ചേളാരി: രാജ്യത്തെ അതിഭീകരമായ രീതിയില്‍ കീഴടക്കിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന്റെ പ്രതിരോധത്തിന് ഇവിടെയുള്ള വിവിധ ജനവിഭാഗങ്ങളുടെ സഹകരണങ്ങളിലൂടെയും ഐക്യത്തിലൂടെയും മാത്രമേ സാധ്യമാകൂയെന്ന് പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെറ്റില്‍വാദ്. ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിനിന്റെ ഭാഗമായി ചേളാരിയില്‍ സംഘടിപ്പിച്ച ‘ഹിന്ദുത്വ ഫാഷിസം: ദേശീയത, വംശീയത, പ്രതിരോധം’ എന്ന അക്കാദമിക സെമിനാര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇന്ത്യയില്‍ ഇന്ന് വളരെ പേടിപ്പെടുത്തുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. സംഘ്ഫാഷിസത്തിന്റെ വിവിധ ഉപകരണങ്ങളിലൂടെ രാജ്യത്ത് പേടിയും പകയും വളര്‍ത്താനും പരത്താനുമാണ് ശ്രമങ്ങള്‍ നടക്കുന്നത്. ഇവയെയെല്ലാം പ്രതിരോധിക്കാന്‍ എല്ലാ ഭിന്നതകളും മറന്ന് ജനങ്ങള്‍ ഒന്നിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് അധ്യക്ഷത വഹിച്ചു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് നടന്ന അക്കാദമിക സെഷനുകളില്‍ സഘ്പരിവാറിന്റെ അധീശപ്രത്യയശാസ്ത്രത്തെയും അതിന്റെ വളര്‍ച്ചയുടെ ചരിത്രവും വഴികളും സൂക്ഷമമായി വിലയിരുത്തപ്പെട്ടു. ‘ഫാഷിസം: നിര്‍വചനങ്ങളും സമീപനങ്ങളും’ എന്ന സെഷനില്‍ ഇന്ത്യന്‍ ഫാഷിസ്റ്റ് പ്രത്യശാസ്ത്രത്തിന്റെ സമകാലിക രൂപങ്ങള്‍, ഇന്ത്യന്‍ ഫാഷിസം കഈഴാള സമീപനം, ദേശീയതയും മുസ്‌ലിംകളും: ഭരണകൂട ഫാഷിസത്തിന്റെ പശ്ചാതലത്തില്‍, ഫാഷിസവും ദേശരാഷ്ട്രവും: ചരിത്രത്തിന്റെ വൈവിധ്യങ്ങളും വിയോജനങ്ങളും എന്നീ വിഷയങ്ങളില്‍ യഥാക്രമം പ്രൊഫ. എ.കെ രാമകൃഷ്ണന്‍, ചിട്ടിബാബു പടവല, പ്രൊഫ. എം.ടി അന്‍സാരി, ഡോ. കെ.സി മാധവന്‍ എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ശിഹാബ് പൂക്കോട്ടൂര്‍ അധ്യക്ഷത വഹിച സെഷനില്‍ സി.കെ അബ്ദുല്‍ ്അസീസ്, ജുമൈല്‍ പി.പി എന്നിവര്‍ സംസാരിച്ചു. ആനിസ മുഹിയുദ്ദീന്‍ സെഷന്‍ കോഡിനേറ്ററായിരുന്നു.
‘ഫാഷിസം: പൊതുമണ്ഡലം, ജനപ്രിയസംസ്‌കാരം’ എന്ന സെഷനില്‍ ഫാഷിസ്റ്റ് കാലത്തെ സിനിമയുടെ ജനപ്രിയത: ഒരു ബഹുജന്‍ കാഴ്ചപ്പാടിന്‍രെ സാധ്യതകള്‍, മതേതരത്വവും ഫാഷിസവും നവമാദ്യമങ്ങളില്‍, കോരളത്തിന്റെ ജനപ്രിയ സംസ്‌കാരം: പ്രതിസന്ധികളും സാധ്യതകളും, സംസ്‌കാരത്തിന്റെ അതിരുകളും പുനര്‍നിര്‍ണയങ്ങളും, അധീശത്വത്തിന്റെ ഭാഷാവ്യവഹാരങ്ങള്‍ എന്നീ വിഷയങ്ങളില്‍ ജെനീ റൊവീന, ഡോ. നാരായണന്‍ എം ശങ്കരന്‍, എ.എസ് അജിത് കുമാര്‍, ഡോ. ഒ.കെ സന്തോഷ്, ഡോ. ജമീല്‍ അഹ്മദ് എന്നിവര്‍ പേപ്പറുകള്‍ അവതരിപ്പിച്ചു. ടി.കെ ഫാറൂഖ് അധ്യക്ഷത വഹിച്ച സെഷനില്‍ ഡോ. ഉമര്‍ തറമേല്‍, ഷഹിന്‍ കെ മൊയ്തുണ്ണി എന്നിവര്‍ ഇടപെട്ട് സംസാരിച്ചു. തസ്‌നീം എ.എം.എസ് സെഷന്‍ കോഡിനേറ്ററായിരുന്നു.
സംഘ്ഫാഷിസത്തിന്റെ പൊതുമണ്ഡലത്തിലെ സ്വാധീനത്തെയും സാന്നിദ്ധ്യങ്ങളെയും വിമര്‍ശനാത്മകമായി സമീപിച്ച ഓപ്പണ്‍ ഫോറമാണ് തുടര്‍ന്ന് നടന്നത്. ഡോ. എ.കെ രാമകൃഷ്ണന്‍, കെ.കെ കൊച്ച്, ഡോ. ടി.ടി ശ്രീകുമാര്‍, പ്രൊഫ. എം.ടി അന്‍സാരി, ഡെ. ടി.വി മധു, ഡോ. ബി.എസ് ഷെറിന്‍, ടി മുഹമ്മദ് വേളം, സമദ് കുന്നക്കാവ് എന്നിവര്‍ ഓപ്പണ്‍ഫോറത്തില്‍ സംസാരിച്ചു. പി.കെ സാദിഖ് സെഷന്‍ നിയന്ത്രിച്ചു.
ശേഷം ഫാഷിസത്തെയും അതിന്റെ പ്രയോഗങ്ങളെയും ഫുട്‌ബോള്‍ മാച്ചിന്റെ പശ്ചാത്തലത്തില്‍ വിമര്‍ശിക്കുന്ന ‘മരണ മാച്ച്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ലിറ്റില്‍ തിയേറ്റര്‍ അവതരിപ്പിച്ച നാടകം രചിച്ചത് ശബരീഷും സംവിധാനം ചെയ്തത് ശരത് രേവതിയുമായിരുന്നു.