചടുലമായി ഇടപെടുകയും തെരുവിൽ ഉന്നയിക്കുകയും ചെയ്യും.
