Articles

ദല്‍ഹി വംശഹത്യയുടെ നേര്‍ക്കാഴ്ചകള്‍

 

ഗ്യാസ് ചേംബറുകളിലേക്കെത്തും മുമ്പുള്ള വംശഹത്യാ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറുകയാണ് ദല്‍ഹി. പൗരത്വം സംശയത്തിലാക്കുകയെന്നത് വംശഹത്യക്കിരയാക്കുന്നതിനുള്ള ന്യായം മാത്രമാണ്. ചെറുത്തുനില്‍പ്പുകള്‍ സാധ്യമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന വംശഹത്യാ നിയമങ്ങള്‍ക്കെതിരിലെ പോരാട്ടങ്ങളുടെ ഊര്‍ജകേന്ദ്രമായ ദല്‍ഹിയെത്തന്നെ ആസൂത്രിത ആക്രമണങ്ങളുടെ പ്രഥമ ലക്ഷ്യമാക്കി മാറ്റിയതിലൂടെ സംഘ് പരിവാര്‍ രാജ്യത്തിന് നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങളും തയാറെടുപ്പുകളും, ഗല്ലികള്‍ തോറും സ്ത്രീകളെ വരെ ഉപയോഗപ്പെടുത്തിയുള്ള വെറുപ്പിന്റെ പ്രചാരണം, നിയമസംവിധാനങ്ങളെ വരെ നോക്കുകുത്തികളാക്കി മാറ്റിയ സംഘടിതാക്രമണം… അങ്ങനെ പറഞ്ഞും പ്രചരിപ്പിച്ചും വിത്തിട്ട മുസ്‌ലിംഭീതിയുടെയും വംശീയ ഉന്മൂലനത്തിന്റെയും വിളവുകള്‍ രാജ്യതലസ്ഥാനത്തു തന്നെ കൊയ്തെടുക്കാന്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ നടന്നത്. കൃത്യമായ ആസൂത്രണത്തോടെ ഹരിയാനയില്‍നിന്നടക്കം ട്രക്കുകളിലും മറ്റുമായി ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആയുധങ്ങളും കോപ്പുകളും എത്തിച്ചും ആക്രമിക്കേണ്ട തെരുവുകുളിലെ മുസ്‌ലിം വീടുകളില്‍ അടയാളങ്ങളിട്ടും ഹിന്ദു വീടുകള്‍ക്ക് മുന്നില്‍ കാവിക്കൊടികള്‍ കെട്ടിയുമൊക്കെ ആരെയാണ് തങ്ങള്‍ ഉന്മൂലനത്തിന് ഇരയാക്കുന്നതെന്ന് അവര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 24, 25 ദിവസങ്ങളിലാണ് പോലീസിന്റെ പിന്തുണയോടെ സംഘ് പരിവാര്‍ ശിവ്‌വിഹാര്‍ മുതലുള്ള ദല്‍ഹിയുടെ കിഴക്കന്‍ മേഖലകളിലെ മുസ്‌ലിം മേഖലയില്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിട്ടത്.
മേഖലയിലെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാനും സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് എന്തു ചെയ്യാനാവും എന്ന് അന്വേഷിക്കാനുമാണ് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള, ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ എന്നിവര്‍ക്കൊപ്പം വംശഹത്യ അരങ്ങേറിയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്. ഫെബ്രുവരി 28-നാണ് ദല്‍ഹിയിലെത്തിയത്. മനസ്സാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളാണ് സംഘ് പരിവാര്‍ ചെയ്തുകൂട്ടിയിരിക്കുന്നതെന്ന് നേരില്‍ കണ്ടു. യാത്രയിലെ ചില അനുഭവങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.

 

മയ്യിത്തുകളെ കാത്തിരിക്കുന്ന ഖബ്‌റുകള്‍

കത്തിക്കരിഞ്ഞ മുസ്വ്ഹഫുകള്‍ മാത്രം അവശേഷിക്കുന്ന ഫാറൂഖിയ മസ്ജിദും, കത്തിയമര്‍ന്ന ജാമിഅത്തുല്‍ ഹുദാ മദ്‌റസയും കടന്ന് മുസ്തഫാബാദിലെ മെഹ്താബിന്റെയും സാകിറിന്റെയും ഖബ്‌റിസ്ഥാനിലേക്ക് അവരുടെ സഹോദരന്മാരോടൊപ്പം ഞങ്ങളെത്തുമ്പോള്‍, പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞെത്തിയ മറ്റൊരു മയ്യിത്ത് അടക്കുന്നവരുടെ പ്രാര്‍ഥനയായിരുന്നു അവിടെ. പുതുമണം മാറാത്ത പതിമൂന്നോളം ഖബ്‌റുകളോടു ചേര്‍ന്ന് ഇനിയും എത്തേണ്ടവര്‍ക്കായി ഖബ്‌റുകള്‍ കുഴിച്ചുകൊണ്ടേയിരിക്കുന്നു. പഴയ ഖബ്‌റുകളില്‍നിന്ന് ലഭിച്ച എല്ലുകളും തലയോട്ടിയും കൂട്ടിവെച്ചിരിക്കുന്നു. ഖബ്‌റടക്കപ്പെട്ടവരെക്കുറിച്ച് പറയവെ ചെറുപ്പക്കാരനായ ഇമാമിന്റെ ശബ്ദം പതറി, കണ്ണുകള്‍ നിറഞ്ഞൊഴുകി.
ഖബ്‌റിസ്ഥാനില്‍നിന്ന് മടങ്ങിവരവെ ഞങ്ങള്‍ക്ക് അവിടത്തെ ജനങ്ങള്‍ കാണിച്ചുതന്നു, ഗല്ലിയില്‍ ഖബ്‌റിസ്ഥാനോട് അത്രയൊന്നും അകലെയല്ലാതെ ചെറുപോറല്‍ പോലുമേല്‍ക്കാതെ അവര്‍ സംരക്ഷിച്ച ഒരു ക്ഷേത്രകവാടം. അതിനു മുന്നില്‍ ജനക്കൂട്ടത്തോട് സംസാരിച്ചുനില്‍ക്കുന്ന ക്ഷേത്രപ്രമുഖനും. പോരാടാനും  ചേര്‍ത്തു പിടിക്കാനും ഇനിയുമൊരുപിടി നന്മകള്‍ നമുക്ക് ബാക്കിയുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന കാഴ്ചയായിരുന്നു അത്.
കറുത്തിരുണ്ട മഴമേഘങ്ങള്‍ക്കു താഴെ കരിപുരണ്ട ജീവിതം തിരികെപ്പിടിക്കാന്‍ അവശേഷിക്കുന്ന കടകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നവര്‍, അല്‍ ഇസ്‌ലാഹ് പബ്ലിക് സ്‌കൂളിലെ സന്നദ്ധ സംഘടനകളുടെ ക്യാമ്പില്‍ രേഖകളുമായി കാത്തിരിക്കുന്നവര്‍, ജി.ടി.ബി ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലെത്തിയ അജ്ഞാത മൃതദേഹം പിതാവിന്റേതെന്നറിഞ്ഞ് വിതുമ്പുന്ന യുവാവ്, കരച്ചിലടക്കാന്‍ പാടുപെടുന്ന കുടുംബാംഗങ്ങള്‍….. ആദ്യദിനം യാത്രയില്‍ കണ്ടുമുട്ടിയവരാരും കണ്ണില്‍നിന്ന് ഇനിയും മാഞ്ഞിട്ടില്ല.
നട്ടെല്ലിന് സമീപം വെടിയേറ്റ് ഒരു കാല്‍ ചലനമറ്റ 11 വയസ്സുകാരനായ അനാഥ ബാലന്‍ ഫൈസാനോടും കൈയറ്റുപോയവരും മുറിഞ്ഞുവീണ കാല്‍ തുന്നിച്ചേര്‍ത്തവരുമൊക്കെയായ സഹോദരന്മാരോടും കുടുംബാംഗങ്ങളോടും സോളിഡാരിറ്റി കൂടെയുണ്ടാകുമെന്ന് ഉറപ്പു നല്‍കി പുനരധിവാസ  ചുമതലകള്‍ ഏറ്റെടുത്ത് പുറത്തിറങ്ങുമ്പോള്‍ അതുവരെ കറുത്തിരുണ്ട മാനം ആശ്വാസമഴയായി പെയ്തിറങ്ങുന്നുണ്ടായിരുന്നു.
‘എനിക്കറിയുന്നവര്‍ തന്നെയാണ് എന്റെ ഈ വലതു കൈ വെട്ടിമാറ്റിയത്’- ദല്‍ഹി ജി.ടി.ബി ഹോസ്പിറ്റലില്‍ അറ്റുപോയ വലതു കൈയിന്റെ വേദനയടക്കി 17 വയസ്സുള്ള ഭജന്‍പൂരുകാരനായ  ഇക്‌റാം മുഹമ്മദ് പതിഞ്ഞ ശബ്ദത്തില്‍ ഞങ്ങളോട് പറയുന്നത് കേട്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയി. പുറത്തുനിന്നെത്തിയ അക്രമികള്‍ക്ക് മുസ്‌ലിംകളെ കാണിച്ചുകൊടുത്തതും ചിലരെ നേരിട്ട് അക്രമിച്ചതും നല്ല പരിചയമുള്ളവരും അയല്‍വാസികളുമായിരുന്നു. വംശഹത്യ ആസൂത്രണം ചെയ്തവര്‍ മാനുഷിക ബന്ധങ്ങളെ മറികടക്കുംവിധം വിദ്വേഷ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവിടെ നടത്തിയിരുന്നു എന്നതിന് ഇതില്‍പരം വലിയ തെളിവ് ആവശ്യമില്ല. മുസ്ലിമല്ലേ, നിങ്ങളാണ് ഈ പ്രശ്നത്തിനൊക്കെ കാരണം- ഗുരുതര പരിക്കുമായി ഹോസ്പിറ്റലിലെത്തിയവരോട് അധികൃതര്‍ പറഞ്ഞ വാക്കുകള്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു.
ദല്‍ഹി ഗല്ലികളിലേക്ക് കടന്നു ചെല്ലുന്തോറും ഇത്തരം അനുഭവങ്ങളിലൂടെ വീണ്ടും വീണ്ടും കടന്നുപോകേണ്ടിവന്നു. സംഘ് പരിവാര്‍ പദ്ധതികള്‍ക്ക് അരുചേര്‍ന്ന് ഭരണകൂടവും നീതിപാലകരും നിഷ്‌ക്രിയരായി നിന്ന് ഒരു ജനതയെ എങ്ങനെയാണ് വംശഹത്യയിലേക്ക് തള്ളിവിട്ടതെന്ന് അത്തരം അനുഭവങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരിക്കും; ഗുജറാത്തില്‍നിന്ന് അത്ര ദൂരത്തല്ല ദല്‍ഹിയെന്നും.

അക്ഷരങ്ങളുടെ ശത്രുക്കള്‍

ശിവ്‌വിഹാറിലെ സ്‌കൂളാണ് സംഘ് പരിവാര്‍ ആക്രമണത്തിനുള്ള കേന്ദ്രമായി ഉപയോഗിച്ചത്. ദല്‍ഹി ശിവ്‌വിഹാര്‍ ഡി.ആര്‍.പി സ്‌കൂളിലെയും സമീപത്തുള്ള രാജധാനി സ്‌കൂളിലെയും കത്തിക്കരിഞ്ഞ ലൈബ്രറിയും പൊട്ടിത്തകര്‍ന്ന ബ്ലാക്ക് ബോര്‍ഡും രാവിലെ കാണുമ്പോള്‍ അത്ഭുതം തോന്നിയിരുന്നില്ല. വംശവെറിയന്മാര്‍ക്ക് അക്ഷരങ്ങളെ എന്നും ഭയമായിരുന്നല്ലോ. വിദ്യാസമ്പന്നരായവര്‍ തന്നെയാണ് ഈ കൊടുംക്രൂരതകള്‍ക്കെല്ലാം നേതൃത്വം നല്‍കിയത്.
ദല്‍ഹി മൈനോറിറ്റി കമീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാനുമായി സംസാരിക്കുന്നതിനിടയില്‍ ഗാര്‍ഡിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ ഫോണിലൂടെ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. പെട്രോള്‍ ആസിഡ് ബോംബുകളുമായി പ്രദേശവാസികള്‍ക്കൊപ്പം ട്രക്കുകളില്‍ സ്‌കൂളിലെത്തിയ ഹരിയാന ചുവയില്‍ സംസാരിച്ചിരുന്ന പരിശീലനം നേടിയ അക്രമികള്‍ മണിക്കൂറുകളോളം അവിടം ബേസ് ക്യാമ്പായി ഉപയോഗിച്ച് ആക്രമണമഴിച്ചുവിട്ട് തെളിവുകളെല്ലാം നശിപ്പിച്ച് മടങ്ങിയതിനെക്കുറിച്ചാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞുകൊണ്ടിരുന്നത്. പ്രദേശത്തെ മുസ്‌ലിംകളാണ് ഈ സ്‌കൂളുകള്‍ തച്ചുതകര്‍ത്തതെന്ന സംഘ് പരിവാര്‍ വാദങ്ങള്‍ വിളമ്പിക്കൊണ്ടിരിക്കുന്ന ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നതില്‍നിന്ന് വ്യത്യസ്തമാണ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞ കാര്യങ്ങള്‍. പ്രദേശത്തുനിന്നുള്ള ആയിരക്കണക്കിന് കോളുകളോട് പ്രതികരിക്കാത്ത പോലീസിന്റെ നിഷ്‌ക്രിയത്വത്തെക്കുറിച്ചുള്ള ആവലാതിയുമുണ്ടായിരുന്നു അദ്ദേഹത്തിന്റെ സംസാരത്തില്‍.
സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകളൊന്നും ഇതുവരെ തുടങ്ങാത്ത ദല്‍ഹിയില്‍ മുസ്തഫാബാദിലെ ഈദ്ഗാഹ് നഗരിയില്‍ ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പ് ഒരുക്കുന്നതിനിടയില്‍ പെട്ടെന്ന് പ്രദേശം ജനനിബിഢമായി. ഈദ്ഗാഹിനോട് ചേര്‍ന്നുള്ള ഖബ്‌റിസ്ഥാനിലേക്ക് മറ്റൊരു മയ്യിത്ത്കട്ടില്‍ കൂടി ആളുകള്‍ ചുമന്നു കൊണ്ടുവരികയാണ്; ശിവ്‌വിഹാര്‍ ചാര്‍ നമ്പറിലെ ആഖിലിന്റെ മയ്യിത്ത്.

 

ഡോ. അന്‍വറിന്റെ അല്‍ഹിന്ദ് ഹോസ്പിറ്റല്‍

പരിക്കേറ്റവര്‍ക്ക് ഫസ്റ്റ് എയ്ഡ് നല്‍കാനുള്ള സൗകര്യങ്ങള്‍ മാത്രമുള്ള  ഡോ. അന്‍വറിന്റെ അല്‍ ഹിന്ദ് ഹോസ്പിറ്റലിലെ ക്യാമ്പില്‍ 50-ലധികം കുടുംബങ്ങള്‍ കഴിയുന്നുണ്ട്. അക്രമത്തിന്റെ പ്രാരംഭ ഘട്ടത്തില്‍തന്നെ കുടുംബങ്ങള്‍ക്ക് ഹോസ്പിറ്റലില്‍ അഭയം ഒരുക്കി ധീരമായ നിലപാടെടുത്ത ഡോ.അന്‍വറിനും ഈദ്ഗാഹിലെ ക്യാമ്പ് ചുമതലയുള്ള യുനൈറ്റഡ് എെഗയ്ന്‍സ്റ്റ് ഹേറ്റ് കണ്‍വീനര്‍ നദീം ഖാനും ആവശ്യമായ പിന്തുണ ഉറപ്പാക്കി ഞങ്ങള്‍ മടങ്ങുമ്പോള്‍ പിന്തുണയറിയിച്ചുള്ള പലരുടെയും കോളുകള്‍ ഫോണില്‍ വന്നിട്ടുണ്ടായിരുന്നു. സോളിഡാരിറ്റി ഉണ്ടാകുമെങ്കില്‍ ഈ കുടുംബങ്ങളെ ഏറ്റെടുക്കാമെന്ന് പറയുന്നവര്‍. ക്യാമ്പിലേക്കുള്ള 1500 ബെഡുകളും പില്ലോകളും ബ്ലാങ്കറ്റുകളും വാഗ്ദാനം ചെയ്ത് കേരളത്തില്‍നിന്ന് വിളിച്ച വ്യാപാരിയുടെ വാഗ്ദാനം അതിലൊന്നായിരുന്നു.

ഡ്രൈനേജില്‍ ചവിട്ടിത്താഴ്ത്തിയ മൃതദേഹങ്ങള്‍

ശിവ്‌വിഹാറില്‍ അഗ്നിക്കിരയാക്കപ്പെട്ടത് നൂറുകണക്കിന് വീടുകളാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും സുപ്രീം കോടതി അഡ്വക്കറ്റുമാര്‍ക്കു പോലും ഇപ്പോഴും അങ്ങോട്ട് പ്രവേശനമില്ല. സന്ദര്‍ശിക്കാന്‍ അവസരം ലഭിച്ച ഇടങ്ങളിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ മാധ്യമങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞത്. ഡ്രൈനേജുകള്‍ക്കിടയില്‍ ചവിട്ടിത്താഴ്ത്തിയ നിലയില്‍ അഴുകിയ അഞ്ച് മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. വിവരം നല്‍കുക എന്നല്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതു പോലും അതീവ ദുഷ്‌കരം.
സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു: ശിവ്‌വിഹാറില്‍ അഞ്ഞൂറിലധികം വരുന്ന സംഘ് പരിവാര്‍ അക്രമികള്‍ പോലീസ് വലയത്തിലാണ് ആക്രമണം നടത്തി നീങ്ങിയത്. അക്രമവും തീവെപ്പും നടത്തിയ ശേഷം പരിസരവാസികള്‍ അവിടങ്ങളില്‍ കൊള്ളയടി തുടര്‍ന്നുകൊണ്ടിരുന്നു. ആള്‍ക്കൂട്ടം മോജ്പൂരില്‍ എത്തുമ്പോള്‍ പ്രദേശവാസികള്‍ സുരക്ഷക്കായി ചെറുത്തുനില്‍ക്കാന്‍ തീരുമാനിച്ചതോടെ അവര്‍ പിന്മാറുകയായിരുന്നു. ചെറുത്തുനില്‍ക്കുന്നവരെ അത്രമേല്‍ ഭയക്കുന്നുണ്ട് ഇക്കൂട്ടര്‍.

പൗരത്വസമരം തുടങ്ങിയ ജാമിഅയില്‍

പാട്ടും പറച്ചിലും വരയും മാത്രമല്ല, ചായവരെ ഇങ്ക്വിലാബാക്കി എത്ര സര്‍ഗാത്മകമായാണ് നമ്മുടെ കാമ്പസുകള്‍ ചെറുത്തുനില്‍ക്കുന്നതെന്ന് ജാമിഅ മില്ലിയ്യയിലെത്തിയാല്‍ ബോധ്യപ്പെടും. ‘ഇങ്ക്വിലാബി ചായ രുചിച്ചുനോക്കൂ, മോദിജി രാജ്യം വില്‍ക്കല്‍ അവസാനിപ്പിക്കും’- ചായ വില്‍ക്കുന്നിടത്തെ എഴുത്തങ്ങനെയാണ്.
കത്തിക്കരിഞ്ഞ ഫാറൂഖിയ മസ്ജിദിനു മുന്നിലെ ചുമരിലും എഴുതിയത് കണ്ടിരുന്നു; ‘ചായ് ബേച്, ദേശ് ന ബേച്’ (ചായ വിറ്റോളൂ, രാജ്യം വില്‍ക്കരുത്).
ശാഹീന്‍ ബാഗിലേക്കായിരുന്നു അവസാനമായി പോയത്. രാത്രി വൈകിയും തുടരുന്ന പ്രക്ഷോഭ പരിപാടികളില്‍ സംസാരിക്കണമെങ്കില്‍ തലേദിവസം തന്നെ അറിയിക്കണമായിരുന്നു. എന്നാല്‍ ഞങ്ങളെ കണ്ടതോടെ പ്രദേശവാസികളായ സാഹിദും അത്ഹറും നേരെ വേദിയിലേക്ക് ആനയിച്ചു. ഭക്ഷണ സമയമായിരുന്നു. സിഖ് വിഭാഗക്കാര്‍ നടത്തുന്ന ഭക്ഷണ വിതരണ (ലങ്കര്‍) സ്റ്റാളുകളുടെ മുന്നിലെ നീണ്ട ക്യൂ വംശീയ ആക്രമണത്തിന് ഇരയാക്കപ്പെട്ടവരുടെ ഐക്യപ്പെടല്‍ കൂടിയായിരുന്നു.

പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

വംശഹത്യക്ക് ഇരയായവരെ പുനരധിവസിപ്പിക്കുകയാണ് വടക്കു കിഴക്കന്‍ ദല്‍ഹിയില്‍ അടിയന്തരമായി ചെയ്യാനുള്ളത്. പോലീസും കൂടി ചേര്‍ന്നാണ് കലാപങ്ങള്‍ നടത്തിയത് എന്നതിനാല്‍ കേസുകളും മറ്റു നിയമനടപടികളും മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ പ്രയാസപ്പെടും. മാത്രമല്ല, ഇതുവരെ ദല്‍ഹി പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയവരെല്ലാം മുസ്ലിംകളാണ്. ചില മുസ്ലിം നേതാക്കളെ കലാപത്തിന്റെ നേതാക്കളാക്കി ചിത്രീകരിച്ച് സംഘ് പരിവാറിനനുകൂലമായ കഥ മെനയാന്‍ തുടങ്ങിയിരിക്കുന്നു. മുസഫര്‍നഗറില്‍ മുമ്പ് മുസ്ലിം വംശഹത്യ നടന്നപ്പോള്‍ എന്താണോ പിന്നീടുണ്ടായത് അതിനെ ഓര്‍മിപ്പിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ദല്‍ഹിയിലും സംഭവിക്കുന്നത്. മുസഫര്‍നഗറില്‍ കൊലയും കൊള്ളിവെപ്പും നടത്തിയ ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ഒരാള്‍ക്കെതിരെയും കേസെടുക്കുകയുമുണ്ടായില്ല. കാരണം സ്വത്തുക്കള്‍ നശിച്ചതിന് മാത്രമാണ് പോലീസ് കേസെടുത്തത്. പ്രതികളെ ചൂണ്ടിക്കാണിച്ചിട്ടുപോലും അവരുടെ പേര് എഫ്.ഐ.ആറുകളില്‍ ചേര്‍ത്തില്ല. അതുതന്നെയാണ് ദല്‍ഹിയിലും ആവര്‍ത്തിക്കുന്നത്. അതിനാല്‍ നിയമപരമായ ഇടപെടലുകള്‍ ഇവിടെ അനിവാര്യമാണ്. അവിടെയുള്ള വിവിധ കൂട്ടായ്മകളുമായി സഹകരിച്ച് സോളിഡാരിറ്റി നിയമ സഹായ-പുനരധിവാസ പദ്ധതി തയാറാക്കിയിട്ടുണ്ട്.
ജീവിതമാര്‍ഗങ്ങളായ കച്ചവടം, ഷോപ്പുകള്‍ മുതല്‍ എല്ലാം നഷ്ടപ്പെട്ടവര്‍ ഇവിടെയുണ്ട്. വിദ്യാഭ്യാസവും മറ്റും മുടങ്ങിയവരുണ്ട്. അവര്‍ക്കെല്ലാം ജീവിതത്തിലേക്ക് തിരിച്ചുവരാനാകണം. അതിനുള്ള സഹായങ്ങളുണ്ടാവണം. യാത്രകഴിഞ്ഞ് കേരളത്തില്‍ തിരിച്ചെത്തിയതിനു ശേഷവും പലരും വിളിച്ച് അന്വേഷിക്കുന്നു, സഹായങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. 50 വിദ്യാര്‍ഥികളുടെ പഠനമേറ്റെടുക്കാന്‍ സോളിഡാരിറ്റി പദ്ധതി തയാറാക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിന് സമൂഹത്തിന്റെ വിവിധ കോണുകളില്‍നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കൂട്ടായ്മകളുടെ ശ്രദ്ധ നിയമ സഹായത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പതിയേണ്ടതുണ്ട്.

ഈ ജനത അതിജീവിക്കുക തന്നെ ചെയ്യും

‘നിങ്ങള്‍ ഇവിടെ ഇറങ്ങി നടക്കുമോ? എനിക്ക് വേഗം വീട്ടിലെത്തണം, എന്തോ പ്രശ്നമുണ്ട് അവിടെ!’ – രണ്ടു ദിവസമായി കൂടെയുള്ള ഡ്രൈവര്‍ നവേദ് ഞങ്ങളെ ജാമിഅ നഗറിലെത്തിക്കുന്നതിനു മുമ്പ് വഴിയില്‍ യാത്രയവസാനിപ്പിച്ച് പോകുമ്പോള്‍ ഭയമല്ല, നിശ്ചയദാര്‍ഢ്യമാണ് അവന്റെ കണ്ണിലുണ്ടായിരുന്നത്. വേഗത വര്‍ധിച്ച വാഹനങ്ങള്‍ക്കും ധൃതിയില്‍ അടച്ചുകൊണ്ടിരിക്കുന്ന കടകള്‍ക്കുമിടയിലൂടെ നടക്കുമ്പോള്‍ ദല്‍ഹിയിലെ അന്തരീക്ഷത്തിന് കനം കൂടുന്നത് ഞങ്ങള്‍ ശരിക്കും അനുഭവിക്കുന്നുണ്ടായിരുന്നു. കിഴക്കന്‍ ദല്‍ഹിയിലെ സംഭവങ്ങള്‍ക്ക് ശേഷം മുസ്‌ലിം മേഖലയിലുള്ളവരെല്ലാം ജാഗ്രതയിലാണ്. പോലീസിന്റെ സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങളെ അതിജീവിച്ച് തങ്ങള്‍ ഇവിടെത്തന്നെ ജീവിക്കുമെന്ന നിശ്ചയദാര്‍ഢ്യം  അവരുടെ വാക്കിലും ചലനങ്ങളിലുമുണ്ട്. പൊതുജനങ്ങളില്‍ ആ വികാരം നന്നായി കാണാനാകുന്നുണ്ട്. അവരെ കൃത്യമായ രാഷ്ട്രീയ ബോധത്തോടെ മുന്നോട്ടു നയിക്കാനാകുന്ന നേതൃത്വം കൂടി ധീരത കാണിച്ചാല്‍ എല്ലാ പ്രതിസന്ധികളെയും ഈ ജനത അതിജീവിക്കുക തന്നെ ചെയ്യും.
ശാഹീന്‍ ബാഗില്‍ വിദ്യാര്‍ഥികള്‍ ചെയ്ത ഗ്രാഫിറ്റി വര്‍ക്കിലെ വരികളില്‍…..
ജിസ് മേ ന ഹൊ ഇങ്ക്വിലാബ്..
മൗത് ഹെ വൊ സിന്ദഗി.
റൂഹേ ഉമമ് കി ഹയാത്..
കശ്മകശെ ഇങ്ക്വിലാബ്
(വിപ്ലവമില്ലെങ്കില്‍ മരണതുല്യം ഈ ജീവിതം
വിപ്ലവ ജീവിതത്തിലെ സംഘര്‍ഷങ്ങളത്രെ
ജനതകളുടെ ജീവിതോര്‍ജം).

 

– സി.എ നൗഷാദ്
ലേഖകന്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയായിരുന്നു.

കടപ്പാട് – പ്രബോധനം

 

Latest Updates