News & Updates, President's Comment

ഫാഷിസത്തിന്റെ ഉരുക്കു മുഷ്ടികൊണ്ട് ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കാമെന്നത് മിഥ്യാ വിചാരമാണ് – പി. എം. സാലിഹ്

മലബാറിലെ സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രതീകമായ വാഗണ്‍ കൂട്ടക്കൊലയുടെ സ്മരണാ ചിത്രം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചുവരില്‍ നിന്ന് നീക്കം ചെയ്യണമെന്ന സംഘ്പരിവാര്‍ പ്രചാരണം, രാഷ്ട്ര ശില്‍പികളുടെ സ്മരണകള്‍ കല്‍ പ്രതിമകള്‍ കൊണ്ടാണ് ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തുന്നതെന്ന തെറ്റായ രാഷ്ട്രീയ ബോധത്തിന്റെ പ്രകടനമാണ്. സംഘ്പരിവാര്‍ സമ്മര്‍ദത്തിനൊടുവില്‍ റെയില്‍വേ അധികൃതര്‍ ചുവര്‍ ചിത്രം നീക്കം ചെയ്തത് കേരളം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ ആഴം എത്രയെന്നതിന്റെ സൂചന കൂടിയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദുത്വ ഫാഷിസം കാലങ്ങളായി നടത്തുന്ന സാസ്‌കാരിക ധ്വംസനം കേരളത്തലേക്കും വ്യാപിക്കുന്നത് ആശങ്കയോടെയല്ലാതെ നോക്കിക്കാണാന്‍ കഴിയില്ല. ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാഷിസത്തിന് സ്മരണീയമായ ചരിത്ര പൈതൃകങ്ങളോ പാരമ്പര്യങ്ങളോ ഇല്ല. ഇന്നവര്‍ ഉയര്‍ത്തിക്കാണിക്കുന്ന വീര പുരുഷന്മാര്‍ കൊളോണിയല്‍ കാലത്തെ രാജ്യത്തിന്റെ ഒറ്റുകാരായ ഭീരുക്കളായിരുന്നു. ഗാന്ധീ ഘാതകന്‍ ഗോഡ്‌സെയും ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറും ഇന്ത്യന്‍ ജനതയില്‍ ഒരഭിമാനവും ജനിപ്പിക്കുന്നവരല്ല. അതുകൊണ്ട് അവര്‍ക്കുവേണ്ടി ക്ഷേത്രവും സ്മാരകങ്ങളും നിര്‍മ്മിക്കുകയല്ലാതെ സംഘ്പരിവാറിന് നിര്‍വാഹമില്ല. മൃദു ഹിന്ദുത്വ ചായ്‌വുണ്ടായിരുന്ന പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മിച്ച് ഹിന്ദുത്വയില്‍ അഭിമാനം കൊള്ളാന്‍ ബി.ജെ.പി കാര്‍ക്ക് മാത്രമെ സാധിക്കൂ. ഇതിഹാസങ്ങളെ ചരിത്രമാക്കുന്നവര്‍ക്ക് ചരിത്ര സ്മാരകങ്ങളെ സഹിക്കാനാവില്ലെന്നതിന്റെ ഒടുവിലത്തെ തെളിവുകളാണ് ഫൈസാബാദ് ജില്ല അയോധ്യയായതും വാഗണ്‍ ട്രാജഡി ഓര്‍മകള്‍ മായ്ച്ച് കളഞ്ഞതും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ നിര്‍ണ്ണായകമായ പോരാട്ട ചരിത്രമാണ് 1921 ലെ പ്രക്ഷോഭം. ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരായി മുസ്‌ലിംകളും അടിസ്ഥാന ജനവിഭാഗങ്ങളും നടത്തിയ ധീരോദാത്തമായ ചെറുത്തുനില്‍പ്പിനെ കോളനി ശക്തികള്‍ ചോരയില്‍ മുക്കിക്കൊല്ലുകയായിരുന്നു. 1921 നവംബര്‍ 17ന് 200-ഓളം തടവുകാരെ ഒരു വാഗണില്‍ കുത്തി നിറച്ച് തിരൂരില്‍ നിന്നും കൊയമ്പത്തൂരിലേക്ക് പുറപ്പെട്ട തീവണ്ടി കോതന്നൂരില്‍ എത്തിയപ്പോള്‍ ശ്വാസം മുട്ടി മരിച്ചത് 64 മുസ്്‌ലിം പോരാളികളായിരുന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി രക്ത സാക്ഷിത്വം വരിച്ചവരെ അനാദരിക്കുകയാണ് ബി.ജെ.പി. രാഷ്ട്രപിതാവായ മഹാത്മജിയുടെ ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്ത ഗോഡ്‌സെയുടെ ആരാധകരില്‍ നിന്ന് ഇതല്ലാത്ത മറ്റെന്താണ് രാജ്യം പ്രതീക്ഷിക്കേണ്ടത്. ചരിത്രം തിരുത്തുകയും വിസ്മരിപ്പിക്കുകയും ചെയ്യുന്ന ഫാസിസ്റ്റ് കാലത്ത് സാമ്രാജ്യത്ത്വ വിരുദ്ധ സമരത്തിന്റെ ഓര്‍മകള്‍ വീണ്ടെടുക്കുവാന്‍ വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും ഫാസിസത്തിനെതിരായ രാഷ്ട്രീയ സമരമുറയാണ്. മലബാര്‍ സമരത്തെ വര്‍ഗീയ ലഹളയായി അപനിര്‍മിക്കാനുള്ള കൊളോണിയല്‍ പദ്ധതിയുടെ സമകാലീന നടത്തിപ്പുകാരായ സംഘ്പരിവാറിനെ സാംസ്‌കാരികമായി ചെറുക്കാന്‍ മുഴുവന്‍ ദേശാഭിമാനികളും ജനാധിപത്യവാദികളും രംഗത്ത് വരണം.

Latest Updates