പാലക്കാട്: നമ്മുടെ രാജ്യത്ത് സംഘ്പരിവാറിന്റെ വളർച്ചയിൽ മതേതര പാർട്ടികൾക്കുള്ള പങ്ക് പൊതുമണ്ഡലത്തിൽ വ്യക്തമാണെന്ന് സോളിഡാരിറ്റി സെമിനാർ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ‘മതസ്വാതന്ത്ര്യം, പൗരാവകാശം: യൗവനം കേരളത്തിന് കാവലാവുക’ എന്ന കാമ്പയിനിന്റെ ഭാഗമായി ‘സംഘ്പരിവാർ അധീശ പ്രത്യയശാസ്ത്രം: വളർച്ചയും വഴികളും ‘ എന്ന തലക്കെട്ടിൽ പാലക്കാട് ടോപ്പ് ഇൻ ടൗൺ ഹാളിൽ നടന്ന സെമിനാർ പ്രശസ്ത ചിന്തകനും സാമൂഹിക വിമർശകനുമായ ഡോ. പി.കെ പോക്കർ ഉദ്ഘാടനം ചെയ്തു. നമ്മുടെ ചരിത്രത്തിൽ വിവിധ ഘടകങ്ങൾ ഉപയോഗപ്പെടുത്തിയാണ് സംഘ്പരിവാർ പ്രത്യയശാസ്ത്രം വളർന്ന് വന്നത്. ഇന്ന് ഈ പ്രത്യയശാസ്ത്രം മനുഷ്യർക്കെതിരായ അക്രമണങ്ങളായും ഹിംസകളായും നമുക്കിടയിലേക്ക് എത്തിയിരിക്കുന്നു. ഇപ്പേൾ ഇതിനെതിരെ പ്രതിരോധങ്ങൾ രൂപപ്പെട്ടാലേ നമ്മുടെ ജനാധിപത്യം സംരക്ഷിക്കപ്പെടുകയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമ്മുടെ രാജ്യത്തെ മതേതര പൊതുമണ്ഡലവും മതേതര പാർട്ടികളും സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിന്റെ വളർച്ചയിൽ വഹിച്ച പങ്ക് വലുതാണെന്ന് അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് പറഞ്ഞു. സംഘ്ശക്തികളുടെ ഇസ് ലാമിനെയും മുസ് ലിംകളെയും അന്യവൽക്കരിക്കുന്ന ഇസ് ലാംഭീതി പ്രചാരണങ്ങൾ പൊതുമണ്ഡലവും പാർട്ടികളും ഏറ്റെടുക്കുകയാണ്. ഇതിനെ പരസ്പര സഹകരണങ്ങളും സൗഹൃദങ്ങളും വളർത്തി പ്രതിരോധിക്കാനാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ്. പ്രസിഡന്റ് സമദ് കുന്നക്കാവ് വിഷയാവതരണം നടത്തി. പ്രശസ്ത അംബേദ്കറിസ്റ്റ് വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അബുജാക്ഷൻ, പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ എം.ഇ.എസ് ചെയർമാൻ ഡോ. ഫസൽ ഗഫൂർ, സാമൂഹിക ചിന്തകൻ സണ്ണി എം കപിക്കാട്, മുതിർന്ന പത്രപ്രവർത്തകൻ എൻ.പി ചെക്കുട്ടി, എഴുത്തുകാരനും ചിന്തകനുമായ സി.ദാവൂദ്, സിനിമാ സംവിധായകനും സാമൂഹിക പ്രവർത്തകനുമായ കെ.പി ശശി, പാലക്കാട് സൗഹൃദ വേദി ജനറൽ കൺവീനർ അഡ്വ. മാത്യു തോമസ്, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡന്റ് അബ്ദുൽ ഹക്കിം നദ് വി എന്നിവർ സെമിനാറിൽ സംസാരിച്ചു. സോളിഡാരിറ്റി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതം പറഞ്ഞു.