രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാൻ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അസി.അമീർ പി. മുജീബുറഹ്മാന്‍ . ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന സാഹചര്യത്തിൽ ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും വംശഹത്യയുടെ വ്യത്യസ്ത രീതി ശാസ്ത്രങ്ങളും ശക്തിപ്പെടുന്ന സമയത്തും ഹിന്ദുത്വ ഭീകരത നോർമലൈസ് ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നും വേട്ടക്കാരെ കുറിച്ച് നിരന്തരം ഉറക്കെ സംസാരിച്ച് കൊണ്ടിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്ത് വംശഹത്യയിൽ കുടുംബത്തിൽ നിന്ന് 6 പേർ കൊല്ലപ്പെട്ട അബ്ദുൽ മാജിദ് (അഹ്മദാബാദ്) മുഖ്യാതിഥിയായിരുന്നു. അഭിഭാഷകയും എഴുത്തുകാരിയുമായ സുജിത്ര വിജയൻ, ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഡോ. നഹാസ് മാള, ഐ.എസ്.എം സംസ്ഥാന ജോയിന്റ് സെക്രട്ടറി യൂനുസ് ചെങ്ങറ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻറ് താജുദ്ദീൻ സ്വലാഹി, പി. അംബിക, ജാബിർ ഹുദവി തൃക്കരിപ്പൂർ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി റഷാദ് വി.പി, മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ബാസിത് തുടങ്ങിയവർ സംസാരിച്ചു. മഞ്ചേരി നഗരത്തിൽ നടന്ന യുവജനറാലിയോടെയാണ് പൊതുസമ്മേളനം ആരംഭിച്ചത്