കോഴിക്കോട് : ഐ ലൗ മുഹമ്മദ് ബാനറിന്റെ’ പേരിൽ ഉത്തരേന്ത്യയിൽ നടക്കുന്ന വ്യാപക മുസ്‌ലിം വേട്ട പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്. മുസ്‌ലിംകളുടെ സാധാരണ ജീവിതം പോലും ദുഷ്കരമാവുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നു. മുസ്‌ലിം ആചാരങ്ങളെ തടയാൻ ശ്രമിക്കുന്ന ഹിന്ദുത്വ ശക്തികൾ രാജ്യത്തെ ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നബിദിനത്തോടനുബന്ധിച്ച് ഉത്തർപ്രദേശിലെ കൺപൂരിൽ സ്ഥാപിച്ച ‘ഐ ലൗ മുഹമ്മദ് ബാനർ’ ഹിന്ദുത്വവാദികൾ നശിപ്പിച്ചതിനെ തുടർന്ന് നടന്ന വ്യാപകമായ പ്രതിഷേധങ്ങൾ രാജ്യത്ത് പലയിടത്തും നടന്നിരുന്നു. എന്നാൽ ബാനർ നശിപ്പിച്ചവർക്കെതിരെ കേസെടുക്കാതെ പ്രതിഷേധിച്ച ആയിരക്കണക്കിന് മുസ്‌ലിംകൾക്കെതിരെ കേസെടുക്കുകയും നൂറുകണക്കിന് ആളുകളെ ജയിലിൽ ഇടുകയും ചെയ്യുന്ന സമീപനമാണ് യുപി പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരമൊരു സാഹചര്യത്തിലാണ് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.
മുഫ്തി അമീൻ മാഹി, സാമൂഹ്യ പ്രവർത്തകൻ ബാബുരാജ് ഭഗവതി, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ഷിബിൻ റഹ്‌മാൻ, ഫ്രട്ടേണിറ്റി മൂവ്മെന്റ് സംസ്ഥാന സമിതിയംഗം ആയിഷ മന്ന, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, ഡോ.സഫീർ എ.കെ, ജില്ല ജന.സെക്രട്ടറി ഫസലുൽ ബാരി എന്നിവർ സംസാരിച്ചു.