Articles, Pamphlet

വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക

വംശീയത ചുറ്റിലും നിറഞ്ഞുനിൽക്കുന്ന കാലത്ത് നീതിയെയും മനുഷ്യാവകാശങ്ങളെയും സാഹോദര്യത്തെയും സത്യത്തെയും കുറിച്ചൊക്കെ സംസാരിക്കുന്നതും ചിന്തിക്കുന്നതും ഏറെ പ്രധാനമാണല്ലോ. തിരക്കുപിടിച്ച ജീവിതചുറ്റുപാടുകളിലും സാമൂഹ്യ ​പ്രധാനമായ വിഷയങ്ങൾ ശ്രദ്ധിക്കുകയും ചുറ്റിലും വ്യാപിക്കുന്ന ഇരുട്ടിനെ ചെറുത്ത് വെളിച്ചം പ്രസരിപ്പിക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടത് സാമൂഹികബോധമുള്ള ചെറുപ്പത്തിന്റെ ഉത്തരവാദിത്തമാണ്. അത്തരം യുവ കൂട്ടായ്മകളോട് ചേർന്ന് നിൽക്കേണ്ട കാലം കൂടിയാണിത്. വംശീയതയിലധിഷ്ഠിതമായ സാമൂഹ്യ ക്രമം സൃഷ്ടിക്കുന്ന പ്രതിസന്ധിയിൽ ഇന്ത്യയിലെ മുസ്‍ലിം സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ കുറിച്ച് ഗൗരവത്തിൽ ആലോചിക്കുന്ന സന്ദർഭമാണല്ലോ ഇത്. മുസ്‌ലിം സമുദായത്തെ വംശീയമായി ഉന്മൂലനം ചെയ്യുക എന്നത് ഹിന്ദുത്വ ശക്തികളുടെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇസ്‌ലാമുമായും മുസ്‌ലിങ്ങളുമായും ബന്ധപ്പെട്ടതിനെയെല്ലാം പൈശാചിക വത്കരിക്കുകയും ഭീകരമായി അവതരിപ്പിക്കുകയും ചെയ്യുന്നു. പള്ളി തകർക്കൽ ബാബരിയിൽ ഒതുങ്ങിയില്ല. മുസ്‌ലിങ്ങൾ പട്ടാപ്പകൽ നടുറോഡിൽ അടിച്ചു കൊല്ലപ്പെടുന്നത് സാധാരണ സംഭവമായി മാറിയിരിക്കുന്നു. മുസ്‌ലിംകളുടെ വീടുകളും കടകളും ബുൾഡോസർ ഉപയോഗിച്ച് തകർത്തുകൊണ്ടിരിക്കുന്നു. ഇപ്പോൾ വഖ്ഫിലും കൈവെച്ചിരിക്കുന്നു. ഭരണപരമായും നിയമപരമായും രാഷ്ട്രീയമായും സാമൂഹികമായും കായികമായും മുസ്‌ലിങ്ങളെ വംശീയമായി അടിച്ചമർത്തുന്ന പ്രക്രിയ ശക്തിപ്പെട്ടു കൊണ്ടിരിക്കുന്നു. ഹിന്ദുത്വ ശക്തികളുടെ വംശീയ പദ്ധതിയുടെ ഇരകൾ മുസ്‌ലിംകൾ മാത്രമല്ല. ക്രിസ്ത്യാനികളെയും ദലിതരെയും ആദിവാസികളെയും മറ്റ് കീഴാള ജനവിഭാഗങ്ങളെയുമെല്ലാം അടിച്ചമർത്തുന്ന പദ്ധതിയാണത്. ഈ സങ്കീർണ്ണമായ സാഹചര്യത്തിൽ നമുക്ക് ദൗത്യങ്ങളേറെയുണ്ട്. മൂന്ന് കാര്യങ്ങൾ നാം ശ്രദ്ധിക്കണം.

  1. വംശീയതക്കെതിരെ ശബ്ദിക്കുകയും ജനാധിപത്യ മാർഗേണ സാധ്യമാകുന്ന എല്ലാ പോരാട്ടങ്ങളും ശക്തിപ്പെടുത്തുകയും ചെയ്യുക. എങ്കിൽ മാത്രമേ ഈ വംശീയതയെ അതിജീവിക്കാൻ സാധിക്കുകയുള്ളൂ. അനീതി അനുഭവിക്കുമ്പോൾ നിശബ്ദത പാലിക്കുകയും നിരാശരാവുകയും ചെയ്യുന്ന ഒരു സമൂഹവും ലോകത്ത് അതിജീവിച്ച ചരിത്രമില്ല.
  2. ഇസ്‍ലാം മുന്നോട്ടുവെക്കുന്ന നീതിയിലധിഷ്ഠിതമായ സാമൂഹ്യ ക്രമത്തെക്കുറിച്ച് നിരന്തരം പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
  3. സ്വയം കരുത്തുള്ളവരാവുക. വിശ്വാസത്തിന്റെ കരുത്തിൽ മാത്രമേ ഏത് പ്രതിസന്ധിയേയും അതിജീവിക്കാൻ കഴിയുകയുള്ളൂ.

സോളിഡാരിറ്റിയെ താങ്കൾക്ക് പരിചയമുണ്ടാകും. സോളിഡാരിറ്റി എന്താണെന്ന് ലളിതമായി ഇങ്ങനെ പറയാം: ‘ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് സമൂഹത്തിൽ എഴുന്നേറ്റുനിൽക്കുന്ന യുവാക്കളുടെ ഒരു കൂട്ടം’. സോളിഡാരിറ്റി നടത്തുന്ന മുഴുവൻ പ്രവർത്തനങ്ങളെയും രണ്ട് മേഖലകളിലേക്ക് ചുരുക്കി പറയാം. ഒന്ന്. യുവാക്കളെ പരലോകത്ത് വിജയിക്കുന്നവരാക്കി മാറ്റാൻ പരിശ്രമിക്കുക. അഥവാ ഈമാനും തഖ്‌വയും ധാർമിക വിശുദ്ധിയും ഉത്തമ സ്വഭാവഗുണങ്ങളുമുള്ള ചെറുപ്പക്കാരെ വളർത്തിയെടുക്കാനാണ് സോളിഡാരിറ്റി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിക മൂല്യങ്ങൾ ഏറ്റവും ആദ്യമായി ലഭിക്കേണ്ടത് കുടുംബങ്ങളിൽനിന്നാണ്. അതുകൊണ്ടുതന്നെ യുവാക്കളെ മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും കൂടി ഇസ്‌ലാമിക മൂല്യങ്ങൾ പകർന്നു നൽകുന്ന പ്രവർത്തനങ്ങളും പരിപാടികളും സോളിഡാരിറ്റി നടത്തിക്കൊണ്ടിരിക്കുന്നു. രണ്ട്. ദുനിയാവിൽ മനുഷ്യർ അനുഭവിക്കുന്ന അനീതിയിൽനിന്നും വിവേചനത്തിൽനിന്നും ദുരിതത്തിൽനിന്നും അവരെ കൈപിടിച്ചുയർത്തുക. ഇത് അല്ലാഹു മുസ്‌ലിം സമൂഹത്തെ ഏൽപ്പിച്ച ദൗത്യമാണ്. അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരുടെ അടയാളം എന്താണ്? അവർ നീതിക്കുവേണ്ടി എഴുന്നേറ്റു നിൽക്കുന്നവർ ആയിരിക്കും എന്നതാണ്. ഖുർആനിൽ ഇക്കാര്യം അല്ലാഹു വ്യക്തമാക്കുന്നുണ്ട് (അൽമാഇദ: 8, അന്നിസാഅ്: 135). സമൂഹത്തിൽ അനീതി നടക്കുമ്പോൾ നിശബ്ദനായി ഇരിക്കാൻ വിശ്വാസിക്ക് സാധിക്കുകയില്ല. കൂടെ ജീവിക്കുന്നവർ കഷ്ടപ്പെടുമ്പോൾ കണ്ണടക്കാൻ ഒരു മുസ്‌ലിമിന് കഴിയുകയില്ല. അതുകൊണ്ടാണ് ഒരേസമയം പള്ളിയിലും തെരുവിലും സോളിഡാരിറ്റി പ്രവർത്തകരെ നാം കാണുന്നത്. ഭരണകൂടവും വ്യക്തികളും സംഘങ്ങളും അനീതിയുടെ വാഹകരാവുമ്പോൾ അതിനെതിരെ നാം ശബ്ദിച്ചു കൊണ്ടേയിരിക്കണം. അവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ നീതി സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെടണം. ദുരിതമനുഭവിക്കുന്ന വീടുകളിലേക്കും ദുരന്തം സംഭവിച്ച നാടുകളിലേക്കും സേവനവുമായി നാം കയറിച്ചെല്ലണം. ഇത് ഇസ്‌ലാം പകർന്നു നൽകുന്ന കാഴ്ചപ്പാടാണ്.

പരലോകത്തെ വിജയത്തിന് വേണ്ടിയും ദുനിയാവിൽ നീതി നിലനിൽക്കുന്നതിനുവേണ്ടിയും പരിശ്രമിക്കുന്ന ഈ സംഘത്തിലേക്ക് താങ്കളെയും സ്നേഹത്തോടെ ക്ഷണിക്കുകയാണ്. ദൈവിക ദർശനത്തിന്റെ അടിത്തറയിൽ സമകാലിക സാഹചര്യങ്ങളെ മുൻനിർത്തി യുവത്വത്തെ വഴി നടത്തുകയാണ് പ്രസ്ഥാനം. ഭൗതികാലങ്കാരങ്ങളിലേക്കും അതിന്റെ ആസ്വാദനങ്ങളിലേക്കും മനസും ശരീരവും കൂടുതലായി ആകർഷിക്കപ്പെടുന്ന സമയത്ത് ജൈവികാവശ്യത്തിനപ്പുറം ജീവിതത്തിന് ഉന്നതമായൊരു ലക്ഷ്യമുണ്ടെന്നും അതിന്റെ വഴിയിൽ നിർവ്വഹിക്കാൻ ഉജ്ജ്വലമായൊരു ദൗത്യമുണ്ടെന്നും തിരിച്ചറിഞ്ഞവർ. ഹിന്ദുത്വ ഫാഷിസവും ഇസ്‍ലാമോഫോബിയയും നിറഞ്ഞാടുന്ന സമകാലിക പശ്ചാത്തലത്തിൽ ഇസ്‍ലാമിക ദർശനത്തെ അഭിമാനത്തോടെ പ്രതിനിധീകരിച്ച് ധീരമായി ഇടപെടുന്ന യുവതയെയാണ് സോളിഡാരിറ്റി സൃഷ്ടിച്ചെടുക്കുന്നത്. നിലനിൽക്കുന്ന അധികാര വ്യവസ്ഥിതിയുടെ ശക്തി ദൗർബല്യങ്ങളെ കുറിച്ച് ദൈവശാസ്ത്രപരവും സാമൂഹികവുമായ തിരിച്ചറിവുള്ള, അതേസമയം അനീതിയുടെ അധികാര വ്യവസ്ഥയോട് സ്വീകരിക്കേണ്ട നിലപാടിനെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു സംഘത്തെയാണ് സോളിഡാരിറ്റി സജ്ജമാക്കിയെടുക്കുന്നത്.

നിർവഹിക്കാൻ ദൗത്യങ്ങളേറെയുണ്ട്. ചെയ്തുവെക്കാൻ കനപ്പെട്ട കാര്യങ്ങളൊരുപാടുണ്ട്. വെല്ലുവിളികൾക്കൊപ്പം സാധ്യതകളൊരുപാടുള്ള കാലം കൂടിയാണിത്. ഒരുമിച്ചുള്ള ശബ്ദങ്ങളാണ് കാലം തേടിക്കൊണ്ടിരിക്കുന്നത്. നീതിയുടെയും നൻമയുടെയും ശബ്ദങ്ങൾ ഉയർത്തുന്നവരോടൊപ്പം സോളിഡാരിറ്റിയുണ്ടാകും. വംശീയതക്കും വിവേചനത്തിനുമെതിരായ മുന്നേറ്റത്തിൽ താങ്കളും സോളിഡാരിറ്റിയോടൊപ്പം ഉണ്ടാകുമല്ലോ. താങ്കളുടെ സാന്നിധ്യവും കഴിവുകളും കാത്തിരിക്കുന്നൊരു ജനത ഇവിടെയുണ്ട്. ഈ യുവ കൂട്ടായ്മയിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയാണ്.
ഭാവിയുടെ ചരിത്രത്തിൽ നമ്മുടെ പ്രവർത്തനങ്ങളും പോരാട്ടങ്ങളും അടയാളപ്പെട്ട് കിടക്കും തീർച്ച. പരലോകത്ത് അവ വെളിച്ചമായി നമ്മുടെ കൂടെയുണ്ടാവുകയും ചെയ്യും. ഇൻശാ അല്ലാഹ്……

Latest Updates