Articles

പള്ളിയിൽ നിന്ന് ആരംഭിക്കാം നമ്മുടെ ഓരോ ദിവസവും – തൗഫീഖ് മമ്പാട്

നമ്മുടെ ദൈനംദിന ജീവിതത്തെ ഇസ്‍ലാം ക്രമീകരിച്ചിരിക്കുന്നത് എങ്ങനെയെന്ന് ആലോചിച്ചിട്ടുണ്ടോ? വിശ്വാസിയുടെ ദിവസം തുടങ്ങുന്നത് നമസ്കാരത്തോടെയാണ്. നമസ്കാരത്തോടെ തന്നെയാണ് ഓരോ ദിവസവും അവസാനിക്കുന്നതും. അതിനിടയിൽ നാം നിത്യവൃത്തിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കൃത്യമായ ഇടവേളകളിൽ മൂന്ന് തവണ വീണ്ടും നമസ്കാരത്തിനായി വന്ന് പോകാൻ അല്ലാഹു കൽപിക്കുന്നുണ്ട്. അഥവാ, നമസ്കാരം കേന്ദ്രബിന്ദുവായ ഒരു ദൈനംദിന ജീവിത ക്രമമാണ് ഇസ്‍ലാം വിശ്വാസികളുടെ മുന്നിൽ വെക്കുന്നത്. ഇങ്ങനെയൊരു ദൈനംദിന ജീവിത ക്രമമാണ് നമ്മുടെ മനസ്സിൽ ഈമാനിന്‍റേയും തഖ്വയുടെയും നനവ് ഉണങ്ങാതെ  നിലനിൽക്കാൻ സഹായിക്കുന്നത്.

ആഴ്ചയിൽ ഒരു ദിവസം മാത്രമാണ് ഇസ്‍ലാം നമസ്കരിക്കാൻ കൽപിക്കുന്നതെങ്കിൽ എന്ത് സംഭിവിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇമാനിന്റേയും തഖ്വയുടെയും നനവ് നഷ്ടപ്പെട്ട് മനസ്സ് വരണ്ടുപോകും. ഒരു ആഴ്ചയിൽ നിന്ന് അടുത്ത ആഴ്ചയിലേക്ക് എത്തുമ്പോഴേക്കും അല്ലാഹുവിൽ നിന്ന്  നാം ഒരുപാട് അകന്നിട്ടുണ്ടാകും. ജീവിതത്തിൻറെ കെട്ടും മട്ടും ഇളകിയിട്ടുണ്ടാകും. ക്രമവും താളവും തെറ്റിയിട്ടുണ്ടാകും. ഒരു മുസ്‍ലിമിന്‍റെ  ജീവിതത്തിന്റെ കെട്ടും മട്ടും ക്രമവും താളവും നിർണയിക്കുന്നത് നമസ്കാരത്തിൽ അയാൾ പുലർത്തുന്ന കൃത്യനിഷ്ഠയും സൂക്ഷ്മതയുമാണ്. അഥവാ ജീവിതത്തിന്റെ സഞ്ചാര ഗതി നിയന്ത്രിക്കുന്നത് നമസ്കാരമാണ്. നമ്മുടെ ഈമാനിന്റെയും തഖ്വയുടെയും നിലവാരം നമസ്കാരത്തിലെ കൃത്യതയെ കൂടി ആശ്രയിച്ചാണിരിക്കുന്നത്. നമസ്കാരത്തിലെ കൃതത എന്നാൽ അഞ്ച് നേരത്തെ നമസ്കാരം പള്ളിയിൽ പോയി ജമാഅത്തായി നിർവഹിക്കുക എന്നതാണ്. അതുകൊണ്ടാണ് റസൂൽ (സ) പള്ളിയിൽ പോയി ജമാഅത്തായി  നമസ്കാരം നിർവഹിക്കണമെന്ന് ശക്തമായി ആഹ്വാനം ചെയ്തതും അതിന് വലിയ ശ്രേഷ്ഠതയും പ്രതിഫലവും ഉണ്ടെന്ന് അറിയിച്ചതും.

പള്ളിയുമായി ഹൃദയ ബന്ധമുള്ളവരാകണം വിശ്വാസികൾ എന്നാണ് റസൂൽ (സ) പഠിപ്പിച്ചത്.  ഒരു ചാൺ അകലത്തിൽ സൂര്യൻ കത്തിജ്വലിച്ച് നിൽക്കുന്ന മഹ്ശറയിലെ ഭീകരാന്തരീക്ഷം. ഒരൽപം തണലിന് വേണ്ടി മനുഷ്യരെല്ലാവരും കൊച്ചു കുട്ടികളെ പോലെ അലമുറയിട്ട് കരയുന്ന സന്ദർഭം. അന്ന് ഏഴ് വിഭാഗം ആളുകൾക്ക്  അല്ലാഹു പ്രത്യേകം തണൽ നൽകുമെന്ന് റസൂൽ(സ) വ്യക്തമാക്കി. പള്ളിയുമായി ഹൃദയ ബന്ധം കാത്തുസൂക്ഷിച്ചവരാണ് അതിലൊരു വിഭാഗം. പള്ളിയുമായുള്ള ഹൃദയം ബന്ധം എന്ന പ്രയോഗത്തിൻറെ ഉദ്ദേശത്തെ കുറച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? രണ്ട് വ്യക്തികൾക്കിടയിൽ ഹൃദയബന്ധം ഉണ്ടാകുമ്പോൾ അവർ പരസ്പരം കാണാൻ ആഗ്രഹിക്കും. ഒരുമിച്ചിരിക്കാനുള്ള അവസരം ലഭിച്ചാൽ അവരുടെ മനസ്സ് സന്തോഷിക്കും. പള്ളിയുമായി ഹൃദയ ബന്ധമുള്ള വ്യക്തിക്ക് പള്ളിയെലെത്താൻ അവസരം ലഭിക്കുമ്പോൾ ആനന്ദം അനുഭവപ്പെടും. ബാങ്ക് വിളി കേട്ടാൽ അയാളുടെ മനസ്സ് തുടിക്കുകയും  ജമാഅത്ത് നമസ്കാരത്തിനായി പള്ളിയിലേക്ക് പോകാൻ വെമ്പൽ കൊള്ളുകയും ചെയ്യും. പള്ളിയിൽ എത്തിയാൽ ആ മനസ്സ് ശാന്തമാവും. അടുത്ത നമസ്കാരം വരെയുള്ള സമയത്തേക്ക് ആവശ്യമായ ഈമാനും തഖവയും സംഭരിച്ചിട്ടാകും അയാൾ പള്ളിയിൽ നിന്ന് പുറത്തിറങ്ങുക.

നമസ്കാരം ജമാഅത്തായി നിർവക്കാൻ വേണ്ടി പള്ളിയിലേക്കുള്ള നടത്തത്തിന് മാത്രം എത്രയെത്ര മഹത്തായ പ്രതിഫലങ്ങളാണ് റസൂൽ (സ) വാഗ്ദാനം ചെയ്തത്! ഒരാൾ പള്ളിയിലേക്ക് നടക്കുമ്പോൾ ഒരു കാൽവെപ്പിൽ അയാളുടെ പാപം പൊറുക്കപ്പെടും. അടുത്ത കാൽവെപ്പിൽ അയാളുടെ പദവി ഉയർത്തപ്പെടും. ഇങ്ങനെ പള്ളിയിലെത്തുന്നത് വരെ ഓരോ ചുവടിലും അല്ലാഹു പാപങ്ങൾ പൊറുക്കുകയും പദവികൾ ഉയർത്തുകയും ചെയ്യുന്നു. നാം  പള്ളിയിലേക്ക് സഞ്ചരിക്കുമ്പോൾ ആ വഴിയിലുടനീളം   മലക്കുകൾ നമുക്ക് വേണ്ടി   പ്രാർത്ഥിച്ചുകൊണ്ടിരിക്കും. നബി (സ) പറയുന്നു: ‘തീ൪ച്ചയായും നമസ്കരിക്കാന്‍ പള്ളിയിലേക്ക് വരുന്നവന് മലക്കുകള്‍ സ്വലാത്ത് ചൊല്ലുന്നു. അല്ലാഹുവേ, ഇയാള്‍ക്ക് പൊറുത്ത് കൊടുക്കേണമേ, ഇദ്ദേഹത്തോട് കാരുണ്യം കാണിക്കേണമേ എന്നവ൪ പ്രാ൪ത്ഥിച്ചുകൊണ്ടിരിക്കും’. (മുസ്ലിം). നമസ്കരിക്കാനായി പള്ളിയിലേക്ക് സഞ്ചരിക്കുന്നവർക്ക് വേണ്ടി അല്ലാഹു സ്വർഗത്തിൽ സ്വീകരണം ഒരുക്കി വെക്കുമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്. ഒറ്റക്കുള്ള നമസ്കാരത്തേക്കാൾ ജമാഅത്ത് നമസ്കാരത്തിന്  ഇരുപത്തേഴ്  ഇരട്ടി സ്ഥാനമുണ്ടെന്നാണ് ദീൻ പഠിപ്പിക്കുന്നത്. നാൽപ്പത് ദിവസം പള്ളിയിലെ ജമാഅത്ത് നമസ്കാരത്തിൽ ഒന്നാമത്തെ തക്ബീറിന് തന്നെ  ഹാജറാകാൻ ഒരാൾക്ക് സാധിച്ചാൽ അതുവഴി നിഫാഖിൽ നിന്നും നരകത്തിൽ നിന്നും അല്ലാഹു അയാൾക്ക് മോചനം നൽകുമെന്നാണ് റസൂലിൻ്റെ മറ്റൊരു വാഗ്ദാനം. ഇരുട്ടാണെങ്കിലും  ജമാഅത്ത് നമസ്കാരത്തിൽ പങ്കെടടുക്കാനായി പള്ളിയിൽ പോകുന്നവർക്ക് പരലോകത്ത് അല്ലാഹു സമ്പൂർണ പ്രകാശം നൽകി അനുഗ്രഹിക്കുമെന്ന് തിരുദൂതർ സന്തോഷവാർത്ത അറിയിച്ചു.

പള്ളിയിലേക്ക് പോകുന്ന വഴിയിൽ ലഭിക്കുന്ന പ്രതിഫലങ്ങളിൽ ചിലതാണ് ഇതുവരെ സൂചിപ്പിച്ചത്. ഇനി പള്ളിയിലെത്തിയാലോ? പ്രതിഫലത്തിനുമേൽ പ്രതിഫലം പിന്നെയും തുടരുന്നു. അബൂഹുറൈറയിൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു:  ‘ഒരാൾ തന്റെ മുസ്വല്ലയില്‍ നമസ്കാരത്തെ കാത്തിരിക്കുന്ന സമയമത്രയും അവന്‍ നമസ്കാരത്തിലായിരിക്കും ( നമസ്കാരത്തിന്റെ പ്രതിഫലം ലഭിച്ചുകൊണ്ടിരിക്കും). അല്ലാഹുവേ ഇദ്ദേഹം പിരിഞ്ഞു പോകുന്നതുവരേയോ അല്ലെങ്കില്‍ ഇദ്ദേഹത്തിന് വുദു നഷ്ടമാകുന്നതുവരെയോ ഇദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും  കരുണ കാണിക്കുകയും ചെയ്യേണമേ എന്ന് മലക്കുകൾ പ്രാർത്ഥിച്ച് കൊണ്ടിരിക്കും.’ ( മുസ്‍ലിം)

സുബ്ഹ് ജമാഅത്ത് നമുക്ക് സ്ഥിരമായി ലഭിക്കാറുണ്ടോ? സുബഹ് നമസ്കാരം ജമാഅത്തായി നിർവഹിക്കാൻ റസൂൽ ( സ) പ്രത്യകമായി തന്നെ ഉണർത്തിയിട്ടുണ്ട്: ‘ഇശാ, സുബ്ഹ് എന്നീ നമസ്കാരത്തേക്കാൾ കപടവിശ്വാസികൾക്ക് ഭാരമേറിയ മറ്റൊരു നമസ്കാരമില്ല. അത് രണ്ടിനുമുള്ള പ്രതിഫലം എത്രയെന്ന് അവർ അറിഞ്ഞിരുന്നുവെങ്കിൽ അവർ അതിനായി മുട്ടിലിഴഞ്ഞിട്ടാണെങ്കിലും (പള്ളിയിലേക്ക്) എത്തുമായിരുന്നു’.  വിശ്വാസിയുടെ ഒരു ദിവസത്തെ  ഈമാനികമായ ഊർജസ്വലത നിർണയിക്കുന്ന പ്രധാന ഘടകം സുബഹ് നമസ്കാരമാണ്. അതിൽ വീഴ്ച സംഭവിച്ചാൽ ആ ദിവസം പിശാചിൻ്റെ കെട്ടിൽ നാം കുടുങ്ങിപ്പോകും. ഒരാൾ പിശാചിൻ്റെ കെട്ടിൽ കുടുങ്ങിയാൽ അയാളുടെ മനസ്സിൽ തെറ്റായ ചിന്തകൾ മുളപ്പിക്കാൻ പിശാചിന് അധികം റിസ്ക് എടുക്കേണ്ടി വരില്ല. ഇക്കാര്യത്തെ കുറിച്ച് ജാഗ്രത പുലർത്താൻ റസൂൽ നിർദേശിക്കുന്നുണ്ട്:  ‘നിങ്ങളില്‍ ഒരാള്‍ രാത്രി ഉറങ്ങുമ്പോള്‍ അവന്റെ തലയുടെ മൂര്‍ധാവില്‍ പിശാച് മൂന്ന് കെട്ട് ഇടും. ഓരോ കെട്ടിടുമ്പോഴും അവന്‍ പറയും; സമയമുണ്ടല്ലോ ഉറങ്ങിക്കോ. എന്നാല്‍ അവന്‍ ഉണരുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്യുമ്പോള്‍ ഒരു കെട്ടഴിയും. വുദു എടുത്താൽ അടുത്ത കെട്ടും പൊട്ടും. ശേഷം നമസ്കരിച്ചാല്‍ മൂന്നാമത്തെ കെട്ടും അഴിയും. അപ്പോള്‍ ശുദ്ധഹൃദയനും ഊ൪ജസ്വലനുമായി അവന്‍ പ്രഭാതത്തില്‍ പ്രവേശിക്കുന്നു. ഇപ്രകാരം ചെയ്തില്ലെങ്കില്‍ മടിയനും ദുഷ്ചിന്തകനുമായി അവന്‍ പ്രഭാതത്തിലേക്ക് കടക്കുന്നു (ബുഖാരി)

സുബ്ഹ് നമസ്കാര ശേഷം പള്ളിയിൽ ദിക്റ്, ഖുർആൻ പരായണം, ഹദീസ് പഠനം തുടങ്ങിയ ഇബാദത്തുകൾക്ക് വേണ്ടി അൽപം സമയം ചെലവഴിക്കൽ പ്രത്യേകം പുണ്യമുള്ള കാര്യമാണ്. പ്രവാചകൻ (സ) പറയുന്നു : ‘ഒരാൾ ജമാഅത്തായി സുബഹ് നമസ്കാരം നിർവഹിക്കുകയും ശേഷം സൂര്യൻ ഉദിക്കുന്നത് വരെ പള്ളിയിൽ തന്നെ ദിക്റിൽ മുഴുകി ഇരിക്കുകയും സൂര്യൻ ഉദിച്ച് കഴിഞ്ഞാൽ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കുകയും ചെയ്താൽ ഒരു ഹജ്ജിൻ്റെയും ഉംറയുടെയും പൂർണ്ണ പ്രതിഫലം അവന് ലഭിക്കുന്നതാണ്’. പള്ളിയിൽ ഒരുമിച്ചിരുന്ന് ദികറിലും ഖുർആൻ പഠന പാരായണത്തിലും മുഴുകുന്നവരെ കുറിച്ച് റസൂൽ പറയുന്നു: ”ഒരുകൂട്ടമാളുകള്‍ പള്ളിയില്‍ ഒരുമിച്ചു കൂടിയിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയും പരസ്പരം ചര്‍ച്ചചെയ്ത് പഠിക്കുകയും ചെയ്യുന്നു. അവര്‍ക്ക് മേല്‍ സമാധാനമിറങ്ങും. കാരുണ്യം അവരെ പൊതിയും. മലക്കുകള്‍ അവര്‍ക്കു ചുറ്റും വന്നിരിക്കും. അല്ലാഹു അവന്റെ അരികിലുള്ളവരോട് ആ സദസ്സില്‍ പങ്കെടുക്കുന്നവരെക്കുറിച്ച് പരാമര്‍ശിക്കും”

സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം നിർവഹിക്കാനും നാം ആവേശം കാണിക്കേണ്ടതുണ്ട്. കാരണം, സുബ്ഹിക്ക് മുമ്പുള്ള രണ്ട് റക്അത്ത് സുന്നത്ത് നമസ്കാരം ഇഹലോകവും അതിലുള്ള മുഴുവനും ലഭിക്കുന്നതിനേക്കാൾ ഉത്തമമാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. ആയിശ (റ) അനുഭവം പങ്കുവെക്കുന്നു: ‘ഏതൊരു സുന്നത്ത് നമസ്കാരത്തേക്കാളും നബി ( സ) കൂടുതൽ ശ്രദ്ധ ചെലുത്തി ഒഴിവാക്കാതെ നമസ്കരിച്ചു വന്നിരുന്നതാണ് സുബ്ഹിക്ക്  മുമ്പുള്ള രണ്ട് റക്അത്ത് നമസ്കാരം’. പ്രഭാത വേളയിലെ ഖുർആൻ പരാണത്തിനും സവിശേഷ ശ്രേഷ്ഠതയുണ്ട്.  ഫജ്റിലെ ഖുർആൻ പരായണം  പരലോകത്ത് നമുക്ക് വേണ്ടി പ്രത്യേകം സാക്ഷ്യം  വഹിക്കും (അൽഇസ്റാഅ്: 78).

ജമാഅത്ത് നമസ്കാരത്തിന്‍റെ പ്രാധാന്യവും ശ്രേഷ്ഠയും വിശദീകരിക്കുന്ന എത്രയെത്ര ഹദീസുകൾ! നിസ്സാരമായ ന്യയങ്ങൾ നിരത്തി ജമാഅത്ത് നമസ്കാരത്തിൽ നാം വീഴച വരുത്താറുണ്ടോ? അല്ലെങ്കിൽ അശ്രദ്ധ കാരണം ജമാഅത്ത് നമസ്കാരം നഷ്ടപ്പെടാറുണ്ടോ? ജമാഅത്ത് നമസ്കാരത്തിൽ വീഴ്ച വരുത്തുന്നതിനെ റസൂൽ ശക്തമായി ആക്ഷേപിച്ചിട്ടുണ്ട്. നബി (സ) ഒരിക്കൽ പറയുകയുണ്ടായി: ‘എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെ കൊണ്ട്  സത്യം. ഞാൻ ഇപ്രകാരം വിചാരിച്ചു; കുറച്ച് വിറകുശേഖരിക്കാൻ വേണ്ടി ഞാൻ ഒരാളോട് കൽപ്പിക്കുക. അങ്ങനെ അയാൾ വിറക് കൊണ്ടുവരുന്നു. ശേഷം നമസ്ക്കരിക്കാൻ കൽപ്പിക്കുക. അങ്ങനെ  നമസ്കാരത്തിന് ബാങ്ക് കൊടുക്കപ്പെടുകയും ചെയ്തു. എന്നിട്ട് ഒരാളെ വിളിച്ച് ജനങ്ങൾക്ക് ഇമാമായി നിന്നു നമസ്ക്കരിക്കാൻ കൽപ്പിക്കുക. ശേഷം ചില ആളുകളുടെ വീടുകളിലേക്ക് ഞാൻ പുറപ്പെടുക. എന്നിട്ട് ജമാഅത്ത് നമസ്കാരത്തിന് വരാത്ത ആ ആളുകളോടുകൂടി അവരുടെ ആ വീടുകൾ കത്തിച്ചുകളയുക’.

ഇബ്നു ഉമ്മി മക്തൂം (റ) ജമാഅത്ത് നമസ്കാരത്തിൽ നിന്ന് തനിക്ക് ഇളവ് വേണമെന്ന് ഒരിക്കൽ റസൂലിനോട് ആവശ്യപ്പെട്ടു. അതിന് അദ്ദേഹം മുന്നോട്ട് വെച്ച ന്യായത്തെക്കാൾ വലിയ ന്യായം നമുക്കാർക്കും ഉണ്ടാകുമെന്ന് തോന്നിന്നില്ല. അദ്ദേഹം അന്ധനായിരുന്നു. തന്നെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടു വരാൻ സഹായിയായി ആരുമില്ല, അതിനാൽ പള്ളിയിലെത്താൻ പ്രയാസമാണ് എന്നാണ് നബിയുടെ മുമ്പിൽ ബോധിപ്പിച്ചത്. അദ്ദേഹത്തിന് നബി (സ) ഇളവ് അനുവദിച്ചില്ലന്നിരിക്കെ പള്ളിയിലേക്ക് കൃത്യ സമയത്ത് എത്തുന്ന കാര്യത്തിൽ നാം എത്രമേൽ സൂക്ഷമതയും ജാഗ്രതയും പുലർത്തണം. യുദ്ധത്തിൻറെ സന്ദർഭത്തിലാണെങ്കിൽ പോലും  ജമാഅത്തായി നമസ്കരിക്കണമെന്നാണ് അല്ലാഹുവിന്റെ കൽപന. അതിൻറെ രൂപം പോലും അല്ലാഹു വിശദീകരിക്കുന്നുണ്ട്. .  ( അന്നിസാഅ്:102). ജീവൻ പണയം വെച്ച് പോരാടുന്ന യുദ്ധ വേളയിൽ പോലും ഇളവ് നൽകിയില്ലെന്നിരിക്കെ ജമാഅത്ത് നമസ്കാരത്തിൻറെ കാര്യത്തിൽ അശ്രദ്ധയും അലംഭാവവും ഒരു കാരണവശാലും നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകരുത്.

കച്ചവടം, ജോലി തുടങ്ങിയ നമ്മുടെ ദൈനംദിന ജീവിതത്തിലെ തിരക്കുകൾ ജമാഅത്ത് നമസ്കരത്തിന് പള്ളിയിൽ എത്തുന്നതിന് തടസ്സമാകാതിരിക്കാൻ ശ്രദ്ധിക്കണം. ഖുർആനിൽ ഒരു ഇടത്ത് പള്ളിയെ കുറിച്ച് പരാമർശിച്ച ശേഷം അല്ലാഹു പറയുന്നു: ‘വ്യാപാരമോ ക്രയവിക്രയങ്ങളോ അല്ലാഹുവിനെ സ്മരിക്കുന്നതിൽനിന്നും നമസ്കാരം നിലനിർത്തുന്നതിൽനിന്നും സകാത്തു നൽകുന്നതിൽനിന്നും അവരുടെ ശ്രദ്ധയെ തിരിച്ചുവിടുന്നില്ല. മനസ്സുകൾ താളംതെറ്റുകയും ദൃഷ്ടികൾ പതറിപ്പോവുകയും ചെയ്യുന്ന ആ ദിനത്തെ ഭയപ്പെടുന്നവരാണവർ’ ( അന്നൂർ:37).   അല്ലാഹു ഇവിടെ ഉദ്ദേശിക്കുന്നത് കച്ചവടത്തിലും മറ്റ് ജീവിത വൃത്തിയിലും ഏർപ്പെടുന്ന ഒരു കൂട്ടം ആളുകളെ കുറിച്ചാണ്. ജോലിത്തിരക്കിനിടയിലും   നിർബന്ധ നമസ്കാരങ്ങൾ ജമാഅത്തായി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തുകയില്ല  എന്നതാണ് അവരുടെ പ്രത്യേകത.

സച്ചരിതരായ നമ്മുടെ മുൻഗാമികൾ നമസ്കാരം പള്ളിയിൽ പോയി ജമാഅത്തായി നിർവഹിക്കുന്നതിൽ സൂക്ഷമതയും കൃത്യതയും ആവേശവും പുലർത്തിയവരായിരുന്നു. ഒരു ഉദാഹരണം മാത്രം പങ്കുവെക്കാം. താബിഇയായ ആമിറുബ്നു അബ്ദുല്ലാഹിബ്നു സുബൈറിനെ കുറച്ച് ഇമാം ഇബ്നുൽ ജൗസി (റ) പറയുന്നു: ‘അദ്ദേഹം ഒരിക്കലും പള്ളിയിൽ എത്താതിരുന്നിട്ടില്ല. നമസ്കാരത്തിന് വേണ്ടി നേരത്തെ തന്നെ അദ്ദേഹം പള്ളിയിലേക്ക്  വരുമായിരുന്നു. ഒരു ദിവസം അദ്ദേഹത്തിന്  രണ്ടാമത്തെ സ്വഫാണ് കിട്ടിയത്. അപ്പോൾ അദ്ദേഹം വിഷമിച്ച് കൊണ്ട് പറഞ്ഞു: ‘അല്ലാഹുവാണ സത്യം; വിവേകം വെച്ച കാലം മുതൽ രണ്ടാമത്തെ സ്വഫിൽ ഞാൻ നമസ്കരിച്ചിട്ടേയില്ല. ഒന്നാമത്തെ സ്വഫിലല്ലാതെ ഞാൻ നമസ്കരിച്ചിട്ടില്ല’. അദ്ദേഹത്തിൻറെ അനുയായികൾ അദ്ദേഹത്തെ കുറിച്ച് പറഞ്ഞു: അദ്ദേഹം മരണാസന്നനായി കിടക്കെ സകറാത്തുൽ മൗനത്തിന്റെ അൽപം മുമ്പ്  മഗ്രിബ് ബാങ്ക് കേട്ടു. അപ്പോൾ അദ്ദേഹം കരയാൻ തുടങ്ങി. അവർ ചോദിച്ചു: താങ്കൾക്ക് എന്ത് പറ്റി?  അദ്ദേഹം പറഞ്ഞു: ‘ജനങ്ങൾ ഇപ്പോൾ പള്ളിയിൽ നമസ്കരിക്കുന്നു. ഞാൻ വീട്ടിലും’. അപ്പോൾ അവർ പറഞ്ഞു: ‘താങ്കൾ രോഗിയാണല്ലോ’. ആ മറുപടിയൊന്നും അദ്ദേഹത്തെ ആശ്വസിപ്പിച്ചില്ല. തന്നെ പള്ളിയിലേക്ക്  കൊണ്ടുപോകാൻ അദ്ദേഹം കൽപിച്ചു. അവർ അദ്ദേഹത്തെ പള്ളിയിലേക്ക് കൊണ്ടുപോയി. ജമാഅത്തായി നമസ്കരിച്ചുകൊണ്ടിരിക്കെ സൂജൂദിൽ കിടക്കുമ്പോൾ അല്ലാഹു അദ്ദേഹത്തിന്റെ റൂഹ് പിടിച്ചു. ജനങ്ങൾ സലാം വീട്ടിയ ശേഷം അദ്ദേഹത്തെ ഇളക്കി നോക്കി. അദ്ദേഹം മരണപ്പെട്ടതായി അവർ അറിഞ്ഞു. അവർ അദ്ദേഹത്തിന്റെ മക്കളോട് പറഞ്ഞു: എത്ര സൗഭാഗ്യകരമായ മരണം!!. അപ്പോൾ മക്കൾ പറഞ്ഞു: അലാഹുവേ, സൗഭാഗ്യകരമായ മരണം നൽകണേ എന്ന് എല്ലാ ദിവസവും ഞങ്ങളുടെ ഉപ്പ പ്രാർത്ഥിക്കുമായിരുന്നു. സൗഭാഗ്യകരമായ മരണം എന്നത് കൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന്  ഞങ്ങൾ ഉപ്പയോട് ചോദിച്ചിരുന്നു. അപ്പോൾ ഉറപ്പ പറഞ്ഞു: ‘ഞാൻ സുജൂദിൽ കിടക്കവെ അല്ലാഹു എന്റെ റൂഹ് പിടിക്കുക’………..

പള്ളിയിൽ നിന്ന് തുടങ്ങട്ടെ നമ്മുടെ ഓരോ ദിവസവും. പള്ളിയുമായി ഹൃദയ ബന്ധമുള്ള യൗവ്വനം എത്ര മനോഹരവും കരുത്തുറ്റതുമായിരിക്കും.  നമ്മുടെ ഒരോ ദിനവും ആരംഭിക്കേണ്ടത് നമ്മുടെ പ്രദേശത്തെ പള്ളിയിൽ സുബ്ഹ് നമസ്കാരത്തിന് കൃത്യമായി ഹാജറായി കൊണ്ടാവാൻ ശ്രമിക്കുകയും അത് ശീലമാക്കുകയും ചെയ്യണം. സുബ്ഹ് നമസ്കാരാനന്തരം ദിക്ർ , ദുആ , ഖുർആൻ പാരായണം /ഖുർആൻ പഠനം/ ഹദീസ് പഠനം തുടങ്ങിയവയിൽ സാധ്യമാകുന്നത് പോലെ അൽപ സമയം മുഴുകാനും നമുക്ക് സാധിക്കണം.  ഓരോ ദിവസവും ഇങ്ങനെ തുടങ്ങുമ്പോൾ അത് നമ്മുടെ ഈമാനും തഖ് വയും വർധിപ്പിക്കുകയും ജീവിതത്തിലും മനസ്സിലും വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യും. ജമാഅത്ത് നമസ്കാരത്തിനായി ഒരു പ്രദേശത്തെ ആളുകൾ ഒരു ദിവസം പല തവണ പള്ളിയിൽ ഒരുമിച്ചു കൂടുമ്പോൾ അത് അവർക്കിടയിലെ സ്നേഹ ബന്ധവും സാഹോദര്യവും ഐക്യബോധവും കൂടുതൽ ശക്തിപ്പെടുത്തും. ജമാഅത്ത് നമസ്കാരം സമ്മാനിക്കുന്ന സുപ്രധാനമായൊരു സാമൂഹിക നേട്ടമാണിത്.

(‘ലെറ്റ്സ് ബിഗിൻ ഫ്രം മസ്ജിദ്’  കാമ്പയിൻ പ്രമേയം)

Latest Updates