Articles

ബന്ന മുതല്‍ ആഖിഫ് വരെ: രക്തസാക്ഷിത്വങ്ങള്‍ വെറുതെയാകില്ല

ഈജിപ്തിലെ സമുന്നത ഇഖ്‌വാന്‍ നേതാവായിരുന്ന മുഹമ്മദ് മഹ്ദി ആഖിഫ് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കുകയും അവന്റെ മാര്‍ഗത്തിലെ രക്തസാക്ഷിയായി അദ്ദേഹത്തെ രേഖപ്പെടുത്തുകയും ചെയ്യട്ടെ.
2009 ഫെബ്രുവരി 7-നാണ് ഉസ്താദ് മഹ്ദി ആഖിഫിനെ കണ്ടത്. ഒരിക്കല്‍ മാത്രമേ അദ്ദേഹത്തെ കാണാന്‍ അവസരം ലഭിച്ചിട്ടുള്ളൂ. ഹുസ്‌നി മുബാറക്കിന്റെ ഭരണകാലത്ത് ഈജിപ്തിലെ സ്ഥിതിഗതികള്‍ മനസ്സിലാക്കാനും അസ്ഹര്‍ സര്‍വകലാശാല സന്ദര്‍ശിക്കാനും ഈജിപ്തിലേക്ക് യാത്രതിരിച്ചപ്പോള്‍ ഇഖ്‌വാന്‍ ഹെഡ്‌കോട്ടേഴ്‌സില്‍ പോകാനും ആഗ്രഹിച്ചിരുന്നു. ഏകാധിപത്യഭരണത്തിന് കീഴില്‍ വളരെ അസ്വസ്ഥതകളുണ്ടാക്കുന്ന സന്ദര്‍ശനമായിരുന്നു അത്. അന്ന് കൂടെയുണ്ടായിരുന്ന ഇഖ്‌വാനികളായ സഹോദരങ്ങള്‍ ഹെഡ്‌കോട്ടേഴ്‌സ് സന്ദര്‍ശിക്കാനുള്ള എന്റെ പദ്ധതി അറിയിച്ചപ്പോള്‍ അവര്‍ എന്നെ ഒറ്റക്ക് ടാക്‌സിയില്‍ വിടുകയാണ് ചെയ്തത്. കാരണം സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് സന്ദര്‍ശിക്കാനുള്ള സാഹചര്യങ്ങള്‍ അന്ന് ഇഖ്‌വാനികള്‍ക്കില്ലായിരുന്നു. ഒരു ടാക്‌സിയില്‍ ഞാന്‍ അവിടേക്ക് പുറപ്പെട്ടു.


ഇഖ്‌വാന്റെ കേന്ദ്രആസ്ഥാനം എല്ലാവര്‍ക്കും അറിയാവുന്ന ഓഫീസും വലിയ ബോര്‍ഡുകൊക്കെയുള്ള കെട്ടിടമാകുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എല്ലാവര്‍ക്കും അത് അറിയുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. ടാക്‌സി പറഞ്ഞ സ്ഥലത്തെത്തിയെങ്കിലും അവിടെ അന്വേഷിച്ചിട്ട് ആര്‍ക്കും അങ്ങനെയൊരു ഓഫീസിനെ കുറിച്ച് അറിയില്ല. അവസാനം പറഞ്ഞ കെട്ടിടം കണ്ടെത്തി അവിടെയിറങ്ങി. ഈജിപ്തില്‍ നിന്ന് പുറത്തുപോകാന്‍ വിമാനത്താവളത്തിലേക്കുള്ള പോക്കിലാകണം ഇഖ്‌വാന്‍ ഓഫീസ് സന്ദര്‍ശനം എന്ന് എന്നോട് ആദ്യമേ ഇഖ്‌വാനികള്‍ പറഞ്ഞിരുന്നു. ഈജിപ്തിലെ സന്ദര്‍ശത്തില്‍ ബാക്കിയെല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി അവിടെ പോയാല്‍മതി. കാരണം അവിടെ സന്ദര്‍ശിച്ചാല്‍ പിന്നെ ഈജിപ്തില്‍ തുടരാനാവില്ല. ആ കെട്ടിടത്തിലെത്തിയപ്പോള്‍ ആ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലായി. ആ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ ഒരു വാതിലില്‍ ഏതാനും സെന്റിമീറ്റര്‍ വലുപ്പത്തില്‍ അല്‍ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ എന്ന ഒരു എഴുത്തുണ്ട്. അതാണ് ഇഖ്‌വാന്റെ കേന്ദ്രഓഫീസ്. എഴുപത് രാജ്യങ്ങളില്‍ ശാഖകളുള്ള, മില്യണ്‍ കണക്കിന് അനുയായികളുള്ള പ്രസ്ഥാനത്തിന്റെ കേന്ദ്രഓഫീസാണത്. ആകെ ചെറിയൊരു ഹാളിന്റെ വലുപ്പമാണതിനുള്ളത്. ഇടുങ്ങിയ റൂമുകളിലാണ് ഭാരവാഹികളിരിക്കുന്നത്.
ഓഫീസിലുണ്ടായിരുന്ന മുതിര്‍ന്ന നേതാക്കളായ ഡോ. അസ്സാം ഉര്‍യാന്‍, ഡോ. അബ്ദുല്ലാ ഹബീബ് എന്നിവരുമായി സംസാരിച്ചിരിക്കുമ്പോഴാണ് ഓഫീസിലേക്ക് ഉസ്താദ് മഹ്ദി ആഖിഫ് കടന്നു വരുന്നത്. അദ്ദേഹം പറഞ്ഞ സമയത്തേക്കാള്‍ അല്‍പ്പം വൈകിയാണ് എത്തിയത്. ഓടിക്കിതച്ച് ഞാനിരിക്കുന്ന റൂമിലേക്കാണ് വന്നത്. എന്നിട്ട് അദ്ദേഹം എന്നോട് പറഞ്ഞു: ക്ഷമിക്കണം, അല്‍പം നേരം വൈകി. ഞാന്‍ ജയിലില്‍ ആയിരുന്നു. നമ്മുടെ സഹപ്രവര്‍ത്തകരെ സന്ദര്‍ശിച്ചു വരികയാണ്. അവരെ കണ്ടിട്ട് കുറച്ചു ദിവസങ്ങളായിരുന്നു.


ഇഖ്‌വാനും ഹുസ്‌നി മുബാറക്കും തമ്മില്‍ പ്രശ്‌നങ്ങളുള്ള കാലമായിരുന്നു അത്. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രയേലിനെയും സയണിസ്റ്റുകളെയും അറബ് ഭരണാധികാരികളെയും ശക്തമായി വിമര്‍ശിച്ച് പ്രസ്താവനയിറക്കിയ സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ഇഖ്‌വാന്‍ പ്രവര്‍ത്തകരെ കൂടുതലായി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് മഹ്ദി ആഖിഫ് സംസാരിച്ചു തുടങ്ങിയത്. നിലവിലെ അവസ്ഥകള്‍, ജമാഅത്തെ ഇസ്‌ലാമിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധങ്ങള്‍ ഒക്കെ സംസാരത്തില്‍ കടന്നുവന്നു. ഇമാം മൗദൂദിയുടെ സംഭാവനകള്‍, അദ്ദേഹം നേരിട്ട പ്രതിസന്ധികള്‍, അത്തരം പ്രതിസന്ധികളും ഇഖ്‌വാന്‍ നേരിടുന്ന പ്രതിസന്ധികളും തമ്മിലുള്ള താരതമ്യം എല്ലാം അദ്ദേഹം വിശദമായി ചര്‍ച്ച ചെയ്തു.
മഹ്ദി ആഖിഫിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത നമ്മോട് ഒരപരിചിതത്വവുമില്ലാതെ പെട്ടെന്ന് അടുക്കുമെന്നതാണ്. മിക്ക ഇഖ്‌വാന്‍ നേതാക്കളുടെയും സ്വഭാവമങ്ങിനെതന്നെയാണ്. നമുക്കിടയില്‍ സ്ഥാനത്തിന്റെയോ മറ്റോ ഒരു മറയും ഇടപെടലുകളില്‍ അവശേഷിക്കുന്നതായി തോന്നില്ല. സ്‌നേഹമെന്നത് സ്വഭാവത്തിന്റെ അടിസ്ഥാന ഗുണമായി തര്‍ബിയ്യത്തിന്റെ ഭാഗമായി തന്നെ സൂക്ഷിക്കുന്നവരാണവര്‍. ഒരു കൃത്രിമത്വവിമില്ലാത്ത പരസ്പര ബന്ധത്തിലും നമുക്കത് കാണാം. മഹ്ദി ആഖിഫ് വളച്ചുകെട്ടില്ലാതെ ധാരാളം കാര്യങ്ങള്‍ പങ്കുവെച്ചു.
അദ്ദേഹത്തെ ഈ ഒറ്റത്തവണ മാത്രമേ ഞാന്‍ നേരില്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ ഇഖ്‌വാന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുന്നൊരാളെന്ന നിലയില്‍ മഹ്ദി ആഖിഫിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം നേതൃത്വമേറ്റെടുത്തത് മുതല്‍ ഇഖ്‌വാനില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. അല്‍ഇസ്വ്‌ലാഹിയ്യൂന്‍ (പരിഷ്‌കരണവാദികള്‍) എന്ന പേരില്‍ ഒരു വിഭാഗം ഇഖ്‌വാനില്‍ വളര്‍ന്നു വരുന്ന ഘട്ടമാണിത്. ഇതിനെ തര്‍ബിയ്യ പ്രശ്‌നമായി കാണാതെ, പരിഷ്‌കരണത്തിനായുള്ള പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും പാരമ്പര്യ വാദങ്ങളെ നിയന്ത്രിക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഡോ. അസ്സാമുല്‍ ഉര്‍യാനെ പോലുള്ളവര്‍ പരിഷ്‌കരണവാദികളായിരുന്നു. ഇഖ്‌വാന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്നത് അവരുടെ ആവശ്യമായിരുന്നു.
ഇഖ്‌വാന്റെ മുര്‍ശിദുമാരില്‍ ഏറ്റവും സജീവമായി നിന്ന ആളായിരുന്നു ആഖിഫ്. എല്ലാ മുര്‍ശിദുകളും വ്യത്യസ്ത പ്രത്യേകതകളുള്ളവരായിരുന്നു. ചിലര്‍ വലിയ ചിന്തകരായിരുന്നു. മറ്റു ചിലര്‍ ആത്മീയപ്രഭാവമുള്ളവര്‍, വെറെ ചിലര്‍ ശാന്തപ്രകൃതരായ നേതാക്കള്‍ ഇങ്ങനെ പലതായിരുന്നു അവര്‍. ഇതില്‍ പലതും കൂടിച്ചേര്‍ന്നൊരു വ്യക്തിത്വമായിരുന്നു ആഖിഫ്. അതുകൊണ്ടുതന്നെ ഹുസ്‌നി മുബാറഖിന് ഏറ്റവും പേടിയുള്ള നേതാവുകൂടിയായിരുന്നു അദ്ദേഹം. അതിന് പല കാരണങ്ങളുണ്ടായിരുന്നു. എല്ലാം വെട്ടിത്തുറന്നു പറയുന്ന പ്രകൃതം, ഈജിപ്തില്‍ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം, ഈജിപ്തില്‍ അറിയപ്പെട്ട പണ്ഡിതന്‍ ഇതെല്ലാമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ പല നേതാക്കളെയും അറസ്റ്റ് ചെയ്തപ്പോഴും ആഖിഫിനെ തൊടാന്‍ മുബാറക് ഭരണകൂടം ധൈര്യപ്പെട്ടിരുന്നില്ല.
സംഘടയുടെ വളര്‍ച്ചയില്‍ ആഖിഫ് പ്രത്യേക ശ്രദ്ധ നല്‍കി. സംഘടനയിലെ യുവാക്കളോട് ഈജിപ്തിലെ എല്ലാ ഗ്രൂപ്പുകളോടും ഒരു മറയുമില്ലാതെ ഇടപെടണമെന്നും അവരോട് സഹകരിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, ദേശീയവാദികള്‍, ഇടതുപക്ഷക്കാര്‍, വഫ്ദ് പാര്‍ട്ടി തുടങ്ങീ വിവിധ വിഭാഗങ്ങളുടെ ഓഫീസുകളില്‍ അദ്ദേഹം നേരിട്ട് പോവുകയും അവരോട് ആശയവിനിമയങ്ങള്‍ നടത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണശേഷം വിവിധ പാര്‍ട്ടികള്‍ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഈ ബന്ധങ്ങള്‍ സചിപ്പിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് 2004-ല്‍ മുര്‍ശിദ് ആയ അദ്ദേഹം ഒരു വര്‍ഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇഖ്‌വാന് 88 സീറ്റുകള്‍ നേടാന്‍ സാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. നിരോധനം നിലനില്‍ക്കുന്ന ഒരു പാര്‍ട്ടിക്കാണ് ഇത്രയും സീറ്റുകള്‍ നേടികൊടുത്തത്. 40 സീറ്റുകളില്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതിനാല്‍ വിജയം നഷ്ടമാവുകയും ചെയ്തു. നിരോധനങ്ങളുണ്ട് ജയിലുകളുണ്ട് എന്ന വാദങ്ങല്‍ നിരത്തി സംഘടനയെ പരിമിതമാക്കാനോ പ്രവര്‍ത്തനങ്ങള്‍ രഹസ്യമാക്കാനോ അല്ല ആഖിഫ് തുനിഞ്ഞത്. മറിച്ച് സംഘടനയെ പരമാവധി പുറത്തുകൊണ്ടുവരാനും ജനങ്ങളിലേക്കും മറ്റു പാര്‍ട്ടികളിലേക്കും തുറന്നുവെക്കാനാണ് അദ്ദേഹം ശ്രമിച്ചത്.
സംഘടനടയെ പുറത്തേക്ക് വ്യാപിപ്പിക്കുന്നതോടൊപ്പം സംഘടനക്കകത്തും അദ്ദേഹം വലിയ പരിഷ്‌കരണങ്ങളാണുണ്ടാക്കിയത്. ഇഖ്‌വാന് ഒരു ജീവിച്ചിരിക്കുന്ന മുന്‍മുര്‍ശിദുണ്ടാകണം എന്നത് അദ്ദേഹത്തിന്റെ വലിയ ആഗ്രഹമായിരുന്നു. അതുവരെ മുര്‍ശിദായി തെരഞ്ഞെടുക്കപ്പെടുന്ന ആള്‍ മരിക്കുന്നതുവരെ തുടരുകയായിരുന്നു. 2004-ല്‍ മുര്‍ശിദായി തെരഞ്ഞെടുക്കപ്പെട്ട് 2010-ഓടെ തന്റെ പ്രവര്‍ത്തന കാലയളവ് പൂര്‍ത്തിയായപ്പോള്‍ അദ്ദേഹം മുര്‍ശിദായി താന്‍ തുടരില്ലെന്ന് പ്രഖ്യാപിച്ചു. ആജീവനാന്ത മുര്‍ശിദെന്ന ഇഖ്‌വാന്റെ പാരമ്പര്യത്തിന് എതിരാണിതെന്നതിനാല്‍ വിവിധ സമ്മര്‍ദ്ദങ്ങളാണ് ഇതിനെതിരെ ഉണ്ടായത്. എന്നാല്‍ അതിനെയെല്ലാം മറികടന്ന് അദ്ദേഹം തന്റെ തീരുമാനം നടപ്പിലാക്കി. അങ്ങനെയാണ് മുഹമ്മദുല്‍ ബദീഅ് മുര്‍ശിദായി തെരഞ്ഞെടുക്കപ്പെട്ടത്. ഈജിപ്തില്‍ ആജീവനാന്ത പ്രസിഡന്റായി ഹുസ്‌നി മുബാറക് തുടരുന്നതിനെതിരാണ് നമ്മുടെ സമരം. അതിനാല്‍ നമ്മുടെ പാര്‍ട്ടിയിലും ആജീവനാന്ത നേതാവെന്ന ആശയം മാറണമെന്നാണ് ആഖിഫ് വാദിച്ചതും, പ്രാവര്‍ത്തികമാക്കിയതും.
തന്നെ നേതൃത്വം ഏല്‍പിച്ച കാലംകൊണ്ട് സംഘടനയെ കൂടുതല്‍ ജനകീയമാക്കാനും ആളുകളിലേക്കെത്തിക്കാനും സാധിച്ചു, വിവിധ പാര്‍ട്ടികളുമായി സഹകരിക്കുന്ന അവസ്ഥയിലെത്തിച്ചു, സംഘടനക്കുള്ളില്‍ പല പരിഷ്‌കരണങ്ങളുമുണ്ടാക്കി ഇതെല്ലാമായിരുന്നു ആഖിഫിന്റെ പ്രധാന നേട്ടങ്ങള്‍.
89-ാമത്തെ വയസ്സിലാണ് ആഖിഫ് മരണപ്പെട്ടത്. ഇതില്‍ 27 വര്‍ഷവും അ്‌ദ്ദേഹം ജയിലിലാണ് കഴിഞ്ഞത്. തന്റെ യുവത്വത്തിലെ 20 വര്‍ഷങ്ങളാണ് അദ്ദേഹം ആദ്യം ജയിലില്‍ കഴിഞ്ഞത്. 1954 മുതല്‍ 1974 വരെയായിരുന്നു ആ ജയില്‍വാസം. ജമാല്‍ അബ്ദുന്നാസറിന്റെ കാലത്ത് വധശിക്ഷക്ക് വിധിക്കപ്പെട്ട് പിന്നെ ജയില്‍ ശിക്ഷയാക്കി ചുരുക്കുകയായിരുന്നു. പിന്നീട് അന്‍വര്‍ സാദാത്ത് വന്നപ്പോഴാണ് അദ്ദേഹമടക്കമുള്ള ഇഖ്‌വാന്‍ നേതാക്കളെ പുറത്തുവിട്ടത്. ജയില്‍ വാസത്തിന്റെ ദൈര്‍ഘ്യം കാരണം എല്ലാ കാലത്തെയും ജയില്‍വാസി എന്ന് ആഖിഫിനെ കുറിച്ച് പറയാറുണ്ടായിരുന്നു.
ഇഖ്‌വാന്‍ രൂപീകൃതമായ കൊല്ലം തന്നെയാണ് ആഖിഫ് ജനച്ചത്. 1940-കളില്‍ തന്നെ തന്റെ 12-ാമത്തെ വയസ്സില്‍ അദ്ദേഹം ഹസനുല്‍ ബന്നയുമായി ബന്ധപ്പെട്ടു. വിദ്യാര്‍ഥിയായിരുന്ന അക്കാലത്ത് തന്നെ ബ്രിട്ടീഷ് അധിനിവേഷത്തിനെതിരെയും മറ്റും പോരാടിയതിനാല്‍ അക്കാലത്ത് പലപ്പോഴും തടവില്‍ കഴിയേണ്ടിവന്നു. തുടര്‍ന്ന് അബ്ദുന്നാസറിന്റെ കാലത്തും ഈ ജയില്‍വാസം തുടര്‍ന്നു. ദയാഹരജി നല്‍കാന്‍ പറഞ്ഞെങ്കിലും അദ്ദേഹം അതിന് സന്നദ്ധനായില്ല. എഞ്ചിനീയറാകാന്‍ ഉദ്ദേശിച്ച അദ്ദേഹത്തെ ഒരു ഫിസിക്കല്‍ ട്രൈനറാകാന്‍ പ്രേരിപ്പിച്ചത് ഹസനുല്‍ ബന്നയായിരുന്നു. അതിനാല്‍ തന്റെ ശാരീരിക ക്ഷമത നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചു. അബ്ദുന്നാസറിന്റെ കാലശേഷവും പലപ്പോഴും അദ്ദേഹത്തിന് ജയിലില്‍ കിടക്കേണ്ടി വന്നു.
അതിന് ശേഷം ആഖിഫ് സഊദി അറേബ്യയിലെ വമിയുടെ ഉപദേശകനായി പ്രവര്‍ത്തിച്ചു. ഇക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് വ്യവസ്ഥാപിതമായ പരിശീലന പരിപാടികള്‍ അദ്ദേഹത്തിന്റെ വലിയ സംഭാവനയായിരുന്നു. അതിന് ശേഷം ജനര്‍മനിയിലെ മ്യൂണിക്കില്‍ പോവുകയും അവിടെ ഇസ്‌ലാമിക് സെന്ററിന്റെ ഡയറക്ടറാവുകയും ചെയ്തു. അതിന് ശേഷമാണ് ഈജിപ്തിലേക്ക് അദ്ദേഹം തിരിച്ചെത്തിയത്. വമിയിലെ പദ്ധതികളും ജര്‍മനിയിലെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും നല്‍കിയ അനുഭവങ്ങള്‍ ഈജിപ്തില്‍ തിരിച്ചെത്തി മുര്‍ശിദായപ്പോള്‍ സംഘടനയില്‍ പുതിയ ചുവടുകളും പരിഷ്‌കരണങ്ങളുമുണ്ടാക്കാന്‍ അദ്ദേഹത്തിന് സഹായകമായി.
ആഖിഫിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്ന പറഞ്ഞത് ശ്രദ്ധേയമായിരുന്നു. താങ്കള്‍ ആഗ്രഹിച്ചപോലെ ഹസനുല്‍ ബന്നയുടെ അന്ത്യനിമിഷങ്ങളോട് സമാനമായിരുന്നു താങ്കളുടെതും എന്നാണ് അവര്‍ കുറിച്ചത്. ഹസനുല്‍ ബന്ന മരണപ്പെട്ട അതേ ആശുപത്രിയില്‍, മയ്യത്തിനെ പോലും സര്‍ക്കാര്‍ പേടിക്കുന്ന രീതിയിലായിരുന്നു ആഖിഫിന്റെയും അവസാന നിമിഷങ്ങള്‍. ബന്നയുടെ അവസാന നിമിഷങ്ങള്‍ ചരിത്രത്തില്‍ ധാരാളം എഴുതപ്പെട്ടതാണ്. വെടിയേറ്റ ബന്നയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ നല്‍കരുതെന്ന് ഫാറൂഖ് രാജാവിന്റെ കൊട്ടാരം കല്‍പിച്ചു. മരണപ്പെട്ട ശേഷം മയ്യത്ത് സംസ്‌കരണത്തിന് ഉപ്പ അഹ്മദ് അബ്ദുര്‍റഹ്മാന്‍ അസ്സആത്തിയെയും കുടുംബത്തിലെ സ്ത്രീകളെയും മാത്രമാണ് പങ്കെടുപ്പിച്ചത്. സംസ്‌കരണത്തിന് ശേഷവും ഖബറിന് ഭരണകൂടം കാവലേര്‍പ്പെടുത്തി. ജീവനുള്ള ബന്നയേക്കാള്‍ മരിച്ച ബന്നയെ ആവര്‍ ഭയപ്പെട്ടു.
ഇതുതന്നൊയായിരുന്നു മഹ്ദി ആഖിഫിന്റെ കാര്യത്തിലും സംഭവിച്ചത്. മുര്‍സിയെ അട്ടിമറിച്ച് ജനറല്‍ സീസി അധികാരത്തിലേറിയ ഉടനെ ആഖിഫിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏകാന്തതടവിലായിരുന്നു കഴിഞ്ഞ 4 വര്‍ഷം അദ്ദേഹം. വിചാരണക്കായി കോടതിയില്‍ അഴികള്‍ക്ക് പിറകില്‍ ഹാജരാകുമ്പോള്‍ അദ്ദേഹം പരമ്പരാകത ഈജിപ്ഷ്യന്‍ വസ്ത്രത്തിന് പകരം തലയിലൂടെ നീണ്ട ടര്‍ക്കിയും നീളന്‍ വസ്ത്രവുമാണ് അണിഞ്ഞിരുന്നത്. ആ ചിത്രം പലപ്പോഴും ഉമര്‍ മുഖ്താറനെയാണ് ഓര്‍മിപ്പിച്ചത്. അദ്ദേഹത്തിന് കാന്‍സര്‍ രോഗം ഉണ്ടായിരുന്നു. എന്നാല്‍ അതിന് വേണ്ട ചികിത്സ നിഷേധിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആംനെസ്റ്റി അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇടപെട്ടെങ്കിലും ജയിലില്‍ പോലും ചികിത്സ ലഭ്യമാക്കാന്‍ അവര്‍ തയ്യാറായില്ല. അതുകൊണ്ടുതന്നെ അദ്ദേഹം ജയിലില്‍ ശഹീദാവുകയായിരുന്നു.
1948-ല്‍ ഹസനുല്‍ ബന്നയുടെ കാര്യത്തിലുണ്ടായ എല്ലാ മനുഷ്യാവകാശ ലംഘനങ്ങളും ജനാധിപത്യ വിരുദ്ധതയും ഇന്നും ഈജിപ്ത് പോലുള്ള വലിയ മുസ്‌ലിം രാഷ്ട്രത്തില്‍ നിലനില്‍ക്കുന്നു എന്നത് വലിയൊരു ദുരന്തം തന്നെയാണ്. ഫിര്‍ഔന്റെ മൃതദേഹം ലോകത്തുള്ള എല്ലാ ഏകാധിപതികള്‍ക്കും അഹങ്കാരികള്‍ക്കും ഒരു ദൃഷ്ടാന്തമായി സംരക്ഷിക്കുമെന്ന് അല്ലാഹു ഖുര്‍ആനിലൂടെ അറിയിച്ചിട്ടുണ്ട്. ആ മൃതദേഹം സംരക്ഷിക്കപ്പെട്ടിരിക്കുന്നത് ഈജിപ്തിലാണ്. അതിന്റെ സംരക്ഷകര്‍തന്നെ കാലങ്ങളായി ഏകാധിപതികളുടെ പരിണതിയില്‍ നന്ന് ഒരു ഗുണപാഠവും ഉള്‍കൊള്ളാതെ തങ്ങളുടെ രാജ്യത്ത് ജനാധിപത്യ വിരുദ്ധതയും സ്വേഛാധിപത്യവും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഇതാണ് ഈജിപ്തില്‍ കാണാനാകുന്ന വരോധാഭാസം.
അബ്ദുല്‍ ഫത്താഹ് സീസിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് ഏറ്റവും വൃത്തികെട്ട പീഡനങ്ങളും അതിക്രമങ്ങളുമാണ്. ഓരോകാലത്തും ഈജിപ്തിലെ ഏകാധിപതികളുടെ അക്രമങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അതൊരിക്കലും കുറഞ്ഞിട്ടില്ല. ലോകത്ത് ഏറ്റവും നീചര്‍ ഈജിപ്തിലാണെന്ന് പറയാവുന്നത്രയും കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. ഈജിപ്ഷ്യന്‍ ചീത്തയായാല്‍ അങ്ങേയറ്റമെത്തും, നന്നായാലും അതുപോലെയാണെന്നാണ് അനുഭവങ്ങള്‍ പറുന്നത്. ഈ രണ്ടുതരം ശക്തികളുടെ ഏറ്റുമുട്ടലാണ് ഫറോവയുടെ കാലം മുതല്‍ ഇതുവരെ ഈജിപ്തില്‍ നടക്കുന്നത്.
അബ്ദുല്‍ ഖാദര്‍ ഔദ, ഫര്‍ഹലി പോലുള്ള ഇഖ്‌വാന്‍ നേതാക്കളെ ജമാല്‍ അബ്ദുന്നാസര്‍ കൊലപ്പെടുത്തിയ സമയത്ത് അലി ത്വന്‍ത്വാവി ഒരു അനുസ്മരണം എഴുതിയിരുന്നു. ഞങ്ങള്‍ക്ക് രക്തസാക്ഷികളെ തന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തുടങ്ങുന്നത്. അതിന് ശേഷം അദ്ദേഹം നാസറിനെ അഭിമുഖീകരിച്ച് പറഞ്ഞു. നാളെ അല്ലാഹുവിന്റെ മുമ്പില്‍ നീ എന്താണ് മറുപടി പറയാന്‍ പോകുന്നത്. ലോകത്തിലെ വിശുദ്ധരായ മനുഷ്യര്‍, അല്ലാഹുവിനെ സ്‌നേഹിക്കുന്ന ആളുകള്‍, അവരുടെ കഴുത്തിലാണ് നീ നിന്റെ കൊലക്കയര്‍ തൂക്കിയത്. നീ നാളെ മഹ്ശറില്‍ എന്താണ് അല്ലാഹുവിനോട് മറുപടി പറയുക?! ലോകത്ത് ക്രിമിനല്‍ നിയമങ്ങളുടെ അവസാനവാക്കാണ് അബ്ദുല്‍ ഖാദര്‍ ഔദയെ കൊന്നതിലൂടെ ഇല്ലാതായത്. ലോകം അദ്ദേഹത്തെ ആദരിക്കാന്‍ നോക്കുമ്പോള്‍ നീ കൊല്ലുകയാണ് ചെയ്തത്. അതിനൊക്കെ ശേഷം സയ്യിദ് ഖുതുബ് തുടര്‍ന്ന് അനേകം ഇഖ്‌വാനികള്‍ കൊല്ലപ്പെട്ടു. ഇത് ഈജിപ്തില്‍ തുടര്‍കഥയാണ്. ഇപ്പോള്‍ ലക്ഷകണക്കിന് ഇഖ്‌വാനികളാണ് സീസിയുടെ തടവറകളിലുള്ളത്. ഇഖ്‌വാനികള്‍ എവിടെ ഒന്നിച്ചുകൂടിയാലും അവിടെ കയറി സൈന്യം അവരെ വെടിവെച്ചുകൊല്ലും. ഇതെല്ലാമറിയുന്നതുകൊണ്ടാണ് അസ്മ ബല്‍താജി കൊല്ലപ്പെട്ടപ്പോള്‍ ഉര്‍ദുഗാന്‍ അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞത്.
ഇത്തരം പീഡനങ്ങളുടെ മറുവശമാണ് നമുക്ക് ആവേശം നല്‍കുന്നത്. ഈജിപ്തിലെ എല്ലാ ഏകാധിപതികളും നേരിടുന്നത് ഉരുക്കുമനുഷ്യരെയാണ്. അതുകൊണ്ടാണ് ശഹീദുകളായ മയ്യത്തുകള്‍ പോലും അവരെ ഭയുപ്പെടുത്തുന്നത്. ആഖിഫിന്റെ സംസ്‌കരണ ചടങ്ങലും ഹസനുല്‍ ബന്നയെ പോലെതന്നെ അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, വക്കീല്‍ എന്നിവരടക്കം കുറഞ്ഞ ആളുകളാണ് പങ്കെടുത്തത്. ഖബറില്‍വെക്കുമ്പോള്‍ അവിടെ പോലും അരിച്ചുപെറുക്കി സൂക്ഷിച്ച് നോക്കുന്ന പട്ടാളത്തെയാണ് നമുക്ക് കാണാനാവുന്നത്. രാജ്യത്ത് ഒരിടത്തും ഒരു പള്ളിയിലും ആഖിഫിനായി മയ്യത്ത് നമസ്‌കരിക്കരുതെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. എന്നാല്‍ ഖര്‍ദാവി പറഞ്ഞതുപോലെ സ്വന്തം രാജ്യത്ത് വിലക്കിയെങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മില്യണ്‍ കണക്കിന് ജനങ്ങളാണ് അദ്ദേഹത്തിനായി മയ്യത്ത് നമസ്‌കരിച്ചത്. ഈ മനുഷ്യര്‍ ഇങ്ങനെ ഉരുക്കുമനുഷ്യരായി ശത്രുക്കള്‍ക്ക് അനുഭവപ്പെടുന്നത് അവര്‍ ഓരോരുത്തരുടെയും വലിയ പൂതി മരണമാണ് (അല്‍മൗത്തു ഫീ സബീലില്ലാഹി അസ്മാ അമാനീനാ) എന്ന മുദ്രാവാക്യമാണ് അവര്‍ ഉയര്‍ത്തുന്നതെന്നതിനാലാണ്. ഓരോ ഇഖ്‌വാനിയും തന്റെ ഉയര്‍ന്ന് ആഗ്രഹമായി സ്വപ്‌നമായി കൊണ്ടു നടക്കുന്നത് രക്തസാക്ഷിത്വമാണ്. അത് കാണിച്ച് അവരെ പേടിപ്പിക്കാനാവില്ലല്ലോ!..
ഇഖ്‌വാന്‍െ ചരിത്രത്തില്‍ ഇത്തരം രക്തസാക്ഷിത്വങ്ങള്‍ അതിനെ വളര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. സ്ഥാപക നേതാവ് കൊല്ലപ്പെട്ടപ്പോള്‍ അത് നിന്നുപോകേണ്ടതായിരുന്നു. എന്നാല്‍ അത് പൂര്‍വ്വാധികം ശക്തിപ്പെട്ടു. പിന്നീട് അബ്ദുല്‍ ഖാദര്‍ ഔദയെയും ഫര്‍ഹലിയെയും കൊന്നപ്പോഴും അത് ശക്തിപ്പെട്ടു. മഹാദാര്‍ശനികന്‍ സയ്യിദ് ഖുത്വുബ് കൊല്ലപ്പെട്ടപ്പോഴും ഇഖ്‌വാന്‍ അവസാനിച്ചില്ല. അവസാനം എല്ലാ ഏകാധിപതികളെയും മറികടന്ന് 2011-ല്‍ ഇഖ്‌വാന്റെ മുര്‍സി അധികാരത്തിലെത്തുന്നത് വരെ അത് വളരുന്നതാണ് നാം കാണുന്നത്. മയ്യത്തുകളെയും നിരോധിക്കപ്പെട്ട സംഘടനകളെയും പേടിച്ച് കഴിയാനാണ് ഇന്നും സ്വേഛാധിപതികളുടെ വിധി. ഇപ്പോള്‍ അറബ് രാഷ്ട്രങ്ങള്‍ക്കിടയിലെ ഉപരോധങ്ങളുടെ പ്രശ്‌നമെന്താണ്. ഇഖ്‌വാന്‍ ബന്ധമാണ് അതിന് കാരണം. ഹമാസ് ബന്ധവും മറ്റുമാണ് ഫലസ്തീനില്‍ ഇസ്രയേലിന്റെ വെല്ലുവിളി. മൊറോക്കൊയിലും യമനിലും അവര്‍ ഭരണകക്ഷിയായിരുന്നു. അള്‍ജീരിയയിലെയും ജോര്‍ദാനിലെയും മുഖ്യപ്രതിപക്ഷമാണ്. തുനീഷ്യയിലും തുര്‍ക്കിയിലും അത് ഭരണത്തിലുണ്ട്. എല്ലാ അടിച്ചമര്‍ത്തലുകളെയും പീഡനങ്ങളെയും മറികടക്കാനാകുന്ന ശക്തി ഇഖ്‌വാന്‍ പ്രതിസന്ധികളില്‍ നിന്നും കൈവരിക്കുന്നുണ്ട്. അത് ചരിത്രത്തിലെ വലിയൊരു പ്രതിഭാസം തന്നെയാണ്.
സയ്യിദ് ഖുത്വുബ് പറഞ്ഞതുപോലെ നമ്മള്‍ എഴുതിവെച്ച കാര്യങ്ങള്‍ക്ക് ജീവന്‍ വെക്കുന്നത് അതിനായി നമ്മള്‍ നമ്മുടെ രക്തംകൂടി നല്‍കുമ്പോഴാണ്. എല്ലാ പ്രതിസന്ധികളെയും മറികടക്കാനാവുന്നതും അക്ഷരങ്ങള്‍ ജനങ്ങളിലേക്കിറങ്ങുന്നതും ആളുകളില്‍ സ്വാധീനം ചെലുത്തുന്നതും ശഹീദുകളിലൂടെയാണ്. അത്തരമൊരു ശഹാദത്താണ് ആഖിഫിന്റെത്. ആഖിഫിന്റെ അനുസ്മരണത്തില്‍ ഡോ. യൂസുഫുല്‍ ഖര്‍ദാവി പറഞ്ഞു: ആഖിഫ് എവിടെയും തലകുനിച്ചിട്ടില്ല. ആരുടെ മുന്നിലും മുട്ടുമടക്കിയിട്ടില്ല. തനിക്കെതിരെയുള്ള എല്ലാ തന്ത്രങ്ങള്‍ക്കെതിരെയും തലയുയര്‍ത്തി നിന്നു എന്നതായിരുന്നു ആഖിഫിന്റെ പ്രത്യേകത. തെള്ളായിരത്തി അമ്പതുകളില്‍ ജയിലില്‍ കഴിയുമ്പോള്‍ യുവാക്കളുടെ നേതാവായിരുന്നു അദ്ദേഹം. അവര്‍ക്ക് കായികപരിശീലനവും ഉന്മേഷവും നല്‍കികൊണ്ടിരുന്നൊരു ചെറുപ്പക്കാരനായിരുന്നു. പിന്നീടദ്ദേഹം മുര്‍ശിദായിരുന്നു. അവസാനം രക്തസാക്ഷിയായി അദ്ദേഹം ആഗ്രഹിച്ചതുപോലെ ലോകത്തോട് വിടപറഞ്ഞു.


പ്രഭാഷണം : ഡോ. അബ്ദുസ്സലാം വാണിയമ്പലം

Latest Updates