കോഴിക്കോട്: 2017ലെ സോളിഡാരിറ്റി മാധ്യമ അവാര്‍ഡിന് കെ.സുജിത്തിനേയും പി.ടി.നാസറിനേയും തെരഞ്ഞെടുത്തു. ബിനു മാത്യൂവിന് പ്രത്യേക അവാര്‍ഡും നല്‍കും. കേരളത്തിന്റെ അപരിഷ്‌കൃത മനസ്സുകളില്‍ നിലനില്‍ക്കുന്ന ജാതിയും അയിത്തവും തുറന്നു കാട്ടുന്ന, മംഗളം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ‘ഊതിക്കത്തിക്കരുത് വീണ്ടും ആ ‘ചാരം’ എന്ന പരമ്പര തയ്യാറാക്കിയ മംഗളം ദിനപത്രം സബ് എഡിറ്റര്‍ കെ.സുജിത്തിനാണ് പത്രമാധ്യമ അവാര്‍ഡ്. കാസര്‍കോഡിന്റെ മത സൗഹാര്‍ദവും സാംസ്‌കാരിക പാരമ്പര്യവും ചരിത്ര പാശ്ചാത്തലവും മുന്‍നിര്‍ത്തി മീഡിയവണ്‍ കോഡിനേറ്റിങ് എഡിറ്റര്‍ പി.ടി.നാസര്‍ തയ്യാറാക്കി, മീഡിയ വണ്‍ ടി.വിയിലെ നേര്‍ക്കാഴ്ച പരമ്പരയില്‍ സംപ്രേഷണം ചെയ്ത മിത്തും യാഥാര്‍ഥ്യവും എന്ന വീഡിയോ റിപ്പോര്‍ട്ടിനാണ് ദൃശ്യ മാധ്യമ അവാര്‍ഡ്. മനുഷ്യാവകാശ, പൗരാവകാശ രംഗത്തെ ധീരമായ ഇടപെടലുകളെ മുന്‍നിര്‍ത്തിയാണ് കൗണ്ടർ കറന്റ്സ് എഡിറ്റർ ബിനു മാത്യൂവിന് പ്രത്യേക അവാര്‍ഡ് നല്‍കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എന്‍.പി.രാജേന്ദ്രന്‍, പ്രൊഫ. യാസീന്‍ അശ്‌റഫ്, എന്‍.പി.ചെക്കുട്ടി, ടി.പി. ചെറൂപ്പ, ഡോ.അജയ് ശേഖര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. വികസനം, പരിസ്ഥിതി, മനുഷ്യാവകാശം, സാമൂഹിക സൗഹാര്‍ദം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് മലയാള പത്രങ്ങളിലും ടെലിവിഷന്‍ ചാനലുകളിലും പ്രസിദ്ധീകരിക്കപ്പെട്ട മികച്ച റിപ്പോര്‍ട്ടുകളും ഡോക്യുമെന്ററി ചിത്രങ്ങളുമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്. 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് 2018 ഒക്ടോബര്‍ 31 ബുധന്‍ 4.30 ന് തിരുവനന്തപുരം പ്രസ് ക്ലബ് ഹാളില്‍ വെച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.