Articles

ഇസ്‌ലാമോഫോബിയ വിരുദ്ധ രാഷ്ട്രീയം വികസിപ്പിക്കും – സി.ടി സുഹൈബ് / റഷാദ് വി.പി

വീണ്ടുമൊരു ലോക്‌സഭാ തെരെഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന സന്ദര്‍ഭത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചും ഹിന്ദുത്വ രാഷ്ട്രീയ അജണ്ടകളെക്കുറിച്ചും എങ്ങനെ കാണുന്നു?
ലോക്സഭ തെരെഞ്ഞെടുപ്പില്‍ ഹിന്ദുത്വ ശക്തികള്‍ പരാജയപ്പെടേണ്ടത് ഇന്ത്യയുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്. ബാബരി മസ്ജിദ് തകര്‍ച്ചക്കും ബാബരി വിധിക്കും ശേഷം അനീതിയുടെ മേല്‍ കെട്ടിപ്പടുത്ത രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠയെ രാജ്യം മുഴുവന്‍ ആഘോഷിച്ച സന്ദര്‍ഭത്തിലാണ് ഈ തെരെഞ്ഞെടുപ്പ്. വ്യത്യസ്ത സമുദായങ്ങളുടെ പൊതു കരാറായ രൂപപ്പെട്ട ഭരണഘടന വിഭാവന ചെയ്ത ഇന്ത്യ എന്ന ആശയം തന്നെ നിലനില്‍ക്കണോ എന്ന സന്നിഗ്ദമായ ചോദ്യത്തെയാണ് നമുക്ക് ആദ്യമായി അഭിമുഖീകരിക്കേണ്ടത്.
ഹിന്ദുത്വ ശക്തികളെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള എല്ലാ യോജിച്ച മുന്നേറ്റങ്ങളെയും നാം പ്രത്യാശയോടെ സമീപിക്കേണ്ടതുണ്ട്. പക്ഷേ, ഹിന്ദുത്വ ഫാസിസ്റ്റുകള്‍ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യതകളെയും തള്ളിക്കളയാന്‍ കഴിയില്ല. അതിനാല്‍ ഒരു സമുദായം എന്ന നിലയില്‍ മുസ്ലിം സമുദായം കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. കേവലം മതേതര കക്ഷികള്‍ക്ക് ജയം ഉറപ്പാക്കാന്‍ പണിയെടുക്കുന്നവര്‍ എന്ന അസ്ഥിത്വത്തില്‍നിന്ന് മാറി സ്വയം രാഷ്ട്രീയ കര്‍തൃത്വം രൂപപ്പെടുത്താന്‍ സമുദായത്തിന് കഴിയണം. ഇല്ലെങ്കില്‍ മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കുന്ന ഇന്ത്യയിലെ പാര്‍ട്ടികളുടെ കാരുണ്യം കാത്ത് കഴിയുന്നവരായി സമുദായം തുടരും. ദീര്‍ഘകാലത്തേക്കുള്ള രാഷ്ട്രീയ അജണ്ടകള്‍ രൂപപ്പെടുത്താന്‍ കഴിയുകയും ആ വഴിയില്‍ സമുദായത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്തുകൊണ്ടുമാത്രമേ ശാശ്വതമായി ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയൂ. അതില്‍ ഈ സമുദായത്തോടൊപ്പം അണിനിരക്കാന്‍ ഇന്ത്യയിലെ ബഹുജനങ്ങള്‍ തയാറാവുക തന്നെ ചെയ്യും.
പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഒന്നാം പൗരത്വ പ്രക്ഷോഭത്തിന്റെ തുടര്‍ച്ച നഷ്ടപ്പെട്ടതായി അനുഭവപ്പെടുന്നുണ്ടോ.. പ്രത്യേകിച്ചും പുതിയ സി.എ.എ വിജ്ഞാപനം മുസ്‍ലിംകളെ ബാധിക്കില്ലെന്ന തരത്തില്‍ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ടല്ലോ?
ഒന്നാം പൗരത്വ പ്രക്ഷോഭം സ്വതന്ത്ര ഇന്ത്യയിലെ സവിശേഷ ഏടാണ്. മുസ്ലിം സമുദായത്തിന്റെ കര്‍തൃത്വത്തില്‍ അരങ്ങേറിയ അതിവിപുലമായ സമരം. എന്നാല്‍, രണ്ടാം പൗരത്വ പ്രക്ഷോഭ കാലത്ത് ആ ഉണര്‍വ് രാജ്യത്ത് നിലനില്‍ക്കുന്നില്ല എന്നത് യാഥാര്‍ത്യമാണ്. അതിന് പലവിധ കാരണങ്ങളുണ്ട്. കോടതിവിധിയില്‍ മാത്രം പ്രതീക്ഷ അര്‍പ്പിക്കുന്നു എന്നതാണ് ഒരു കാര്യം. രണ്ടാമത്തേത്, സി.എ.എ ഒരു പ്രശ്നമല്ല, എന്‍.ആര്‍.സിയാണ് പ്രശ്നം എന്ന വ്യാഖ്യാനം ചെറുതായെങ്കലും പടരുന്നുണ്ട് എന്നത് യാഥര്‍ത്യമാണ്. തെരെഞ്ഞെടുപ്പ് മറ്റൊരു കാരണമാണ്. പക്ഷേ, ഇങ്ങനെയൊക്കെയാണെങ്കിലും സമരങ്ങള്‍ കത്തിപ്പടരുന്നത് ഏത് മൊമന്റിലാണ് എന്നത് പ്രവചനാതീതമാണ്. സി.എ.എ യും എന്‍.ആര്‍.സി യും എന്‍.പി.ആറും ഒരൊറ്റ പ്രൊജക്ടിന്റെ ഭാഗമാണ് എന്ന് നേരത്തെ തന്നെ ബി.ജെ.പി പ്രഖ്യാപിച്ചതാണ്. എന്നിട്ടും സി.എ.എ പ്രശ്നമല്ല എന്ന വാദം വീണ്ടും ആരെങ്കിലും ഉയര്‍ത്തിക്കാണിക്കുന്നുണ്ടെങ്കില്‍ അത് നിരര്‍ത്ഥകമാണ്. ജാമിഅ മില്ലിയ സര്‍വകാലാശാലക്കകത്ത് വിദ്യര്‍ഥികള്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമമാണ് ഒന്നാം പൗരത്വ പ്രക്ഷോഭത്തെ ആളിക്കത്തിച്ചത്. കോടതികള്‍ പോലും സാമൂഹ്യ അന്തരീക്ഷം സ്വാധീനിക്കപ്പെടുന്നുണ്ട് എന്നത് യാഥാര്‍ത്യമായതിനാല്‍ പൗരത്വ നിയമത്തിന്റെ അപകടത്തെ കുറിച്ച് കൂടുതല്‍ പ്രചരണങ്ങള്‍ നടത്തുകയും കൂടുതല്‍ വിപുലമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്യേണ്ടതുണ്ട്.
ഗസ്സയില്‍ വംശഹത്യ എല്ലാ പരിധികളും ലംഘിച്ചു തുടര്‍ന്നു കൊണ്ടിരിക്കുകയാണല്ലോ. ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയില്‍ വലിയ സാമുദായിക വിഭജനവും സംഭവിച്ചിട്ടുണ്ട്. ഗസ്സയെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ ഉയര്‍ത്തിയ വിദ്വേഷ പ്രചാരണങ്ങളില്‍ ഉയര്‍ന്ന് കേട്ട പ്രധാന പേര് സോളിഡാരിറ്റിയുടേതാണ്. ഗസ്സ സാമൂഹിക രാഷ്ട്രീയ ആത്മീയ തലങ്ങളില്‍ നമുക്ക് നല്‍കുന്ന പാഠം എന്താണ്?
ഏഴരപതിറ്റാണ്ട് നീണ്ട അധിനിവേശ ഭീകരതയെ നിരായുധരും നിസ്സഹായരുമായ ഒരു ജനത എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് ഗസ്സ നല്‍കുന്ന പാഠം. സഹനത്തിന്റെയും ത്യാഗത്തിന്റെയും മഹാപര്‍വതങ്ങള്‍ താണ്ടിയാണ് ആ ജനത എന്നും കടന്നുപോയിട്ടുള്ളത്. രക്തസാക്ഷികള്‍, തടവറകളിലായവര്‍, മര്‍ദനങ്ങള്‍ ഏല്‍ക്കുന്നവര്‍, പരിക്കുപറ്റുന്നവര്‍ തുടങ്ങിയവര്‍ എന്നും ഫലസ്തീന്‍ സമൂഹത്തിന്റെ ദൈനംനിന അനുഭങ്ങളാണ്. ഈ വംശീയ അധിനിവേശ അതിക്രമത്തോട് പക്ഷേ, നിസ്സഹായരായ ആ ജനത ഒരിക്കലും അടിയറവ് പറഞ്ഞിട്ടില്ല എന്നത് നമുക്കെല്ലാവര്‍ക്കും പാഠമാണ്. പ്രതിസന്ധികള്‍ തുറിച്ചുനോക്കുമ്പോള്‍ തന്നെ പതറിപ്പോവുന്ന ജനതയായി നാം മാറാതിരിക്കണമെങ്കില്‍ ഗസ്സയില്‍നിന്ന് പാഠങ്ങള്‍ പഠിച്ചാല്‍ മതിയാവും. അവര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് നാഥനില്‍ മാത്രമാണ്. ഫലസ്തീന്‍ വിഷയത്തില്‍ പരമ്പതാഗതമായി കൈകൊണ്ടിരുന്ന നയതന്ത്ര നിലപാടില്‍ നിന്ന് ബി.ജെ.പി യുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ വ്യതിചലിച്ചത് ചരിത്രപരമായി ഹിന്ദുത്വവും സയണിസവും തമ്മിലുള്ള പ്രത്യയശാസ്ത്ര ബന്ധം കൊണ്ട് കൂടിയാണ്.

വംശഹത്യ രാഷ്ട്രത്തെ വിഭാവന ചെയ്യുന്ന രണ്ട് പ്രത്യശാസ്ത്രങ്ങളെയും പ്രശ്നവത്കരിച്ചു കൊണ്ടാണ് സോളിഡാരിറ്റി ഗസ്സയിലെ നരഹത്യക്കെതിരെ ശബ്ദിച്ചത്. ഗസ്സയെ മുന്‍നിര്‍ത്തി ഇന്ത്യയിലുടനീളം ഇസ്ലാമോഫോബിയ വളര്‍ത്തിക്കൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ സോളിഡാരിറ്റിയുടെ പേരെടുത്ത് പറഞ്ഞ് രാജ്യവ്യാപകായി വിദ്വേഷ പ്രചാരണം നടത്തിയതും ഹിന്ദുത്വവും സയണിസവും ഒരേ തൂവല്‍പക്ഷികളാണെന്ന സോളിഡാരിറ്റിയുടെ കാമ്പയിന്‍ മര്‍മത്തിനേറ്റത് കൊണ്ട് കൂടിയാണ്. ഫലസ്തീന്‍ പ്രശ്നത്തെ മുന്‍നിര്‍ത്തി ഇന്ത്യയില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടത്താന്‍ ശ്രമിച്ച വര്‍ഗീയ വിഭജനത്തെ കേരളത്തിലെങ്കിലും പ്രതിരോധിക്കാന്‍ സോളിഡാരിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്. ഫലസ്തീനൊപ്പമാണ് ഹമാസിനൊപ്പമല്ല എന്ന നിലപാടില്‍നിന്ന് മാറി പൊരുതുന്ന മുഴുവന്‍ ഫലസ്തീന്‍ ജനതക്കുമൊപ്പമാണെന്ന നിലയിലേക്ക് കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം പരിവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമാണ്.
മുസ്‍ലിം സമുദായത്തെ മുന്‍നിര്‍ത്തി സോളിഡാരിറ്റിയുടെ ഇടപെടലുകള്‍ ഏത് സ്വഭാവത്തിലാണ് മുന്നോട്ട് പോകുന്നത്?
വിശാലമായ മുസ്‍ലിം സമുദായത്തിന്റെ ഒരു ഭാഗമായാണ് സോളിഡാരിറ്റിയെ അത് സ്വയം മനസ്സിലാക്കുന്നത്. കമ്മ്യൂണിറ്റി എംപവര്‍മെന്റ് സോളിഡാരിറ്റിയുടെ പ്രധാന മേഖലയാണ്. മുസ്‍ലിം സമുദായത്തിന്റെ ശാക്തീകരണം ബഹുമുഖ പദ്ധതികളിലൂടെയാണ് സാധ്യമാകുക. സംഘടനാപരമായ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് വിശ്വാസപരവും സാമൂഹികവും സാമ്പത്തികവുമായി സമുദായത്തിനെ ശാക്തീകരണത്തിനായുള്ള വ്യത്യസ്ത പദ്ധതികള്‍ സോളിഡാരിറ്റിക്ക് നിലവിലുണ്ട്. പുതിയ സാഹചര്യങ്ങളെക്കൂടി മുന്‍നിര്‍ത്തി പുതിയ പദ്ധതികള്‍ കൂടി രൂപീകരിക്കും.
വ്യത്യസ്ത ശാക്തീകരണ പദ്ധതികളോടൊപ്പം മുസ്ലിമിനെ അപരനാക്കി സ്ഥാപിച്ച് അധികാരവും ആധിപത്യവും സ്ഥാപിക്കാനായി നടന്നു കൊണ്ടിരിക്കുന്ന ശ്രമങ്ങളെ പ്രതിരോധിച്ച് സമുദായത്തിന് ആത്മവിശ്വാസം പകരുന്ന ഇടപെടലുകള്‍ നടത്തും. സമുദായത്തിലെ വിവിധ ധാരകളോട് സൗഹാര്‍ദ പരവും സംവാദാത്മകവുമായ ബന്ധമാകും സംഘടനക്കുണ്ടാകുക.
ഭരണകൂടത്തിന്റെ മുസ്ലിം വിരുദ്ധ നടപടികള്‍ക്കും അജണ്ടകള്‍ക്കുമെതിരായ യോജിച്ച നിലപാടുകള്‍ രൂപപ്പെടേണ്ടതുണ്ട്. രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളില്‍ സമുദായത്തിന് കൃത്യമായ ദിശാബോധവുമുണ്ടാക്കാന്‍ കഴിയുന്ന രൂപത്തില്‍  സോളിഡാരിറ്റി പരമാവധി ഇടപെടലുകള്‍ നടത്തും.
സമുദായത്തിനകത്ത് വിശ്വാസപരവും ധാര്‍മികവുമായ സ്ഖലിതങ്ങളുണ്ടാക്കാന്‍ വ്യാപകമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലിബറല്‍ വ്യക്തിവാദങ്ങളുടെ പേരില്‍ ശക്തമായ പ്രചാരണങ്ങള്‍ വ്യാപകമാണ്. അവയെ പ്രതിരോധിക്കാനും സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ ദീനീ നിലപാട് പ്രഖ്യാപിക്കാനും സോളിഡാരിറ്റി പരിശ്രമിക്കും.
യുവാക്കളുടെ സാമൂഹിക സംഘാടനം സോളിഡാരിറ്റി എങ്ങനെയാണ് നിര്‍വ്വഹിച്ച് കൊണ്ടിരിക്കുന്നത്?
യുവാക്കളെ ബഹുമുഖമായ മേഖലകളില്‍ സംഘടിപ്പിക്കുകയും അവരെ സോളിഡാരിറ്റിയുമായി ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യും. വിവിധ ധാരകളിലുള്ള യുവാക്കളെ കാണാനും അവരെ സംഘടനയിലേക്ക് ക്ഷണിക്കാനും പ്രത്യേകം ശ്രമിക്കും. അവര്‍ക്കൊപ്പം ദീനീ സംസാരങ്ങളും ചര്‍ച്ചകളും അധികരിപ്പിക്കാനാകുന്ന തരത്തിലുള്ള കൂട്ടായ്മകള്‍ പ്രാദേശികമായി വളര്‍ത്തിയെടുക്കും. അതിനായി മഹല്ലുകള്‍, പള്ളികള്‍, മദ്‌റസകള്‍ പോലുള്ള സംവിധാനങ്ങള്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനാകും ശ്രമിക്കുക. നാട്ടിലെ ദീനീ കാര്യങ്ങളിലും ബഹുമുഖ മേഖലകളിലും സമുദായത്തിന് അവലംബിക്കാവുന്ന കമ്മ്യൂണിറ്റി ലീഡര്‍മാരായി പ്രവര്‍ത്തകരെ വളര്‍ത്തിയെടുക്കും.
യുവാക്കളുടെ ആത്മവിശ്വാസം വര്‍ധിക്കുന്ന തരത്തില്‍ അവരിലുള്ള വ്യത്യസ്ത കഴിവുകളെ പരിപോഷിപ്പിച്ചും ക്രിയാത്മകമായി ഉപയോഗപ്പെടുത്തിയുമുള്ള  യൂത്ത് കള്‍ച്ചര്‍ രൂപപ്പെടുത്താനാണ് സോളിഡാരിറ്റി പരിശ്രമിക്കുന്നത്. സോളിഡാരിറ്റിയില്‍ അണിനിരക്കുന്ന ഏജ് ഗ്രൂപ്പ് ജീവിതത്തിന്റ നിര്‍ണായക സന്ദര്‍ഭത്തിലുള്ളവരാണ്. കരിയര്‍ സെറ്റ് ചെയ്യുന്നവര്‍, സംരഭങ്ങള്‍ കരുപിടിപ്പിക്കുന്നവര്‍, പുതിയ മേഖലകള്‍ അന്വേഷിക്കുന്നവര്‍, മത്സര പരീക്ഷകളെ അഭിമുഖീകരിക്കുന്നവര്‍ ഇങ്ങനെയൊക്കെ ഉള്ളവരാണ്. കഴിവുകള്‍ വര്‍ധിപ്പിക്കാനുള്ള സംവിധാനങ്ങളൊരുക്കിയും സംരംഭങ്ങളും മറ്റും വികസിപ്പിക്കാന്‍ കൂടെനിന്നും യുവാക്കളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും അവരില്‍ ക്രിയാത്മകത വളര്‍ത്താനും സോളിഡാരിറ്റി ശ്രമിക്കും. അതിനായി യൂത്ത് കള്‍ചറുമായി ബന്ധപ്പെട്ട വൈവിധ്യമായ മേഖലകള്‍ ഉപയോഗപ്പെടുത്തും.
കല, കായികം, ഫിറ്റിനസ് എന്നിവയെ ഒരു വിശ്വാസിയുടെ തര്‍ബിയ്യത്തിന്റെ ഭാഗമായിട്ട് കൂടിയാണ് സോളിഡാരിറ്റി കാണുന്നത്. അവയെ അടിസ്ഥാനപ്പെടുത്തിയുള്ള വ്യത്യസ്ത സംരംഭങ്ങള്‍ വഴി യുവാക്കളെ സംഘടിപ്പിക്കാനും വിശ്വാസപരമായി കരുത്തു പകരാനും സാധിക്കും. ഇതിനുതകുന്ന തരത്തിലുള്ള വ്യത്യസ്തത കൂട്ടായ്മകളും സഹകരണ സംഘങ്ങളും പ്രോത്സാഹിപ്പിക്കും.
പുതുതായി രൂപീകരിച്ചിട്ടുള്ള ഫെഡറേഷന്‍ ഓഫ് യൂത്ത് മൂവ്‌മെന്റ്സ്   ദേശീയ ചെയര്‍മാന്‍ കൂടിയാണല്ലോ താങ്കള്‍. അതിന്റെ പ്രവര്‍ത്തന മേഖലകളെ കുറിച്ച് വിശദമാക്കാമോ? സോളിഡാരിറ്റിയുടെ അഖിലേന്ത്യാ സംവിധാനമാണോ ഇത്?
ജമാഅത്തെ ഇസ്ലാമി കേരളയുടെ യുവജന സംഘടന എന്ന നിലക്ക് ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ടതായിരുന്നു സോളിഡാരിറ്റി. മറ്റ് സംസ്ഥാനത്തില്‍ അത്തരത്തിലുള്ള പ്ലാറ്റ്ഫോമുകള്‍ സജീവമായിട്ടുണ്ടായിരുന്നില്ല. നിലവില്‍ ഓരോ സംസ്ഥാനത്തും യൂത്ത് മൂവ് മെന്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പത്ത് സംസ്ഥാനങ്ങളില്‍ യൂത്ത് മൂവ്മെന്റുകള്‍ നിലവില്‍ വന്നു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ഭാരവാഹികള്‍ ചേര്‍ന്നതാണ് അഖിലേന്ത്യാ ഫെഡറേഷന്‍. എന്നാല്‍ അതൊരു കേന്ദ്രീകൃത നേതൃ ഘടനയോ സംവിധാനമോ അല്ല.
ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഘടനയും പേരും സംഘടന ശൈലിയുമാണുണ്ടാവുക. അതേ സമയം ചില അടിസ്ഥാനപരമായ സവിശേഷതകള്‍ പൊതുവായി എല്ലായിടത്തും സംഘടനക്കുണ്ടാവും. അതുറപ്പു വരുത്തലും ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ക്രിയാത്മകമായ ഇടപെടലുകള്‍ സാധ്യമാക്കലും  സാധ്യമാകുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും യുവജന പ്ലാറ്റ്ഫോമുകള്‍ രൂപീകരിക്കുകയും യുവ നേതാക്കളെ വളര്‍ത്തിയെടുക്കലുമാണ് ഫെഡറേഷന്റെ പ്രധാന ഉദ്ദേശലക്ഷ്യങ്ങള്‍. അഖിലേന്ത്യാ തലത്തില്‍ മുസ്ലിം സമുദായത്തിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തലത്തിലുള്ള സാമൂഹിക-രാഷ്ട്രീയ ഇടപെടലുകള്‍ക്കുള്ള ഒരു കേന്ദ്രീകൃത പ്ലാറ്റ്ഫോമായി ഫെഡറേഷനെ വളര്‍ത്തിക്കൊണ്ട് വരാനാണ് ശ്രമിക്കുന്നത്.

റഷാദ് വി.പി
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി

Latest Updates