സംസ്ഥാനത്തെ സ്ഥിര താമസക്കാരായ കേന്ദ്രസർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച സമുദായത്തിൽ പെട്ട മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായുള്ള സ്‌കോളർഷിപ്പിനായി 2022-23 ബഡ്ജറ്റിൽ വകയിരുത്തി തുകയിൽ 2023 മാർച്ച് ആയിട്ടും ഒരു പൈസ പോലും ചിലവഴിക്കാതെ ന്യൂനപക്ഷ ക്ഷേമത്തെക്കുറിച്ച് വാചാലരാകുന്ന കേരള സർക്കാറിന്റെ നടപടി ന്യൂനപക്ഷങ്ങളോടുള്ള വഞ്ചനയും ന്യൂനപക്ഷാവകശങ്ങളെ ആസൂത്രിതമായി അട്ടിമറിക്കുന്നതുമാണെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്.
നിയമസഭയിൽ ചോദ്യമുയർന്നതിനെ തുടർന്നും വ്യത്യസ്ത കോണുകളിൽ നിന്നും വിമർശനമുയർന്നതിനെ തുടർന്നും ഫെബ്രുവരി മാസം അവസാന വാരമാണ് സ്കോളർഷിപ്പിനായി അപേക്ഷകൾ ക്ഷണിച്ചത് പോലും. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് മുഖേന നൽകുന്ന 9 സ്കോളർഷിപ്പുകളുടെ ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന നോട്ടിഫിക്കേഷൻ 2023 ഫെബ്രുവരി 20 നാണ് ന്യൂനപക്ഷ ഡയറക്ടറേറ്റ് പുറപ്പെടുവിച്ചത്. ആദ്യ ഘട്ടത്തിൽ അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതിയായി മാർച്ച് 05 നിശ്ചയിക്കുകയും പിന്നീട് അപേക്ഷകൾ കുറവായതിനാൽ മാർച്ച് 9 ലേക്കും പിന്നീട് മാര്‍ച്ച് 13 നേക്കും നീട്ടുകയുമാണ് ചെയ്തത്. കേവലം 20 ദിവസ കാലയളവിനുള്ളിൽ തന്നെ വിദ്യാർത്ഥികളുടെ അപേക്ഷ സ്വീകരിക്കൽ, സ്ഥാപന മേധാവികളുടെ സൂക്ഷ്മ പരിശോധന, ഓൺലൈൻ അപ്രൂവൽ, ന്യൂനപക്ഷ ഡയറക്ടറേറ്റിലേക്ക് അപേക്ഷകൾ എത്തിക്കുക തുടങ്ങിയ പ്രോസസ് പൂർത്തീകരിക്കുക എന്നത് അപ്രായോഗികമാണെന്ന് സാമാന്യയുക്തിയിൽ തന്നെ ബോധ്യപ്പെടുന്ന കാര്യമാണ്. മാർച്ച് മാസം സാമ്പത്തിക വർഷം അസാനിക്കാനിരിക്കെ ഒരു മാസം കാലാവധി മാത്രം പ്രഖ്യാപിച്ചു കൊണ്ടുള്ള അപേക്ഷ സ്വീകരിക്കൽ ജനങ്ങളുടെ കണ്ണിൽ പൊടിയാൻ വേണ്ടിയുള്ള അപ്രായോഗിക നടപടിയും ന്യൂനപക്ഷ വിദ്യാർത്ഥികളിൽ നിന്ന് അർഹരായ ഒരുപാട് വിദ്യാർത്ഥികളെ പുറം തള്ളുന്ന നടപടിയുമാണെന്ന് സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് പറഞ്ഞു.
സാമ്പത്തിക പരാധീനത മൂലം പഠനം മുന്നോട്ടുകൊണ്ടുപോകാനാകാത്ത പത്ത്, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിദ്യാർഥികക്കുള്ള ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്, സിവിൽ സർവീസിനും വിദേശ പഠനത്തിനുമുള്ള സ്‌കോളർഷിപ്പ് (6.30 കോടി ബഡ്ജറ്റ്), പ്ലസ് ടു പൊതുപരീക്ഷയിൽ 60 ശതമാനം മാർക്ക് നേടുന്ന വിദ്യാർഥികൾക്ക് കൊടുക്കുന്ന സ്‌കോളർഷിപ്പ്, സർക്കാർ,എയിഡഡ് മേഖലയിലെ പോളിടെക്‌നിക്കുകളിലെ വിദ്യാർഥികൾക്ക് ലഭിക്കുന്ന ഡോ.എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ് (82 ലക്ഷം രൂപ), മദർ തെരേസ സ്‌കോളർഷിപ്പ് (68 ലക്ഷം രൂപ), ഐ.ടി.സി ഫീ റീ ഇംബേഴ്സ്മെന്റ് സ്‌കീം (4.02 കോടി രൂപ) എന്നീ ബജറ്റിൽ വകയിരുത്തിയ പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വലിയ ഭാഗം സർക്കാരിന്റെ അനാസ്ഥ കാരണം ലാപ്സാകുന്ന അവസ്ഥയിലാണുള്ളത്.
വളരെ വൈകി അപേക്ഷ വിളിച്ച് തുടങ്ങിയതിനാൽ അപേക്ഷകരുടെ എണ്ണം തന്നെ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. 2021-22 കാലയളവിൽ 59515 രജിസ്ട്രേഷന്‍ വന്ന സ്ഥലത്ത് ഇപ്രാവശ്യം 28598 രജിസ്ട്രേഷനുകള്‍ മാത്രമാണ് ഇന്ന് വരെ വന്നിട്ടുള്ളത്. അതില്‍ തന്നെ 12723 രജിസ്ട്രേഷനുകള്‍ മാത്രമാണ് വെരിഫൈ ചെയ്ടിട്ടുള്ളതും. കഴിഞ്ഞ വർഷം 51201 അപേക്ഷകള്‍ അപ്രൂവ് ആയിടത്ത് ഇത്തവണ 10307 അപേക്ഷകള്‍ മാത്രമാണ് അപ്രൂവ് ചെയ്തിട്ടുള്ളത്. ഇന്ന് (13.03.2023) അപേക്ഷ സ്വീകരിക്കുന്ന അവസാന ദിവസമായിട്ടും കഴിഞ്ഞ വര്‍ഷം ആകെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ പകുതി പേര്‍ക്കുമാത്രമേ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
അക്കാദമികമായി വളരെ തിരക്കുള്ള സമയത്ത് മതിയായ സമയം നല്‍കാതെ തിരക്കിട്ട് അപേക്ഷ ക്ഷണിക്കുന്നതിലൂടെ സ്കോളര്‍ഷിപ്പില്‍ നിന്ന് ന്യൂനപക്ഷ വിദ്യാര്‍ഥികളെ പുറന്തള്ളുന്നതിൻ്റെ പ്രകടമായ ഉദാഹരണമാണിത്. ഇടത് സർക്കാർ പുലർത്തിയ അനാസ്ഥയിലൂടെ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നഷ്ടമായ സ്കോളർഷിപ്പ് അവസരങ്ങളെ അപേക്ഷകരുടെ എണ്ണം കുറഞ്ഞു എന്ന പേരിൽ ന്യായീകരിക്കുന്നത് അനീതിയാണ്.
ന്യൂനപക്ഷ ക്ഷേമ പദ്ധതികൾക്ക് നീക്കിവെച്ച മൊത്തം തുകയുടെ 22.3 ശതമാനം മാത്രമാണ് ആകെ ചിലവാക്കിയിരിക്കുന്നത് എന്നാണ് നിയമസഭാ രേഖ വ്യക്തമാക്കുന്നത്. ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിക്കും ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയിലെ കുടിവെള്ള വിതരണ പദ്ധതിക്കും മാത്രമാണ് അത് ചിലവഴിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സ്കോളര്‍ഷിപ്പുകള്‍ക്ക് മാത്രമായി അനുവദിക്കപ്പെട്ട 23.76 കോടി രൂപയില്‍ 5.22 കോടി രൂപ ചെലവഴിക്കാതെ പാഴാക്കുകയാണ് ചെയ്തത്. അനുവദിച്ച തുകയുടെ അവസ്ഥ ഇതാകുമ്പോൾ തന്നെ ന്യൂനപക്ഷ പദ്ധതികൾക്കായുള്ള ബഡ്ജറ്റിൽ കഴിഞ്ഞ വർഷങ്ങളേക്കാൾ വന്നിട്ടുള്ള കുറവും വിമർശന വിധേയമാക്കേണ്ടതാണ്. കേന്ദ്ര സർക്കാർ വ്യത്യസ്ത ന്യൂനപക്ഷ പദ്ധതികൾക്കായുള്ള ഫണ്ടുകൾ ആസൂത്രിതമായി റദ്ദ് ചെയ്യുമ്പോൾ അതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ഇടത് സർക്കാരും ന്യൂനപക്ഷ സ്കോളർഷിപ്പുകളിൽ സമാന പാത തന്നെയാണ് തുടർന്ന് കൊണ്ടിരിക്കുന്നത്.
ഒരു ഭാഗത്ത് ന്യൂനപക്ഷ അവകാശ സംരക്ഷണിന്റെ അപ്പോസ്തലരാണെന്ന് അവകാശപ്പെടുകയും ബഡ്ജറ്റിൽ വലിയ ക്ഷേമപദ്ധതികളടക്കം പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങളുടെ കണ്ണിൽ പൊടിയിടുകയും മറുഭാഗത്ത് ഈ പ്രഖ്യാപനങ്ങളെല്ലാം കടലാസിലൊതുക്കി ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയും ചെയ്യുന്ന ഏർപ്പാടാണ് ഇടതുപക്ഷം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നത്. ഇടത് സർക്കാരിന്റെ ഈ ന്യൂനപക്ഷ വിരുദ്ധ നടപടിയെ ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ തെരുവിൽ നേരിടുമെന്നും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ സ്‌നേഹ പ്രകടനങ്ങളിലെ കാപട്യം പൊതുസമൂഹം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും സോളിഡാരിറ്റി സംസ്ഥാന സംസ്ഥാന ജനറല്‍ സെക്രട്ടറി തൗഫീഖ് മമ്പാട് പത്ര സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. പത്ര സമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ജുമൈല്‍ പി.പി, അസ്‍ലം അലി, സംസ്ഥാന ജോയിന്‍റ് സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു