കോഴിക്കോട്: പണ്ഡിതനും നേതാവുമായ എം.എം. അക്ബറിനെ കസ്റ്റഡിയിലെടുത്തത് മത പ്രബോധന സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടത്തിന്റെയും നിയമപാലകരുടെയും കൈകടത്തലാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി.എം. സാലിഹ്.
പീസ് സ്‌കൂളുമായും സിലബസുമായും ബന്ധപ്പെട്ട ചില ആരോപണങ്ങളുടെ പേരിലാണ് പൊലീസ് മുമ്പ് കേസെടുത്തിരുന്നത്. പുറത്തെ ഏജന്‍സി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേരിലാണ് പൊലീസ്സ് നടപടികളെടുത്തത്. പാഠപുസ്തകം പിന്‍വലിച്ചിട്ടും കേസെടുത്ത് സംശയത്തിന്റെ പുകമറ സൃഷ്ടിക്കുകയാണ് ഭരണകൂടം ചെയ്തത്. അക്ബറിനെ ഇപ്പോള്‍ കസ്റ്റഡിയിലെടുത്തതിലും ഒട്ടേറെ ദുരൂഹതകളും അവ്യക്തതകളുമുണ്ട്. ഏത് കേസിലാണ് അദ്ദേഹത്തെ കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. തീവ്രവാദത്തിന്റേയും ഭീകരകേസുകളുടെയും പേരിലുള്ള മുസ് ലിംവിരുദ്ധ നടപടികള്‍ വ്യാപകമാക്കാനാണ് സംഘ്പരിവാര്‍ കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. അതുതന്നെ ആവര്‍ത്തിക്കുന്ന വിധത്തിലുള്ള നടപടികളാണ് കേരള പൊലീസും പലപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എം.എം.അക്ബറിനെതിരായുള്ള ഭരണകൂട ഇടപെടലുകള്‍ അതിന്റെ തന്നെ തുടര്‍ച്ചയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും വിവിധ ജനവിഭാഗങ്ങളും ഒന്നിച്ചുള്ള പ്രതിരോധങ്ങള്‍ തീര്‍ക്കേണ്ടതുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും നിലപാട് വ്യക്തമാക്കണമെന്നും പി.എം സാലിഹ് ആവശ്യപ്പെട്ടു.