കോഴിക്കോട്: പ്രളയക്കെടുതിയുടെയും പുനരധിവാസങ്ങളുടെയും മറവില്‍ ഗുരുതര കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട എ.വി ജോര്‍ജിനെ പോലുള്ളവരെ പൊലീസ് സേനയില്‍ തിരിച്ചെടുത്തത് കേരള ജനതയോടും പൗരാവകാശങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും പ്രതിഷേധാര്‍ഹമാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ്. കസ്റ്റഡി മരണത്തില്‍ പങ്കുണ്ടെന്നും പൊലീസ് സേനക്കുളളില്‍ അനൗദ്യോഗിക ഗുണ്ടാസംഘത്തെ വളര്‍ത്തിയെന്നും വ്യക്തമായതിനാലാണ് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെ മാസങ്ങള്‍ക്ക് മുമ്പ് മാറ്റിനിര്‍ത്തിയത്. കേസുകളും പരാതികളും തീര്‍പ്പാകാതെ, ജനങ്ങളും മാധ്യമങ്ങളും ജനങ്ങളുടെ ദുരിതങ്ങളില്‍ ശ്രദ്ധിക്കുന്നതിനിടെ സര്‍ക്കാര്‍ അദ്ദേഹത്തെ ഇന്റലിജന്‍സ്സിന്റെ ഉത്തരവാദിത്വം നല്‍കിയാണ് തിരിച്ചെടുത്തിരിക്കുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും എതിരെ യു.എ.പി.എ അടക്കമുള്ള കേസുകള്‍ ചുമത്തി കള്ളക്കേസുകള്‍ ചമച്ചതായി ആരോപിക്കപ്പെട്ട എ.വി ജോര്‍ജിനെ ഇന്റലിജന്‍സ് ചുമതലയില്‍ തിരിച്ചെത്തിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ജനമൈത്രി പൊലീസ് എന്നൊക്കെ ഇടക്കിടെ പറയുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും സേനയുടെ ക്രിമിനല്‍വല്‍ക്കരണം തടയാന്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്നാണ് ഈ നടപടി വ്യക്തമാക്കുന്നത്. പ്രളയക്കെടുതിയുടെ മറവിലുള്ള ഇത്തരം തിരുകിക്കയറ്റലുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു