യൂത്ത് സ്പ്രിം ഫിലിം സൊസൈറ്റിയും മീഡിയാ വണ്‍ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച തിരക്കഥാ രചന ശില്പശാല സമാപിച്ചു. തിരഞ്ഞെടുക്കപ്പെട്ട യുവതിരക്കഥാകൃത്തുക്കള്‍ക്കായി മീഡിയാവണ്‍ അക്കാദമിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പ് സിനിമാ സംവിധായകന്‍ സക്കരിയ്യ ഉദ്ഘാടനം ചെയ്തു.സിനിമാരംഗത്തേയും തിരക്കഥാ രംഗത്തേയും തന്റെ അനുഭവങ്ങളും പരിജ്ഞാനവും സുദീര്‍ഘമായ സംഭാഷണത്തില്‍ അദ്ദേഹം പങ്കുവെച്ചു. യുവ തിരക്കഥാകൃത്തുകള്‍ക്ക് തിരക്കഥാ രചനയുടെ സാങ്കേതികവും സാമൂഹികവും, കലാപരവുമായ വശങ്ങളിലേക്ക് വെളിച്ചം വീശുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ശില്പശാലയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തിരക്കഥാ രചനയില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടിരിക്കുന്നവരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തഞ്ച് പേരാണ് പങ്കെടുത്തത്. ദൃശ്യ ഭാഷ, സംഭാഷണം , കഥാപാത്ര നിര്‍മ്മിതി, തിരക്കഥാ ഘടന തുടങ്ങിയ തിരക്കഥാ രചനയുടെ വിവിധ മേഖലകളെക്കുറിച്ച വിശദമായ പഠനവും ചര്‍ച്ചയും ക്യാമ്പില്‍ നടന്നു. പ്രമുഖ തിരക്കഥാ പരിശീലകനായ എം നൗഷാദ് ഡയറക്ടറായ ക്യാമ്പ് മീഡിയവണ്‍ ന്യൂസ് എഡിറ്റര്‍ എസ്.എ അജിംസ് സമാപനം നിര്‍വഹിച്ചു ജബ്ബാര്‍ പെരിന്തല്‍മണ്ണ, ഷഫീഖ് കൊടിഞ്ഞി, ഫാരിസ് ഒ.കെ, അസ്‍ലം അലി, മൊയ്‌നുദ്ദീന്‍ അഫ്‌സല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.