എറണാകുളം : അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് ശേഷം അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഭീകരതക്കെതിരായ യുദ്ധത്തിന് (War On Terror) 25 വർഷം തികയുകന്ന പശ്ചാത്തലത്തിൽ ‘ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി കോൺഫറൻസുമായി’ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള. ലോക രാഷ്ട്രീയത്തിലും സാമൂഹിക ജീവിതത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ച ‘ഭീകരതക്കെതിരായ യുദ്ധത്തിന്റെ’ സാമൂഹിക-രാഷ്ട്രീയ ആഘാതങ്ങൾ വിശകലനം ചെയ്യുകയാണ് കോൺഫറൻസിലൂടെ ലക്ഷ്യം വെക്കുന്നത്.
ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കേന്ദ്രീകരിച്ചുള്ള ഒരു പൊതുശത്രുവിനെ ബോധപൂർവം രൂപപ്പെടുത്തുകയായിരുന്നു വാർ ഓൺ ടെററിലൂടെ സംഭവിച്ചത്. ഭീകരത = മുസ്‌ലിം എന്ന പൊതുബോധം ഇതിലൂടെ ശക്തിപ്പെടുത്തുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ ലോകമെമ്പാടും ഭീകരവിരുദ്ധ നിയമങ്ങൾ രൂപപ്പെട്ടു. ഇന്ത്യയിൽ ടാഡ, പോട്ട, യു.എ.പി.എ തുടങ്ങിയ നിയമങ്ങൾ ഇതിന്റെ ഭാഗമായാണ് രൂപപ്പെട്ടതെന്നും അവ പ്രധാനമായും മുസ്‌ലിംകൾക്കെതിരെ പ്രയോഗിക്കപ്പെട്ടുവെന്നും സോളിഡാരിറ്റി മനസ്സിലാക്കുന്നു.
വാർ ഓൺ ടെറർ മുസ്‌ലിംകളെ ‘നല്ല മുസ്‌ലിം’, ‘ചീത്ത മുസ്‌ലിം’ എന്നിങ്ങനെ വിഭജിക്കുകയും രാഷ്ട്രീയ-സാമൂഹിക ഇടപെടലുകൾ നടത്തുന്ന മുസ്‌ലിം വിഭാഗങ്ങളെ സംശയത്തോടെ കാണുന്ന സമീപനം വളർത്തുകയും ചെയ്തു. ഇതാണ് പിന്നീട് ഇസ്‌ലാമോഫോബിയക്കും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിനും അടിത്തറയായത്. ഇന്ത്യയിൽ സിമി നിരോധനം, വിവിധ ഭീകരാക്രമണ കേസുകൾ, യു.എ.പി.എ പോലുള്ള നിയമങ്ങൾ എന്നിവയിലൂടെ ‘ഭീകര മുസ്‌ലിം’ എന്ന പ്രതിച്ഛായ ശക്തിപ്പെട്ടുവെന്നും നിരപരാധികളായ നിരവധി മുസ്‌ലിം യുവാക്കൾ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടി വന്നു. കേരളത്തിലുൾപ്പെടെ മുസ്‌ലിം സമൂഹത്തിന്റെ അവകാശവാദങ്ങളെയും രാഷ്ട്രീയ ഇടപെടലുകളെയും ‘തീവ്രവാദം’, ‘ജിഹാദിസം’ തുടങ്ങിയ പദങ്ങൾ ഉപയോഗിച്ച് വിലയിരുത്തുന്ന പ്രവണത ശക്തിപ്പെടുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ 25 വർഷമായി വാർ ഓൺ ടെറർ ഇന്ത്യയിലും കേരളത്തിലും സൃഷ്ടിച്ച സാമൂഹിക, രാഷ്ട്രീയ, നിയമപരമായ പ്രത്യാഘാതങ്ങളെ വിലയിരുത്തുന്നതിനായി സോളിഡാരിറ്റി ഒരു ജനകീയ വിചാരണ സംഘടിപ്പിക്കുകയാണ്. ഇരകളുടെ അനുഭവങ്ങൾ, നിയമ-രാഷ്ട്രീയ ചർച്ചകൾ, മാധ്യമങ്ങളുടെ സോഷ്യൽ ഓഡിറ്റ്, അക്കാദമിക സംവാദങ്ങൾ, കലാ-സാംസ്കാരിക പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ജൂലൈ 12 എറണാകുളം ടൗൺഹാളിൽ വെച്ചാണ് മുഴുദിനം നീണ്ടു നിൽക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത്. മൂന്നു വേദികളിലായി 1500 ഓളം പ്രതിനിധികളും 250 ഓളം ഗസ്റ്റുകളും പങ്കെടുക്കും. മുൻകൂട്ടി രെജിസ്റ്റർ ചെയ്തവർക്കായിരിക്കും പ്രവേശനം.