[et_pb_section bb_built=”1″][et_pb_row][et_pb_column type=”4_4″][et_pb_text _builder_version=”3.0.100″ background_layout=”light” text_font=”notosansmalayalam||||||||” text_font_size=”17px”]
ജനാധിപത്യത്തിന് കരുത്തുപകരുന്ന വിവരാവകാശ നിയമ(ആർ.ടി.ഐ) ത്തിന് ഭേദഗതി കൊണ്ടുവരാനുള്ള സംഘ്പരിവാർ ഭരണകൂടത്തിന്റെ ശ്രമം വിവരാവകാശ നിയമത്തെ തന്നെ ഇല്ലാതാക്കുന്നതാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള . ഭരണകൂടങ്ങളുടെ സ്വാർഥതാൽപര്യങ്ങളും ബ്യൂറോക്രസിയിലെ അഴിമതി രഹസ്യങ്ങളും മറനീക്കി പുറത്തുകൊണ്ടു വരുന്നതിൽ വിവരാവകാശ നിയമം ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്. എൺപതിലേറെ വിവരാവകാശ പ്രവർത്തകർ ഇതിനകം തന്നെ കൊല ചെയ്യപ്പെട്ടു എന്നത് ഈ നിയമത്തിന്റെ ജനപക്ഷ സ്വഭാവത്തെയും ഭരണകൂട വിമർശനത്തിനുള്ള ശേഷി യേയും ബോധ്യപ്പെടുത്തുന്നതാണ്. രാജ്യത്തിനും ജനങ്ങൾക്കും മുകളിലുള്ള ഭരണകൂടത്തിന്റെ അമിതാധികാരങ്ങളെ നിയന്ത്രിക്കുവാനും ആർ.ടി.ഐ കാരണമാകുന്നുണ്ട്. 2005 ൽ നിലവിൽ വന്ന ഈ നിയമത്തെ നിരന്തരമായ ഭേദഗതികളിലൂടെ നിർവീര്യമാക്കാനാണ് ഭരണകൂടങ്ങൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഭരണകൂടവും ഡീപ്പ് സ്റ്റേറ്റും ജുഡീഷ്യറിയുമെല്ലാം വിവരാവകാശ നിയമത്തിന്റെ പ്രഹരമേറ്റവരായതിനാൽ ഇവർ തന്നെയാണ് പലപ്പോഴും ഈ ജനപക്ഷ നിയമത്തിന്റെ കഴുത്ത് ഞെരിക്കാൻ തുനിഞ്ഞിട്ടുള്ളത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളുടെ എണ്ണം 35 ശതമാനം വർധിച്ചു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മോദി സർക്കാറിന്റെ അഴിമതിയുടെ അരമന രഹസ്യങ്ങളും അവർ നേതൃത്വം കൊടുത്ത് ആൾക്കൂട്ടം നടപ്പാക്കികൊണ്ടിരിക്കുന്ന മുസ്ലിം, ദലിത്, ആദിവാസി, ജനകീയ സമര നേതാക്കൾ മുതലായവരുടെ കൊലപാതകങ്ങളടക്കമുള്ള കണക്കുകളും വിവരാവകാശ പോരാട്ടങ്ങളുടെ ഭാഗമായി ഇതിനകം പുറത്തുവന്നിട്ടുണ്ട്. വിമത ശബ്ദങ്ങളെ ഉൾകൊള്ളാനാവാത്ത സംഘ്പരിവാർ ഭരണകൂടം ജനാധിപത്യത്തിന്റെ ഏറ്റവും ഉറപ്പുള്ള ശബ്ദമായ ആർ.ടി.ഐയെ ഭയപ്പെടുന്നു എന്നതിനാലാണ് തിടുക്കപ്പെട്ട് ഈ നിയമത്തിന് ഭേദഗതി വരുത്തുവാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. യു.എ.പി.എ, എൻ.ഐ.എ ഭേദഗതിയിൽ സംഭവിച്ച പിഴവുകൾ ആവർത്തിക്കാതെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും പൗരാവകാശ പ്രവർത്തകരും വിവരാവകാശ നിയമത്തിന്റെ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും നഹാസ് മാള പറഞ്ഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]