വെറുപ്പിലും വംശീയ വിദ്വേഷത്തിലും അധിഷ്ടിതമായ ഇസ്‌ലാമോഫോബിയ പ്രചാരങ്ങൾ ബോധപൂർവം ഹിന്ദുത്വ ഫാഷിസ്റ്റുകൾ ആസൂത്രണം ചെയ്തതാണ്. അതങ്ങനെ തിരിച്ചറിയുന്നതിൽ ഫാഷിസ്റ്റ് വിരുദ്ധർ പോലും പരാജയപ്പെടുന്നു.പല സംഘ്പരിവാർ പ്രചാരങ്ങളും അവർ പോലും ഏറ്റെടുക്കുന്നു.രാഷ്ട്രീയമായ ഫാഷിസത്തെ എതിർക്കുമ്പോൾ തന്നെ സാംസ്കാരിക ഫാഷിസവും അതിൻറെ മുഖ്യ ഉള്ളടക്കമായ മുസ്‍ലിം വിരുദ്ധതയും ഇടതുപക്ഷം പോലും എറ്റെടുത്തുകൊണ്ടിരിക്കുകയാണ്. മുസ്ലിമിനെ പ്രതിസ്ഥാനത്ത് നിർത്തികൊണ്ടുള്ള സംഘ്പരിവാർ രാഷ്ട്രീയത്തിൻന്‍റെ വിജയമാണിത്. അത് തിരിച്ചറിഞ്ഞ് ഭിന്നിപ്പിന്‍റെ രാഷ്ട്രീയത്തെ തോൽപ്പിക്കാൻ ഇസ്ലാമോഫോബിയ പ്രചാരണങ്ങളെ മുഴുവൻ ജനതയും തിരിച്ചറിഞ്ഞ് ചെറുക്കേണ്ടതുണ്ടെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് ഡോ.നഹാസ് മാള അഭിപ്രായപ്പെട്ടു.സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിലെ പൊതുസമ്മേളനത്തിൽ അദ്ധ്യക്ഷ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം .രാജ്യത്തിൻറെ പാരമ്പര്യമായ മതസൗഹാർദ്ദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കടക്കമുണ്ടെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്‍ലാമി അഖിലേന്ത്യാ അമീർ സയ്യിദ് സആദത്തുള്ള ഹുസൈനി പറഞ്ഞു.
ഫലസ്തീൻ അംബാസഡർ അദ്നാൻ അബുൽ ഹൈജ മുഖ്യ അതിഥിയായിരുന്നു.ആംനസ്റ്റി ഇൻറർനാഷണൽ പ്രസിഡന്‍റ് ആകാർ പട്ടേൽ ,ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി.ആരിഫലി ,ജമാഅത്തെ ഇസ്‍ലാമി ഹിന്ദ് കേരള അമീർ എം.ഐ അബ്ദുൽ അസീസ് ,ദ ക്വിന്‍റ് എഡിറ്റർ ആദിത്യ മേനോൻ , സാമൂഹിക പ്രവർത്തക ഫാത്തിമ ശബരിമല,സോഷ്യൽ ആക്ടിവിസ്റ്റ് നർഗിസ് ഖാലിദ് സൈഫി, ജമാഅത്തെ ഇസ്‍ലാമി കേരള അസിസ്റ്റന്‍റ് അമീർ പി. മുജീബുറഹ്മാന്‍ ,ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം പ്രസിഡൻറ് പി.വി റഹ്മാബി, ജി.ഐ ഒ സംസ്ഥാന പ്രസിഡൻറ് അഡ്വ.തമന്ന സുൽത്താന, എസ് ഐ ഒ സംസ്ഥാന പ്രസിഡൻറ് അംജദ് അലി ഇ.എം, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി സുഹൈബ്,സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ജുമൈൽ പി.പി സ്വാഗതവും സംസ്ഥാന സമ്മേളന ജനറൽ കൺവീനർ ഷബീർ സി.കെ നന്ദിയും പറഞ്ഞു. പതിനായിരത്തിലധികം പേർ പങ്കെടുത്ത യുവജനറാലിയും സമ്മേളനത്തിൻറെ ഭാഗമായി നടന്നു.