News & Updates, President's Comment

പുതിയ കാലത്ത് മാതാക്കളാണ് വിസ്മയലോകം തീർക്കുന്നത് – പി.എം. സാലിഹ്

പരപ്പനങ്ങാടി സക്കരിയയുടെ മാതാവ് ബിയ്യുമ്മക്കൊപ്പമായിരുന്നു ഇന്ന്. സകരിയ്യയുടെ അഭിഭാഷകൻ അഡ്വ: ബാലൻ, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ. ഫ്രീ സകരിയ ഫോറം കൺവീനർ ഷമീർ, സക്കറിയയുടെ സുഹൃത്ത് സി. പി. അൻവർ എന്നിവർ കൂടെയുണ്ടായിരുന്നു. മുൻപ് കണ്ടതിനേക്കാളേറെ ആത്മവിശ്വാസവും ശുഭപ്രതീക്ഷയുമുണ്ട് ആ മുഖത്ത്. സക്കരിയയുടെ വിചാരണത്തടവിന് ഇപ്പോൾ പത്ത് വർഷം തികഞ്ഞിരിക്കുന്നു. 2009 ഫെബ്രുവരി 5 നാണ് സക്കരിയ എന്ന പത്തൊമ്പത് വയസ്സുകാരനെ തിരൂരിൽ വെച്ച് തട്ടിക്കൊണ്ടു പോകൽ സ്റ്റൈലിൽ ബൊലേറോ ജീപ്പിന് പിന്നിലേക്ക് വലിച്ചെറിഞ്ഞ് കർണാടക പോലീസ് ബംഗ്‌ളൂരിലേക്ക് കൊണ്ടു പോകുന്നത്. കഴിഞ്ഞ പത്തു വർഷവും ബിയ്യുമ്മ എന്ന മാതാവ് ചോരാത്ത ആത്മവീര്യവുമായി പരപ്പനങ്ങാടിയിലെ വീട്ടിൽ കാത്തിരിക്കുകയാണ്. ഇനിയും എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറാണ് എന്ന ധീരഭാവമാണ് ആ മുഖത്ത്. പത്ത് വർഷത്തെ അനുഭവമായിരിക്കാം ആ മനോധൈര്യത്തിന് കാരണം. കേരളത്തിന്റെ സമൂഹ മനസ്സാക്ഷിയും പൗരാവകാശ പ്രവർത്തകരും നൽകുന്ന പിന്തുണയും ചെറുതല്ല. സക്കരിയ അറസ്റ്റ് ചെയ്യപ്പെടുന്ന പത്ത് വർഷങ്ങൾക്ക് മുമ്പ് ഇതായിരുന്നില്ല സ്ഥിതി. തീവ്രവാദത്തെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചുമുള്ള ഭരണകൂട ഭാഷ്യങ്ങളോട് എതിര് പറയാനാവാത്ത സാമൂഹികാന്തരീക്ഷമായിരുന്നു നിലനിന്നിരുന്നത്. ഭരണകൂടം തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പടച്ചെടുക്കപ്പെടുന്ന ‘തീവ്രവാദി’കളായ മക്കളെ തള്ളിപ്പറയാൻ വിധിക്കപ്പെട്ടവരായിരുന്നു മാതാക്കൾ. എന്നാൽ, ഇന്ന് സ്ഥിതി മാറിയിരിക്കുന്നു. ഭരണകൂടത്തിന്റെ മുഖത്ത് നോക്കി എല്ലുറപ്പോടെ “എന്റെ മകൻ നജീബെവിടെ” എന്ന് ചോദിക്കുന്ന ഫാത്തിമ നഫീസും രോഹിത് വെമുലയുടെ കൊലപാതകത്തിന് കണക്ക് ചോദിക്കുന്ന രാധികവെമുലയുമാണ് പുതിയ കാലത്ത് ഇതിഹാസങ്ങൾ രചിക്കുന്നത്. ദേശീയ തലത്തിൽ ആ ധീര മാതാക്കൾ ഉയർത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളുടെ തുടർചോദ്യങ്ങളാണ് ഇങ്ങ് കേരളത്തിൽ സക്കരിയയുടെ ഉമ്മയും ഉയർത്തുന്നത്. പത്ത് വർഷങ്ങൾക്കിടയിൽ ഈ മാതാവ് അനുഭവിച്ച മാനസികമായ സംഘർഷങ്ങൾ അക്ഷരങ്ങൾകൊണ്ട് നിർവചിക്കാനാവുന്നതല്ല. അവർക്കും കുടുംബത്തിനുമുണ്ടായ നഷ്ടങ്ങൾ അക്കങ്ങൾകൊണ്ട് നിർണയിക്കാനാവുന്നതല്ല. സക്കരിയ വിചാരണ തടവുകാരനായി ജയിലറയിൽ ജീവിതം ഹോമിച്ചു തീർക്കുമ്പോൾ പുറത്ത് അതിലും വലിയ തുറന്ന ജയിലിൽ കഴിയാൻ വിധിക്കപ്പെട്ടവളായിരുന്നു ആ മാതാവ്. ചാവു ബാധിച്ച വീട് കണക്കെ ആരാലും തിരിഞ്ഞു നോക്കാത്ത ഇടമായി സക്കരിയയുടെ വീട് മാറിപ്പോയിരുന്നു. സോളിഡാരിറ്റിയടക്കമുള്ള സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരുമെല്ലാം പരപ്പനങ്ങാടിയിലെത്തുന്നത് ഈ ഘട്ടം മുതലാണ്. മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശ ധ്വംസനങ്ങള്‍ ഭരണകൂടങ്ങള്‍ക്ക് ആനന്ദ ലഹരി നല്‍കിക്കൊണ്ടിരുന്ന വേളയിൽ ഇരകള്‍ക്കും ചിലത് പറയാനുണ്ടെന്ന് സോളിഡാരിറ്റി കേരളത്തെ പഠിപ്പിക്കുന്ന കാലമായിരുന്നു അത്. തീവ്രവാദത്തിന്റേയും ഭീകരവാദത്തിന്റെയും പുകമറ സൃഷ്ടിച്ച് ഭരണകൂടം നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ക്ക് ജയിലറകള്‍ തീര്‍ത്തപ്പോള്‍ ഇന്ത്യയിലെ പ്രഗല്‍ഭരായ ജൂറിയുടെ സാനിധ്യത്തില്‍ സോളിഡാരിറ്റി സക്കരിയയടക്കമുള്ളവരുടെ കേസുകള്‍ വിചാരണക്കെടുത്തു. ഭയപ്പെടുത്തുന്ന ലോകക്രമത്തെ കണ്ട് വഴിമാറി നടന്നാല്‍ പിന്നെ വഴിമാറി നടക്കാനെ സമയം കാണൂ എന്ന് മുസ്‌ലിം സമുദായത്തെ സോളിഡാരിറ്റി ഇതിലൂടെ ബോധവല്‍ക്കരിക്കുകയായിരുന്നു. ഇടമുറിയാത്ത ആ പൗരാവകാശ പോരാട്ടങ്ങൾക്ക് ഇപ്പോൾ ഫലം കണ്ടു തുടങ്ങി എന്നതാണ് സക്കരിയ കേസടക്കമുള്ള പുതിയ കാല അനുഭവങ്ങൾ വിളിച്ചോതുന്നത്. ബംഗ്ളൂരു സ്ഫോടന കേസിൽ സക്കരിയയെ കെട്ടിച്ചമച്ച് പ്രതിയാക്കാനുള്ള തിരക്കഥയിൽ അന്വേഷണ സംഘം സാക്ഷിയായി ഉയർത്തി കാട്ടിയ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ഹരിദാസൻ സക്കരിയ വിമോചന പ്രക്ഷോഭ സമിതിക്ക് സാമ്പത്തിക സഹായം നൽകി ആ പോരാട്ടത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. താൻ പോലുമറിയാതെയാണ് തന്നെ സക്കരിയക്കെതിരെ സാക്ഷിയായി അവതരിപ്പിച്ചിരിക്കുന്നതെന്നാണ് ഹരിദാസൻ പറയുന്നത്. അഥവാ, തീവ്രവാദത്തെക്കുറിച്ചും ഭീകരവാദത്തെക്കുറിച്ചുമെല്ലാമുള്ള ഭരണകൂട ജൽപനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്ന ഓർമപ്പെടുത്തലുകളാണ് ഇതെല്ലാം. കേരളം പ്രകടിപ്പിക്കുന്ന ഈ രാഷ്ട്രീയമായ പക്വതക്കും ഇച്ഛാശക്തിക്കും പ്രചോദനമായി മാറാൻ സോളിഡാരിറ്റിയുടെ പൗരാവകാശ പോരാട്ടങ്ങൾക്കായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സക്കരിയയുടെ മാതാവ് ബിയ്യുമ്മയുടെ മുഖത്ത് കണ്ട ആ വെട്ടത്തിന് കാരണവും ഈ മാറിയ സാമൂഹികാന്തരീക്ഷമാവാം എന്ന് വിശ്വസിക്കുന്നു.

Latest Updates