യുവത്വം, ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച പ്രായം . ജോലിയും ബിസിനസും കുടുംബവും വീടും സൗഹൃദങ്ങളും സാമൂഹികപ്രവർത്തനങ്ങളുമൊക്കെയാ
തിരക്കുകൾക്ക് ഒരു ദിവസം അവധി കൊടുത്ത് ഒരുമിച്ചിരിക്കാം. സമാനപ്രായക്കാരൊടൊപ്പം കുടുംബവും മക്കളുമായി ഒരു യുവത്വത്തിന്റെ വൈബുള്ള കൂടിയിരുത്തം . പടച്ചോനെയും ദീനിനേയും കുടുംബത്തേയും വീടിനേയും നാടിനേയും കുറിച്ചൊക്കെ പങ്ക് വെക്കലുകളാകാം . നമ്മളിലുള്ളതൊക്കെയും മെച്ചപ്പെടുത്താനും ഇല്ലാതായിപ്പോകുന്നതിനെ ചേർത്ത് വെക്കാനും ഒന്ന് ഉള്ള് തുറന്ന് ശ്രമിച്ച് നോക്കാം. സോളിഡാരിറ്റി അതിനുള്ള അവസരമൊരുക്കുകയാണ് യൂത്ത് കഫെയിലൂടെ . തീർച്ചയായും വരുംകാല ജീവിതത്തിന് വെളിച്ചമാകുന്ന ചിലതൊക്കെ അതിലൂടെ നമുക്ക് നേടാനായേക്കാം.
യുവാക്കളുടെയും അവരുടെ കുടുംബത്തിന്റെയും ദീനീ സംസ്കരണം സാധ്യമാക്കുകയെന്നതാണ് യൂത്ത് കഫെയുടെ പ്രാഥമിക ലക്ഷ്യം. അല്ലാഹുവിന്റെ ഖലീഫയെന്ന നിലയിൽ ഈ ലോകത്ത് വലിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നവനാണ് വിശ്വാസി. ഈ ഉത്തരവാദിത്ത നിർവഹണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇസ്‌ലാമികമായ ജീവിതസംങ്കൽപവും ലോകഭാവനയും ഉണ്ടാകൽ. യുവാക്കൾക്ക് ശക്തമായ ആദർശത്തിന്റെ വെളിച്ചത്തിലുള്ള ജീവിത ശൈലി നൽകാൻ യൂത്ത് കഫെ സഹായകമാകും. ഒരാളുടെ ദീനീ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് കുടുംബത്തിന്റെ ദീനീവൽക്കരണം. ഇണകളും മക്കളും ദീനിന്റെ മാർഗത്തിൽ ആണെങ്കിൽ മാത്രമേ ഇരുലോകത്തും വിജയിക്കാൻ വിശ്വാസിക്ക് സാധിക്കുകയുള്ളൂ.
” ശാശ്വതമായ സ്വര്‍ഗീയാരാമങ്ങളില്‍ അവര്‍ പ്രവേശിക്കും. സ്വാലിഹുകളായ അവരുടെ മാതാപിതാക്കള്‍, ഇണകള്‍, മക്കള്‍ എന്നിവരും അവരോടൊപ്പം പ്രവേശിക്കും. ഇഹലോകത്ത് ക്ഷമയോടെ ജീവിച്ചതിന്റെ ഫലമായി മലക്കുകള്‍ സ്വര്‍ഗകവാടങ്ങളിലൂടെ പ്രവേശിച്ച് അവര്‍ക്ക് സലാം പറയും. സ്വര്‍ഗ ഭവനം എത്ര അനുഗ്രഹീതം!” (അര്‍റഅദ് 23 – 24)
മക്കളും മാതാപിതാക്കളും ഇണകളും മരണാന്തരം സ്വര്‍ഗത്തില്‍ ഒന്നിച്ച് ചേരുന്ന ആനന്ദകരമായ സന്ദര്‍ഭത്തെ കുറിച്ചാണ് അല്ലാഹു ഈ ആയത്തിൽ പറയുന്നത്. കുടുംബത്തെക്കുറിച്ചുള്ള വിശ്വാസിയുടെ സ്വപ്‌നത്തിന്റെ ചിത്രമാണ് ഈ ആയത്ത് വരച്ചുവെക്കുന്നത്. സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള പ്രധാന ഗുണമായി ഇവിടെ പറഞ്ഞിരിക്കുന്നത് അവരില്‍ ‘സ്വലാഹ്’ ഉണ്ടാവുക എന്നതാണ്. എല്ലാ നന്മകളും ഗുണങ്ങളും ഉണ്ടാകലാണ് ‘സ്വലഹ’ എന്ന വാക്കിനര്‍ത്ഥം. മക്കളുടേയും കുടുംബാംഗങ്ങളുടേയും കൈകോര്‍ത്ത് പിടിച്ച് സ്വര്‍ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുന്ന സുന്ദര മുഹൂര്‍ത്തം ലക്ഷ്യം വെച്ച് കൊണ്ടാണ് വിശ്വാസി കുടുംബ ജീവിതം നയിക്കേണ്ടത്. വിശ്വാസി ഇസ്‌ലാമിക ജീവിതം പരിശീലിക്കുന്ന അടിസ്ഥാന യൂണിറ്റാണ് കുടുംബം. വിശ്വാസികളുടെ ജീവിത ലക്ഷ്യമായ ദീന്‍ സ്ഥാപിക്കലും ദൗത്യമായ സത്യസാക്ഷ്യവും അടിസ്ഥാനപരമായി നടപ്പാകേണ്ട സംവിധാനമാണ് കുടുംബം. വ്യക്തികളുടെ ഇസ്‌ലാമിക ജീവിതവും ഭാവി വിജയവും തീരുമാനിക്കുന്നതില്‍ കുടുംബത്തിന് വലിയ പങ്കുണ്ട്. ഉദാരവാദവും വ്യക്തിവാദവും ശക്തമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാൽ കുടുംബത്തോടൊപ്പം യുവാക്കൾക്ക് ദീനീസംസ്‌കരണം സാധ്യമാക്കുകയെന്നത് യൂത്ത് കഫെയുടെ പ്രധാന പരിഗണനയാകും.
പുതിയ തലമുറകൾക്ക് ഇസ്‌ലാമിക ബോധം കൈമാറലാണ് മറ്റൊരു അനിവാര്യത. വിവരത്തിത്തിന്‍റെയും സാങ്കേതികവിദ്യയുടെയും വിസ്ഫോടനങ്ങളുടെ കാലത്താണ് നമ്മൾ ജീവിക്കുന്നത്. ഏറ്റവും പുതിയ ജനറേഷൻ ആൽഫയെന്നാണ് അറിയപ്പെടുന്നത്. സ്ക്രീനിലേക്ക് ജീവിതം കേന്ദ്രീകരിക്കപ്പെട്ട ആൻഡ്രോയ്‌ഡ് കാലത്താണ് അവർ ജനിച്ചത്. അതുകൊണ്ടുതന്നെ അവരുടെ ദീനീ സംസ്കരണമെന്നത് സൂക്ഷമതയോടെ പൂർത്തീകരിക്കേണ്ടതാണ്. പുതിയ തലമുറകൾക്കൊപ്പം അവരുടെ ലോകത്തെകൂടി മനസ്സിലാക്കി വളരാനും വികസിക്കാനുമുള്ള അവസരങ്ങൾ നൽകാനും യൂത്ത് കഫെ പരിശ്രമിക്കും.
പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മേഖലയാണ് മെന്റൽ ഹെൽത്ത് അഥവാ മാനസികാരോഗ്യം. മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട് വലിയ ഇൻവെസ്റ്റുമെമെന്റുകളും നിരവധി കൗൺസിലിംഗ് സ്ഥാപനങ്ങളും ഇന്ന് വ്യാപകമാണ്. ആളുകൾ ഇന്ന് അനുഭവിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്ന് മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ടതാണ്. ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയവ കൗമാരക്കാരിലും യുവതീ യുവാക്കളിലും വർധിച്ചുവരുന്നു. ഗർഭകാല ഡിപ്രഷൻ, ഗർഭാനന്തര ഡിപ്രഷൻ തുടങ്ങിയവയും കൂടിക്കൊണ്ടിരിക്കുന്നു. വ്യക്തികളിൽ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കാനാവുക കുടുംബത്തിനാണ്. സമാധാനവും ശാന്തിയും ലഭിക്കുന്ന ഇടം അന്വേഷിച്ചു നടക്കുന്നവരാണ് അധികമാളുകളും. അങ്ങനെ സമാധാനം അന്വേഷിച്ച് അലയേണ്ട ആവശ്യമില്ലെന്നും വീട്ടിനകത്ത് നിന്ന് അത് ലഭിക്കേണ്ടതാണെന്നുമാണ് അല്ലാഹു ഉണർത്തുന്നത്. കുടുംബമായി ജീവിക്കുമ്പോൾ അടിസ്ഥാനപരമായി ലഭിക്കേണ്ടതും സമാധാനവും സന്തോഷവും ശാന്തിയുമാണെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്.
“അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു; നിങ്ങള്‍ക്ക് അവരിലൂടെ ശാന്തി നുകരാൻ. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കിത്തരുകയും ചെയ്തു. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; ചിന്തിക്കുന്ന ജനത്തിന് ഇതിലെല്ലാം നിരവധി ദൃഷ്ടാന്തങ്ങളുണ്ട്”. (അർറൂം: 21)
വീട്ടിലെ ഓരോ വ്യക്തിയും വ്യത്യസ്ത ഇടങ്ങളിൽ എൻഗേജ് ചെയ്യുന്നവരാണ്. അൽപക്കം, നാട് , നാട്ടുകാർ, കൂട്ടുകാർ, തോഴിലിടം, കാമ്പസ് തുടങ്ങിയവ ഉദാഹരണം. ഈ ഇടങ്ങളിൽ വെച്ച് നമ്മുടെ മക്കൾക്കും ഇണകൾക്കും ഏറ്റവും പ്രിയപ്പെട്ട ഇടമായി കുടുംബം മാറുകയാണെങ്കിൽ സുന്ദരമായ കുടുംബമായിരിക്കും അത്. കുടുംബത്തിലെ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം ശക്തിപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കുടുംബത്തിനകത്തും വീട്ടിലെ വ്യക്തികൾക്കിടയിലും രൂപപ്പെടേണ്ട ഘടകങ്ങളെ കുറച്ച് യൂത്ത് കഫേയിൽ ചർച്ച ചെയ്യപ്പെടും.
ഒരു ദിവസം തന്നെ വ്യത്യസ്ത കാര്യങ്ങളിൽ എംഗേജ് ചെയ്യുന്നവരാണ് നാം. ആരാധനാ കർമ്മങ്ങൾ, വിനോദം, വ്യായാമം, വായന, പഠനം, പാരന്റിംഗ്, ജോലി, ദീനീ പ്രവർത്തനങ്ങൾ, ബിസിനസ് , സാമൂഹിക കുടുംബ ബന്ധങ്ങൾ , സൗഹൃദം, ഓൺലൈൻ ലോകത്തെ എൻഗേജ്മെന്റ്……ഇവയോരോന്നും മുൻഗണനാക്രമമനുസരിച്ച് സെറ്റ് ചെയ്ത് എല്ലാറ്റിനും സ്പേസ് കിട്ടുന്ന രീതിയിൽ സന്തുലിതമായി കൊണ്ടുപോകുന്ന ജീവിത സംസ്കാരം നാം വളർത്തിയെടുക്കുകയും ദൈനംദിന ജീവിതത്തിൽ അങ്ങനെ മുന്നോട്ട് പോകാനും ശ്രമിക്കണം. ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാകുന്നതിലും മാനസികാരോഗ്യം നിലനിർത്തുന്നതിലും സ്ട്രെസ്സ് ഇല്ലാതാക്കുന്നതിലും ഇത് പ്രധാന പങ്കു വഹിക്കുന്നുണ്ട്. എന്നാൽ, ഇവയെല്ലാം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ പലപ്പോഴും നാം പ്രയാസമനുഭവിക്കാറുണ്ട്. ലൈഫ് സ്റ്റൈൽ ബാലൻസിംഗിനെ കുറിച്ച ചർച്ചകൾ യൂത്ത് കഫേയിൽ ഉണ്ടാകും.
ഫാമിലി ബജറ്റിംഗ്, ഫിനാൻസിംഗ്, വരുമാനം, ജോലി, പാരന്റിംഗ്, കഴിവുകളുടെ പരിപോഷണം, കുട്ടികളുടെ ആക്ടിവിറ്റികൾ എന്നിവക്കുള്ള ക്രിയാത്മക രീതികളും യൂത്ത് കഫെയുടെ ഭാഗമായിരിക്കും.
സംസ്ഥാനത്തുടനീളം എൺപതിൽ അധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന യൂത്ത് കഫേകളിലൂടെ, ദീനിന്റെ വെളിച്ചത്തിൽ കുടുംബത്തെ കൈപിടിച്ച് മനോഹരമായ ജിവിതത്തിലേക്ക് നടന്നുകയറാനുള്ള പുതിയ വാതിലുകൾ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ടി.പി സ്വാലിഹ്
സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി