മുന്നാക്ക സംവരണം അനുവദിക്കുന്ന 103-ാം ഭരണഘടനാ ഭേദഗതി ശരിവെച്ച സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സുപ്രീം കോടതിയിൽ റിവ്യൂ ഹരജി സമർപ്പിച്ചു. ഭരണഘടന മുന്നോട്ട് വെക്കുന്ന സാമൂഹിക നീതി അടക്കമുള്ള സങ്കൽപ്പങ്ങളെ അട്ടിമറിക്കുന്നതാണ് മുന്നാക്ക സംവരണം സാധ്യമാക്കുന്ന 103-ാം ഭരണഘടനാ ഭേദഗതിയെന്നും ഇത് ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഒന്നായ സമത്വ സങ്കല്പത്തിന് എതിരാണെന്നും ഹരജിയിൽ പറയുന്നു. ഭരണഘടനാ ഭേദഗതി പരിശോധിച്ചതിൽ ഭരണഘടനാ ബെഞ്ചിന് നിരവധി നിയമപരമായ തെറ്റുകൾ സംഭവിച്ചിട്ടുണ്ടെന്ന് വിധി പുനഃപരിശോധിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. 103-ാം ഭരണഘടനാ ഭേദഗതി ചോദ്യം ചെയ്തും സോളിഡാരിറ്റി ഹരജി നൽകിയിരുന്നു. മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് സോളിഡാരിറ്റിക്ക് വേണ്ടി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിൽ ഹാജരായിരുന്നത്. അഭിഭാഷകരായ ജെയ്മോൻ ആൻഡ്രൂസ്, അമീൻ ഹസ്സൻ എന്നിവർ മുഖേനയാണ് ഹരജി സമർപ്പിച്ചത്.