[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
കൊച്ചി: ലവ് ജിഹാദ് എന്ന കെട്ടുകഥയുണ്ടാക്കി രാജ്യത്തെ സമുദായ സൗഹാർദം തകർക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്ന് ഇൻറർനാഷനൽ സോഷ്യൽ ആക്ഷൻ ഫോറം ദേശീയ ജനറൽ സെക്രട്ടറി വിൽഫ്രഡ് ഡികോസ്റ്റ. ക്രിസ്ത്യാനികളും മുസ്ലിംകളും ഇതര സമുദായങ്ങളും ഐക്യത്തോടെ കഴിയുന്നത് സംഘ്പരിവാറിനു സഹിക്കാനാവുന്നില്ല.
അവരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിച്ച് വിദ്വേഷവും പകയും വളർത്താനാണ് അവർ ശ്രമിക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച ‘ലവ് ജിഹാദ്: മുസ്ലിംവിരുദ്ധ പദാവലികളുടെ രാഷ്ട്രീയം’ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലവ് ജിഹാദ് എന്ന കെട്ടുകഥ മെനഞ്ഞ് ഇസ്ലാമോഫോബിയയുണ്ടാക്കി ജനങ്ങളെ ഭയപ്പെടുത്തുകയാണ് ആർ.എസ്.എസ് ലക്ഷ്യം. ഒരു സമുദായത്തെ സംശയനിഴലിൽ നിർത്തി പരമാവധി ഭിന്നിപ്പിക്കാനാണ് അവരുടെ ശ്രമം.
ലവ് ജിഹാദ് ഇല്ലെന്ന് അന്വേഷണ ഏജൻസികളും കേന്ദ്ര ആഭ്യന്തരമന്ത്രിയും കോടതിയും തുറന്നുപറഞ്ഞപ്പോൾ അടുത്ത തന്ത്രവുമായി അവർ രംഗത്തുവന്നിരിക്കുകയാണ്. ക്രിസ്ത്യൻ സമുദായത്തെക്കൊണ്ടാണ് ഇപ്പോൾ ഇൗ ആരോപണം ഉന്നയിപ്പിക്കുന്നത്. പൗരത്വ ഭേദഗതി നിയമവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്കും എതിരെ ഉയർന്നുവന്ന പ്രതിരോധങ്ങളെ അപ്രസക്തമാക്കാനാണ് ഇത്തരം കുപ്രചാരണങ്ങളെന്ന് സമൂഹം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള അധ്യക്ഷത വഹിച്ചു.
സംവിധായകൻ കെ.പി. ശശി, ഇന്ദുലേഖ ജോസഫ്, കെ.കെ. ബാബുരാജ്, മാധ്യമപ്രവർത്തക ഷബ്ന സിയാദ്, ഷാനവാസ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം കെ.എ. യൂസുഫ് ഉമരി, കൊച്ചി സിറ്റി പ്രസിഡൻറ് എം.പി. ഫൈസൽ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സി.എ. നൗഷാദ്, സിറ്റി പ്രസിഡൻറ് അബ്ദുൽ മുഈസ് തുടങ്ങിയവർ സംസാരിച്ചു
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]