ഹൈദരാബാദ്: ലോകമനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ വംശീയ ഉന്‍മൂലന ശ്രമങ്ങളായിരുന്നു കാലങ്ങളായി മ്യാന്‍മറില്‍ നടന്നത്. രഖേന്‍ പ്രവിഷ്യയിലെ ബുദ്ധിസ്റ്റുകള്‍ റോഹിങ്ക്യന്‍ വംശജരായ മുസ്ലിംകളെ അക്രമിക്കുകയും കൂട്ടകൊലക്ക് വിധേയരാക്കുകയുമായിരുന്നു. അക്രമങ്ങള്‍ ശക്തമായതോടെ റോഹിങ്ക്യകള്‍ ബംഗ്ലാദേശിലേക്കും മറ്റു അയല്‍ രാജ്യങ്ങളിലേക്കും പലായനം ചെയ്തു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ ഭാഗമായി ഇന്ത്യയിലും ധാരാളം റോഹിങ്ക്യകള്‍ അഭയാര്‍ഥികളായി കഴിയുന്നുണ്ട്.
ഇന്ത്യയിലെ ഹൈദരാബാദ്, ഡല്‍ഹി, കശ്മീര്‍ എന്നീ സ്ഥലങ്ങളിലാണ് കാര്യമായി റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ താമസിക്കുന്നത്. അഭയാര്‍ഥി ക്യാമ്പുകളിലെ ജീവിത സാഹചര്യങ്ങള്‍ വളരെ പരിതാപകരമാണെന്ന് പല മനുഷ്യാവകാശ-സന്നദ്ധ സംഘടനകളും റിപ്പോര്‍ട്ട് നല്‍കിയിരുന്നു . പക്ഷെ ഇന്ത്യന്‍ സര്‍ക്കാര്‍ ഈ അഭയാര്‍ഥികളെയെല്ലാം പുറത്താക്കണമെന്ന നിലപാടാണ് എടുത്തത്. ഇത് റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രതീക്ഷകള്‍ ഇല്ലാതാക്കുന്നതായിരുന്നു.
അഭയാര്‍ഥികളുടെ പുനരധിവാസം ഏറ്റവും വലിയ വെല്ലുവിളിയാണ്. അഭയാര്‍ഥികളുടെ പുതുതലമുറയുടെ വിദ്യാഭ്യാസവും ശാക്തീകരണവും അതിന്‍റെ ഏറ്റവും വലിയ ചുവടാണ്. ഈ മേഖലയിലടക്കം സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍റെ കീഴിലുള്ള വിഷന്‍ 2026ന്‍റെ ഭാഗമായി നടക്കുന്നുണ്ട്.
ഹൈദരാബാദില്‍ സോളിഡാരിറ്റി ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനുമായി സഹകരിച്ച് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി വിപുലമായ താമസസൗകര്യങ്ങളും സ്കൂളും നിര്‍മിച്ചു നല്‍കിയിരിക്കുന്നു. ഡീസന്‍റ് ഷെല്‍റ്റര്‍ എന്ന പേരില്‍ 105 കുടുംബങ്ങള്‍ക്കുള്ള താമസ സൗകര്യങ്ങളും 50 കക്കൂസുകളും ഇഖ്റഅ് നഴ്സറി സ്കൂളുമാണ് നിര്‍മിച്ചിരിക്കുന്നത്. അഞ്ച് കെട്ടിടങ്ങളിലായാണ് താമസിക്കാനുള്ള ഷെല്‍റ്ററുകള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ ഷെല്‍റ്ററിലുള്ള എല്ലാവര്‍ക്കും യു.എന്‍.ആര്‍.സി (യുണൈറ്റഡ് നേഷന്‍സ് റെഫ്യൂജി കൗൺസില്‍)യുടെ കാര്‍ഡും ലഭ്യമാക്കിയിരിക്കുന്നു.
ഡീസന്‍റ് ഷെല്‍റ്ററുകളുടെയും ഇഖ്റഅ് സ്കൂളിന്‍റെയും താക്കോല്‍ ദാനം തെലുങ്കാന ഉപമുഖ്യമന്ത്രി മഹ്മൂദ് അലിയും സോളിഡാരിറ്റി യൂത്ത് മുവ്മെന്‍റ് പ്രസിഡന്‍റ് പി.എം സാലിഹും ചേർന്ന് നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി തെലുങ്കാന അമീര്‍ ഹാമിദ് മുഹമ്മദ് ഖാന്‍, തെലുങ്കാന വഖ്ഫ് ബോര്‍ഡ് മെമ്പര്‍ മലിക് മുഅ്തസിം ഖാന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ സി.ഇ.ഒ നൗഫല്‍, ജമാഅത്തെ ഇസ്ലാമി തെലുങ്കാന ജനറല്‍ സെക്രട്ടറി എം.എന്‍ ബേഗ് സാഹിദ്, അബ്ദുല്‍ ജബ്ബാര്‍ സിദ്ദീഖി, മുഹമ്മദ് അസ്ഹറുദ്ദീന്‍, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.