ആലുവ: ഭരണ ഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന അവകാശങ്ങൾ രാജ്യത്ത് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കു കയാണെന്ന് ഒറീസയിൽ ഘർവാപസി പീഡനങ്ങൾക്കിരയായ മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ മനോജ് കുമാർ നായിക്ക്. കേരളത്തിലെ ഘർവാപസികളെ കുറിച്ച് സോളിഡാരിറ്റി പുറത്തിറക്കുന്ന ‘ക്സനോഫോബിക് ഹോം’ എന്ന ഡോക്യുമെന്ററി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസ്വാതന്ത്ര്യമടക്കമുള്ള പൗരാവകാശങ്ങൾ പേരിന് മാത്രമാണ് ഇവിടെ നിലനിൽക്കുന്നത്. പ്രയോഗത്തിൽ സംഘ്പരിവാറിന്റെ അൾകൂട്ട അക്രമങ്ങളും ഘർവാപസി ശ്രമങ്ങളും ലൗജിഹാദ് ആരോപണങ്ങളും മാത്രമാണ് നടക്കുന്നത്. ഇത് എന്റെയും എന്റെ കുടുംബത്തിന്റെയും അനുഭവമാണ്. എന്റെ പിതാവിനെ കഴുത്തിൽ കോടാലിവെച്ചാണ് ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്തിയത്. മതപരിവർത്തനം തടയാനെന്ന പേരിൽ പ്രത്യേക നിയമവും ഒറീസയിലുണ്ട്. സംഘ്പരിവാറിനെ ഘർവാപസിക്ക് സഹായിക്കുക മാത്രമാണ് ഈ നിയമങ്ങളും അധികാരികളും ചെയ്യുന്നത്.
കേരളത്തിൽ ഘർവാപസി നടത്താനായി പ്രത്യേക കേന്ദ്രങ്ങൾ തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് കോടതിയുടെയും അധികാരികളുടെയും സമൂഹത്തിന്റെയും മുന്നിൽ വ്യക്തമായതാണ്. എന്നാൽ പൊലീസും അധികാരികളും ഈ പ്രക്രിയയെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇത്തരം യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവരാനാണ് സോളിഡാരിറ്റി പുറത്തിറക്കുന്ന ഡോക്യുമെന്ററിയിലൂടെ ശ്രമിക്കുന്നതെന്ന് പരിപാടിയിൽ അധ്യക്ഷത വഹിച്ച സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം സാലിഹ് പറഞ്ഞു.
പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ കെ.പി ശശി ഡോക്യുമെന്ററി ഏറ്റുവാങ്ങി സംസാരിച്ചു. ആലുവ എം.ജി ടൗൺ ഹാളിൽ സംഘടിപ്പിച്ച പ്രകാശന പരിപാടിയിൽ കെ.കെ ബാബുരാജ്, ശബ്ന സിയാദ്, മൃദുല ഭവാനി, ഡോക്യുമെന്ററിയുടെ സംവിധായകൻ ഹാഷിർ, അബൂബക്കർ ഫാറൂഖി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ അലത്തൂർ സ്വാഗതവും ജില്ലാ പ്രസിഡന്റ് അനസ് എ നന്ദിയും പറഞ്ഞു.