News & Updates

ഇസ്‌ലാംവിരുദ്ധത സാധാരണമാക്കപ്പെടുന്നു- ചര്‍ചാ സംഗമം

ഇസ്‌ലാംവിരുദ്ധതയും മുസ്‌ലിംവിരുദ്ധതയും വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ മാധ്യമങ്ങളും വാര്‍ത്താ ഉറവിടങ്ങളും പൂര്‍ണമായും ഇസ്‌ലാമോഫോബിയ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സമൂഹത്തില്‍ സാധാരണമായ ഒരു കാര്യമായി ഇത്തരം പ്രചാരണങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണെന്നും അതിന്റെ കൃത്യമായ പ്രതിഫലനം മീഡിയകളടക്കമുള്ള എല്ലാ മേഖലകളിലും വ്യക്തമാണെന്നും സോളിഡാരിറ്റി സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം വിലയിരുത്തി. ‘ന്യൂസ്ഡസ്‌കിലെ ഇസ്‌ലാമോഫോബിയ’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി കോഴിക്കോട് വിദ്യാര്‍ഥി ഭവനത്തിലാണ് ചര്‍ച്ചാ സംഗമം നടത്തിയത്.
രാജ്യത്തെ മീഡിയകളില്‍ മുസ്‌ലിംവിരുദ്ധത വ്യവസ്ഥാപിതമായി നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മീഡിയ ആക്ടിവിസ്റ്റ് അഗസ്റ്റ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഒരു മാധ്യമപ്രവര്‍ത്തകന് തന്റെ മനസ്സാക്ഷിക്ക് യോചിക്കാത്ത തരത്തില്‍ വരെ വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടിവരുന്ന അവസ്ഥകളുണ്ട്. അതിനപ്പുറം ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കേണ്ടിവരുന്ന തരത്തിലുള്ള സാഹചര്യം മാര്‍ക്കറ്റും രാഷ്ട്രീയവും കച്ചവട താല്‍പര്യങ്ങളും എല്ലാം ചേര്‍ന്ന് രൂപപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്‌ലാമോഫോബിയാ പ്രചാരണങ്ങള്‍ക്ക് ലിംഗരാഷ്ട്രീയത്തെ തെറ്റായി ഉപയോഗിക്കുന്ന പ്രവണതയാണ് അവസാനമായി നോമ്പുമായി ബന്ധപ്പെടുത്തി നടന്ന മുസ്‌ലിംവിരുദ്ധ പ്രചാരണങ്ങളുടെ പിന്നില്‍ കാണാനാകുന്നതെന്ന് ഗവേഷകയും ആക്ടിവിസ്റ്റുമായ നാജിയ പി.പി അഭിപ്രായപ്പെട്ടു. മുസ്‌ലിം വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളെ വരെ വിചാരണച്ചെയ്യുകയും തന്റെ വീട്ടിലെ പലഹാരങ്ങളും ഭക്ഷണവും ആരുണ്ടാക്കുന്നതാണെന്ന് മാപ്പുസാക്ഷികളായി പറയേണ്ട അവസ്ഥയും ഇത്തരം പ്രചാരണങ്ങളുണ്ടാക്കുന്നുണ്ടെന്നും നാജിയ കൂട്ടിച്ചേര്‍ത്തു.
ഇസ്‌ലാമോഫോബിയ മീഡിയകളില്‍ ഉണ്ടാകുന്ന വലിയ സ്വാധീനങ്ങളെ വ്യക്തമാക്കുന്ന തരത്തിലുള്ള വിശദമായ ചര്‍ച്ചകള്‍ നടന്നു. ലീഗല്‍ ആക്ടിവിസ്റ്റ് അഡ്വ. അമീന്‍ ഹസന്‍, ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറിയും വിദ്യാര്‍ഥി ആക്ടിവിസ്റ്റുമായ വസിം ആര്‍.എസ്, കാമ്പസ് അലൈവ് എഡിറ്റര്‍ ഹാമിദ് ടി.പി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, സംസ്ഥാന സമിതിയംഗം അന്‍വര്‍ സ്വലാഹുദ്ദീന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് സി.ടി സുഹൈബ് ആമുഖ പ്രഭാഷണം നടത്തി.

Latest Updates