News & Updates

ഇടതുസർക്കാർ ഫാഷിസ്റ്റ് പദ്ധതികൾ നടപ്പാക്കുന്നു: ഗ്രോവാസു

കോഴിക്കോട്: കേരളത്തിൽ ഭരണത്തിലുള്ള ഇടതുസർക്കാർ പൗരന്മാരെ കൊന്നൊടുക്കുകയെന്ന ഫാഷിസ്റ്റ് പദ്ധതി തന്നെയാണ് നടപ്പാക്കുന്നതെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോവാസു. കോഴിക്കോട് ഇന്റൊർ സ്റ്റേഡിയം ഹാളിൽ ‘വ്യാജ ഏറ്റുമുട്ടൽ കൊല: ഗുണഭോക്താക്കൾ ആര്?’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംഘടിപ്പിച്ച തുറന്ന ചർച്ച ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിൽ ഭരണം ഉപയോഗിച്ച് എന്താണോ സംഘ്പരിവാർ ചെയ്യുന്നത്, അത് കേരളത്തിൽ ഇടതുപക്ഷം നടപ്പാക്കുകയാണെന്നതാണ് സി.പി ജലീലിന്റെ കൊല സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ദേശദ്രോഹത്തിന്റെയും ദേശസ്നേഹത്തിന്റെയും ചാപ്പകുത്തി പൗരന്മാരെ ആദരിക്കാനും വെടിവെച്ച് കൊല്ലാനുമാണ് ഭരണകൂടം ഇന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വ്യാജ ഏറ്റുമുട്ടലുകളും മറ്റും സർക്കാറുകളുടെ ഫണ്ടുകൾ നിലനിർത്താനായുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണെന്നും വയനാട്ടിൽ അവസാനം നടന്ന മാവോവേട്ടയുടെ പേരിലുള്ള വ്യാജഏറ്റുമുട്ടൽ കൊലയും ഇതിന്റെ തുടർച്ചയാണെന്നും ഇതിനെതിരെ ജനകീയ സമരങ്ങൾ ഉയർന്നു വരണമെന്നും സി.പി ജലീലിന്റെ കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ചർച്ചയിൽ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന വൈസ്പ്രസിഡന്റ്‌ സമദ് കുന്നക്കാവ് പറഞ്ഞു.
പ്രമുഖ ചിന്തകൻ ഡോ. പി.കെ പോക്കർ, എഴുത്തുകാരൻ കെ.എസ് ഹരിഹരൻ, പത്രപ്രവർത്തകൻ കെ.എ ഷാജി, ജലീലിന്റെ സഹോദരൻ സി.പി റഷീദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം ടി മുഹമ്മദ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ചർച്ചാസദസ്സ് ന്യുസിലാന്റിൽ വംശീയതയുടെ ഇരകളായ രക്തസാക്ഷികൾക്ക് ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ മുഴക്കി. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ലാപ്രസിഡന്റ് അഷ്കറലി നന്ദിയും പറഞ്ഞു.

Latest Updates