News & Updates

മുസ്‌ലിം വംശഹത്യ പദ്ധതികൾക്കെതിരെ സോളിഡാരിറ്റി യുവജനറാലിയും പൊതുസമ്മേളനവും നാളെ

കോഴിക്കോട്: സംഘപരിവാറിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ നടക്കുന്ന മുസ്‌ലിം വിരുദ്ധ ഉന്മൂലന പദ്ധതികൾക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന യുവജനറാലിയും പൊതുസമ്മേളനവും ഞായറാഴ്ച കോഴിക്കോട് നടക്കുമെന്ന് സോളിഡാരിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അസമിൽ നടന്നു കൊണ്ടിരിക്കുന്ന മുസ്‌ലിം കുടുംബങ്ങളെ കുടിയൊഴിപ്പിക്കൽ, ബീഹാറിൽ വോട്ടർ പട്ടികയിൽ നടത്തിയിട്ടുള്ള ക്രമക്കേട്, ബംഗാളി മുസ്‌ലിംകളെ ബംഗ്ലാദേശ് പൗരന്മാരെന്ന് മുദ്രകുത്തി നാട് കടത്തൽ, ഡീറ്റെൻഷൻ സെന്ററുകളിലേക്ക് മാറ്റുന്നത്, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകളുടെ വീടുകൾക്കും പള്ളികൾക്കും മറ്റ് സ്ഥാപനങ്ങൾക്കും നേരെ നടത്തിയ ബുൾഡോസർ രാജ് തുടങ്ങിയവയിലൂടെ സമാനതകളില്ലാത്ത വിധം ഇന്ത്യയിൽ ഫാസിസം മുസ്‌ലിമിന്റെ ജീവിതത്തെ ദുസ്സഹമാക്കിയിരിക്കുകയാണ്.

ഗസ്സയിൽ നടന്ന് കൊണ്ടിരിക്കുന്ന ചരിത്രത്തിൽ സമാനതകളില്ലാത്ത വംശഹത്യക്കെതിരെ, സയണിസത്തിനെതിരെ ലോകം തന്നെയും തെരുവിൽ അണിനിരക്കുമ്പോൾ ഇന്ത്യ – ഇസ്രായേൽ ബന്ധം കൂടുതൽ ശക്തിപ്പെടുന്നു. ഹിന്ദുത്വയുടെ വംശഹത്യ പദ്ധതികൾക്കും നമ്മുടെ കണ്മുന്നിൽ നടന്നുകൊണ്ടിരിക്കുന്ന ഫലസ്തീനികളുടെ വംശഹത്യക്കും എതിരെ തെരുവിലിറങ്ങുക എന്നത് ഒരു ധാർമിക യുവജന പ്രസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ഇത്തരമൊരു സാഹചര്യത്തിലാണ് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തി പകരാൻ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് വെച്ച് ‘മുസ്‌ലിം വംശഹത്യ പദ്ധതികൾക്കെതിരെ’ യുവജന റാലിയും പൊതുസമ്മേളനവും നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 2025 ആഗസ്റ്റ് 10 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിന്റെ പിറക് വശത്തു നിന്നും ആരംഭിക്കുന്ന യുവജനറാലിയും ശേഷം മുതലക്കുളം മൈതാനിയിൽ പൊതുസമ്മേളനവും നടക്കും.

2006 ൽ നടന്ന മുംബൈ ട്രെയിൻ സ്ഫോടന പരമ്പരകളെ തുടർന്ന് തീവ്രവാദത്തിന്റെ പേരിൽ വ്യാജ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും നീണ്ട 9 വർഷത്തെ ജയിൽവാസത്തിനു ശേഷം നിരപരാധിയെന്ന് കണ്ടു വിട്ടയക്കപ്പെടുകയും ചെയ്ത മുംബൈ സ്വദേശിയും അധ്യാപകനായ ഡോ.അബ്ദുൽ വാഹിദ് ഷെയ്ഖ് മുഖ്യ അതിഥിയായിരിക്കും. നാഷണൽ ഫെഡറേഷൻ ഓഫ് യൂത്ത് മൂവ്മെന്റ് ചെയർമാൻ മസീഹുസ്സമാൻ അൻസാരി (ഡൽഹി) പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കെ.പി.സി സി സെക്രട്ടറി കെ.പി നൗഷാദലി, സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈർ, ചിന്തകനും എഴുത്തുകാരനുമായ കെ.കെ ബാബുരാജ്, ശ്രീനാരായണ ഗുരുധർമം ട്രസ്റ്റ് ചെയർമാൻ പി.കെ സുധീഷ് ബാബു, ദ്രാവിഡ വിചാര കേന്ദ്രം ഡയറക്ടർ ഗാർഗ്യൻ സുധീരൻ, എം.ഇ.എസ് നേതാവ് ഡോ. ഹമീദ് ഫസൽ, ഗവേഷകനും എഴുത്തുകാരനായ റിയാസ് മോൻ, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വൈസ് പ്രസിഡൻ്റ് ഷമീമ സക്കീർ, സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജന. സെക്രട്ടറി ടി. ഇസ്മാഈൽ എന്നിവർ പങ്കെടുക്കും.

സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന ജന.സെക്രട്ടറി ടി ഇസ്മാഈൽ, സെക്രട്ടറി സജീദ് പി.എം, അസി.സെക്രട്ടറി നസീം അടുക്കത്ത്, സെക്രട്ടറിയേറ്റംഗം അസ്‌ലം അലി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Latest Updates