ദൈവബോധത്തിൽ നിന്നുണ്ടാകുന്ന ആത്മീയ കരുത്താണ് സാമുഹിക പ്രവർത്തനങ്ങളുടെ കരുത്ത് വർധിപ്പിക്കുന്നതെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്. ‘ലെറ്റ്സ് ബിഗിൻ ഫ്രം മസ്ജിദ്’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമസ്കാരത്തിനായി പള്ളിയിൽ ഒരുമിച്ച് കൂടുന്നതിലൂടെ സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടും. വിശ്വാസ സ്വാതന്ത്ര്യത്തിനും ആരാധന കേന്ദ്രങ്ങൾക്കുമെതിരെ സംഘ് പരിവാർ ഫാഷിസം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ വിശ്വാസവും അതിൻറെ ആവിഷ്കാരങ്ങളും കൂടുതൽ ധീരതയോടെ ഉയർത്തിപ്പിടിച്ചാണ് പ്രതിരോധം തീർക്കേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വളാഞ്ചേരി മസ്ജിദ് റഹ്മാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ.എൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സാബിഖ് വെട്ടം വളാഞ്ചേരി ഏരിയ പ്രസിഡന്റ് സലീം മുഹമ്മദ് വി.പി തുടങ്ങിയവർ സംസാരിച്ചു.കാമ്പയിൻറെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രവർത്തക സംഗമങ്ങളും ഖുർആൻ മജ് ലിസുകളും സംഘടിപ്പിക്കും.