Articles

എന്‍.ഐ.എയും ഭരണഘടനാ സംരക്ഷണവും – നഹാസ് മാള

[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]

എൻ.ഐ.എ നിയമത്തിന്റെ വിശദാംശങ്ങൾ തേടി സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചിരിക്കുകയാണ്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റിന് വേണ്ടി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ എന്‍.ഐ.എ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജിയിലാണ് നടപടി. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സന്തോഷ് പാലാണ് കോടതിയിൽ ഹാജരായത്. ആർ.എഫ് നരിമാനും രവീന്ദ്ര ബട്ടും ഉൾക്കൊള്ളുന്ന ബെഞ്ചാണ് വിശദീകരണം തേടിയിരിക്കുന്നത്. ഛത്തീസ്ഗഢ് സര്‍ക്കാര്‍ ഔദ്യോഗികമായി എന്‍.ഐ.എ നിയമത്തിന്റെ സാധുത ചോദ്യംചെയ്ത് സുപ്രീംകോടതിക്ക് മുന്നിലെത്തുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ 2008ല്‍ കൊണ്ടുവന്ന എന്‍.ഐ.എക്കെതിരെ ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തന്നെ രംഗത്തുവന്നുവെന്ന തമാശ ഇതിലുണ്ടെങ്കിലും പൗരത്വ പ്രശ്‌നങ്ങളുടെ പശ്ചാതലത്തില്‍ ഭരണഘടനാ സംരക്ഷണ സമരം നടക്കുമ്പോള്‍ എന്‍.ഐ.എയെ കുറിച്ച് ചില ആലോചനകള്‍ അനിവാര്യമാണ്.
മുബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് അന്നത്തെ അഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ നേതൃത്വത്തില്‍ എന്‍.ഐ.എ എന്നൊരു കേന്ദ്ര ഏജന്‍സി രൂപീകരിക്കുന്നത്. അതിനായി പ്രത്യേക ആക്ട് തന്നെ പാര്‍ലമെന്റ് പാസാക്കി. രാജ്യത്തിന്റെ പരമാധികാരം, സരക്ഷിതത്വം, അഖണ്ഡത, ദേശസുരക്ഷ, വിദേശ ബന്ധങ്ങള്‍, അന്താരാഷ്ട്ര ബന്ധങ്ങളെ ബാധിക്കുന്ന കരാറുകളും ധാരണകളും എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനുമുള്ള കേന്ദ്രഏജന്‍സി എന്നാണ് എന്‍.ഐ.എ ആക്ടിന്റെ ആമുഖത്തില്‍ അതിനെ പരിജയപ്പെടുത്തുന്നത്. ചില പ്രത്യേക നിയമങ്ങള്‍ക്കും വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന കുറ്റകൃത്യങ്ങള്‍ പ്രത്യേകം എന്‍.ഐ.എയുടെ കീഴില്‍ കൊണ്ടുവരികയും ചെയ്തു.
രണ്ടായിരത്തിന് ശേഷം ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടന കേസുകളാണ് പിന്നീട് കാര്യമായി എന്‍.ഐ.എ ഏറ്റെടുത്തത്. യു.എ.പി.എ എന്ന ഭീകരനിയമമുപയോഗിച്ച് എന്‍.ഐ.എ രാജ്യത്തുടനീളം നൂറുകണക്കിന് യുവാക്കളെ അറസ്റ്റ് ചെയ്തു. അവരില്‍ പലരും വര്‍ഷങ്ങളോളം വിചാരണാ തടവുകാരായി ജയിലുകളിലായി. ഇപ്പോഴും ജയിലുകളില്‍ തുടരുന്നവരാണ് ഭൂരിപക്ഷവും. പത്തും ഇരുപതും കൊല്ലങ്ങള്‍ക്ക് ശേഷം നിരപരാധികളെന്ന് പ്രഖ്യാപിച്ച് വിട്ടയക്കപ്പെട്ട മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് നഷ്ടപരിഹാരമോ മറ്റോ ലഭ്യമാക്കാന്‍ പോലും സാധിക്കാത്ത തരത്തിലായിരുന്നു ഭീകര നിയമത്തിന്റെ പേരില്‍ ഭരണകൂട ഭീകരത. എന്‍.ഐ.എ ഭേദഗതി ചര്‍ച്ചയില്‍ ഇടപെട്ട് പ്രേമചന്ദ്രന്‍ എം.പി നടത്തിയ സംസാരം ഇക്കാര്യം അടിവരയിടുന്നതായിരുന്നു. ‘ഭീകരവാദത്തിന്റെ പേരില്‍ നിരപരാധികളെ രാജ്യത്ത് നിരന്തരം വേട്ടയാടുകയാണ്. 20 വര്‍ഷം തടവുശിക്ഷ അനുഭവിച്ച നിരപരാധിക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കാനേ ഇത്തരം നിയമം ഉപകരിക്കൂ’ എന്നാണ് അദ്ദേഹം പാര്‍ലമെന്റില്‍ എന്‍.ഐ.എയെ കുറിച്ച് പറഞ്ഞത്.
രാജ്യത്തെ ആദ്യ ഭീകരവിരുദ്ധ സെല്‍ എന്ന നിലയില്‍ എന്‍.ഐ.എ എന്ന കേന്ദ്ര ഏജന്‍സി രൂപീകരിക്കുമ്പോള്‍ തന്നെ അതിന്റെ ഭരണഘടനാ സാധുതയെ കുറിച്ച് ചിദംബരം തന്നെ സംശയത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന രേഖകള്‍ വിക്കിലീക്‌സ് പുറത്തു വിടുകയും ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിന്റെ നിയമസാധുത കേടതിയില്‍ ചോദ്യംചെയ്യപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് ചിദംബരം 2009 മാര്‍ച്ച് 3ന് യു.എസ് എഫ്.ബി.ഐ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറായിരുന്ന റോബര്‍ട്ട് മ്യൂളറുമായി നടത്തിയ ആശയവിനിമയമാണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. (അവലംബം: ദ വയര്‍)
യു.എ.പി.എ മുസ്‌ലിംകള്‍ക്കും മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും സംവരണം ചെയ്തതുപോലെ ഉപയോഗിച്ച് വന്ന എന്‍.ഐ.എക്ക് കൂടുതല്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അവസരം നല്‍കുന്ന തരത്തിലുള്ള ഭേദഗതി ബില്ലുകള്‍ നിലവിലെ അഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് 2019 ജൂലൈയിലാണ്. സംഘടനകള്‍ക്ക് പകരം വ്യക്തികളെ നിരോധിക്കാനും സ്വത്തുകള്‍ കണ്ടുക്കൊട്ടാനും മറ്റും യു.എ.പി.എയില്‍ വകുപ്പുകള്‍ ചേര്‍ക്കപ്പെട്ടു. അതോടൊപ്പം വിദേശങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ ഇടപെടാനും സ്വന്തമായ ജുഡീഷ്യല്‍ സംവിധാനങ്ങളുണ്ടാക്കാനും എന്‍.ഐ.എക്ക് സ്വാതന്ത്ര്യം നല്‍കപ്പെട്ടു. ഭരണഘടന ഉറപ്പുവരുത്താനുദ്ദേശിച്ച ഏതൊരു പൗരാവകാശത്തെയും നിഷ്പ്രയാസം റദ്ദ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലേക്ക് എന്‍.ഐ.എയും യു.എ.പി.എയും എത്തിയെന്നതായിരുന്നു അതിന്റെ ഫലം.
എൻ.ഐ.എക്ക് ഏറ്റെടുക്കാവുന്ന കേസുകളെ നിർണയിക്കാൻ അക്ടിൽ ഉപയോഗിക്കുന്ന പ്രധാന വാക് പ്രയോഗം രാജ്യത്തിനെതിരായ കുറ്റകൃത്യം എന്നതാണ്. ഇത് എങ്ങനെ നിർണയിക്കുമെന്നത് അവ്യക്തമാണ്. യു.എ.പി.എയിൽ ഭീകരവാദം എന്ന വാക്കിനെ പോലെ തന്നെ അവ്യക്തമാണിത്. ഉദ്യോഗസ്ഥർക്കും സർക്കാറിനും ആരെയും ദേശവിരുദ്ധരും ഭീകരരുമായി ചിത്രീകരിച്ച് എൻ.ഐ.എക്ക് കൈമാറാവുന്നതും യു.എ.പി.എ ചുമത്താവുന്നതുമാണ്. ഏത് പൗരന്റെയും ഭരണഘടനാവകാശളിൽ എപ്പോൾ വേണമെങ്കിലും ഇടപെടാനും അവയെ റദ്ദ് ചെയ്യാനും അധികാരികൾക്ക് അവസരം നൽകുന്നതാണ് ഈ നിയമനിർമാണങ്ങൾ.
നിയമത്തിന്റെ മുമ്പിൽ എല്ലാ പൗരന്മാർക്കും തുല്യാവകാശമാണെന്നത് ഭരണഘടനയുടെ ആർട്ടിക്ൾ 14 ഉറപ്പുനൽകുന്ന കാര്യമാണ്. എന്നാൽ എൻ.ഐ.എ ഒരു കേസിൽ ഇടപെടുകയും പൗരന്മാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുമ്പോൾ അവർക്ക് ബാക്കിയുള്ള പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങളും ഇല്ലാതാകുന്നു. നിയമത്തിന് മുന്നിലുള്ള തുല്യത ഹനിക്കപ്പെടുകയും ചെയ്യുന്നു. ഒരാൾക്കെതിരെ കുറ്റാരോപണമുണ്ടായാൽ അയാളുടെ സ്വത്ത് കണ്ടുകെട്ടാൻ അധികാരം നൽകുന്നുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നത് വരെ പൗരർ നിരപരാധികളാണ് എന്ന ഭരണഘടനാ തത്വത്തെയാണ് ഇവിടെ അട്ടിമറിക്കുന്നത്.
ആംസ് ആക്ട് പോലുള്ള നിയമങ്ങളിൽ വരുന്ന കേസുകളിൽ സംസ്ഥാന പോലീസിനെ മറികടന്ന് എൻ.ഐ.എക്ക് വരാനാകുമെന്നതാണ് മറ്റൊരു പ്രശ്നം. ഭരണഘടനയിലെ ആർട്ടിക്ക്ൾ 13 ഉറപ്പ് നൽകുന്ന രാജ്യത്തിന്റെ ഘടനയിൽ തന്നെ നിർണായക സ്വാധീനമുള്ള ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണിത്.
നിലവിലെ പൗരത്വ പ്രശ്‌നത്തില്‍ എന്‍.ആര്‍.സിയും സി.എ.എയും പ്രവര്‍ത്തിക്കുന്ന രൂപത്തില്‍ തന്നെയാണ് എന്‍.ഐ.എയും യു.എ.പി.എയും ഉപയോഗിക്കപ്പെട്ടത്. ആളുകളെ സംശയത്തിന്റെ പേരിലും കെട്ടിചമച്ച ആരോപണങ്ങളുടെ പേരിലും കസ്റ്റഡിയിലെടുക്കാന്‍ കേന്ദ്രഏജന്‍സിയായ എന്‍.ഐ.എ ഉപയോഗിക്കപ്പെടുമ്പോള്‍ അതിന് എല്ലാ പിന്തുണയും നല്‍കുന്ന നിയമ വകുപ്പായി യു.എ.പി.എ നിലനിന്നു. ഇതേ രീതിയില്‍ ആളുകളുടെ പൗരത്വം സംശയത്തിലാക്കാന്‍ എന്‍.ആര്‍.സിയും മറ്റും ഉപയോഗിക്കുമ്പോള്‍ ഒരു നിയമമെന്ന് നിലയില്‍ മുസ്‌ലിംകളടക്കമുള്ളവരെ പുറംതള്ളാന്‍ സി.എ.എ പ്രയോജനപ്പെടും. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെ ഇല്ലാതാക്കാനും അവയെ ഹിംസിക്കാനും ഭരണഘടനാ സ്ഥാപനങ്ങളിലൂടെ പാസാക്കിയെടുത്ത നിയമങ്ങളും ഏജന്‍സികളും ഉപയോഗിക്കപ്പെടുകയെന്ന ശൈലിയാണിവിടെ നടക്കുന്നത്. ഭരണഘടനാ സംരക്ഷണത്തിന് സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവ പിന്‍വലിക്കുന്നതുപോലെ പ്രധാനമാണ് എന്‍.ഐ.എയും യു.എ.പി.എയും ഇല്ലാതാകുകയെന്നതും. വസ്തുതകള്‍ക്കും നീതിക്കുമപ്പുറത്ത് മറ്റ് പരിഗണനകള്‍ നല്‍കിയ ബാബരി വിധിക്ക് ശേഷമുള്ള കോടതിയുള്‍പെടെ ഇത്തരത്തില്‍ ഭരണഘടനാ സംരക്ഷണ സമരത്തിന്റെ ഭാഗമായി ചോദ്യം ചെയ്യപ്പെടേണ്ടിവരും.
പൗരത്വ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങളും സമരങ്ങളും നടന്നു. എന്നാല്‍ അവയൊന്നും പരിഗണിക്കാന്‍ കൂട്ടാക്കാതെ നിയമങ്ങള്‍ നടപ്പാക്കുമെന്നാണ് അഭ്യന്തരമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. അതിനപ്പുറം സമരങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന ശൈലിയും ഉപയോഗിക്കുന്നുണ്ട്. പൗരാവകാശങ്ങളെല്ലാം നിഷേധിക്കാനാകുന്ന എന്‍.ഐ.യും യു.എ.പി.എയും ഉപയോഗപ്പെടുത്തി കേന്ദ്രം പൗരത്വ പ്രക്ഷോഭങ്ങളെ തുടച്ചുനീക്കാനുള്ള സാധ്യതകളും കാണുന്നുണ്ട്. അടുത്ത്തന്നെ ഇത്തരം ശ്രമങ്ങള്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. കേരളത്തില്‍ വ്യാപകമായി പ്രക്ഷോഭകര്‍ക്ക് നേരെ കേസുകളെടുക്കാന്‍ അണിയറ നീക്കങ്ങള്‍ നടന്ന സാഹചര്യത്തില്‍ ഇത് തീര്‍ച്ചയായും പ്രതീക്ഷിക്കണം.
ഛത്തീസ്ഗഢ് സര്‍ക്കാര്‍ എന്‍.ഐ.എക്കെതിരെ സുപ്രീംകോടതിയെ സമീപ്പിക്കാന്‍ പ്രധാന കാരണം ഭരണഘടനയുടെ പാര്‍ട്ട് 3 ഉറപ്പുതരുന്ന സംസ്ഥാനങ്ങളുടെ ഫെഡറല്‍ അവകാശങ്ങള്‍ ഇത് ഹനിക്കുമെന്നതാണ്. 2008ല്‍ ഈ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട സമയത്തുതന്നെ ഇക്കാരം സീതാറാം യെച്ചൂരിയെ പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംസ്ഥാന പൊലീസില്‍ നിന്ന് കേന്ദ്ര ഏജന്‍സിക്ക് കേസുകളേറ്റെടുക്കാന്‍ പ്രത്യേക മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും അന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍ അതെല്ലാം അവഗണിച്ചാണ് എന്‍.ഐ.എ നിലവില്‍ വന്നതും ഇപ്പോള്‍ കൂടുതല്‍ വ്യാപിപ്പിക്കുന്ന ഭേദഗതി ഉണ്ടായതും.
മഅദനി, സകരിയ പോലുള്ള ധാരാളം നിരപരാധികൾ കാലങ്ങളായി അന്യായ തടവിൽ കഴിയുന്ന അവസ്ഥക്ക് കാരണം എൻ.ഐ.എ ഇടപെടലുകൾ കൂടിയാണ്. യു.എ.പി.എ ഉപയോഗപ്പെടുത്തി കേന്ദ്ര ഏജൻസികൾ മുസ്ലിം വിരുദ്ധ നടപടികൾ തുടർന്നുകൊണ്ടിരിക്കുമ്പോൾ എൻ.ഐ.എക്കെതിരായ നിയമ പോരാട്ടം ശക്തിപ്പെടേണ്ടതുണ്ട്.
കോഴിക്കോട് മാവോവാദി ആരോപണമുന്നയിക്കപ്പെട്ട് അലന്‍, ത്വാഹ എന്നിവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ആ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയും ചെയ്തു. ആ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി തങ്ങളുടെ പിഴവുകളെ ന്യായീകരിച്ച് കേന്ദ്രഏജന്‍സി നേരിട്ട് കേസ് ഏറ്റെടുക്കുകയായിരുന്നു, അതില്‍ സംസ്ഥാനത്തിനൊന്നും ചെയ്യാനില്ല എന്ന് പറഞ്ഞിരുന്നു. ഇത്തരം വാദങ്ങളില്‍ സത്യസന്ധതയുണ്ടെങ്കില്‍ കേരള സര്‍ക്കാര്‍ ചെയ്യേണ്ടത് എന്‍.ഐ.എക്കെതിരായ കേസില്‍ ഛത്തീസ്ഗഢിനൊപ്പം കക്ഷിചേരുകയാണ്. ഇപ്പോഴത്തെ ഭരണഘടനാ സംരക്ഷണ സമരങ്ങള്‍ക്കൊപ്പം ഫെഡറല്‍ സിസ്റ്റത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന എന്‍.ഐ.എ പോലുള്ള സംവിധാനങ്ങള്‍ക്കെതിരെയും സമരം ശക്തിപ്പെടേണ്ടതുണ്ട്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Latest Updates