കോഴിക്കോട്: ആസിഫക്ക് നീതി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയാ ആഹ്വാനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേരളത്തിൽ നടന്ന ഹർത്താലിന്റെ മറവിൽ മുസ് ലിം യുവാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മുവ്മെന്റ് ആവശ്യപ്പെട്ടു. ഹർത്താലിന്റെ ഭാഗമായി മലബാറിലെ ചില സ്ഥലങ്ങളിൽ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടായിരുന്നു. അതിന്റെ പേരിൽ മറ്റു പല പ്രദേശങ്ങളിലും സമാധാനപരമായി പ്രതിഷേധിക്കുകയും പ്രകടനങ്ങൾ നടത്തുകയും ചെയ്ത ഹർത്താൽ അനുകൂലികളെയും യുവാക്കളെയും അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമാണ് സർക്കാർ ചെയ്തത്. അങ്ങാടിയിൽ സാധനങ്ങൾ വാങ്ങാനും മറ്റും വന്നവരെയടക്കം മതസ്പർദ്ദ വളർത്താൻ ശ്രമിച്ചു എന്ന വകുപ്പുകളുപയോഗിച്ച് പൊലീസ് ജയിലിലടച്ചിരിക്കുകയാണ്. പല യുവാക്കളെയും അർധരാത്രി വീട്ടിൽകയറി അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേരളത്തിൽ ഇത് ആദ്യത്തെ ഹർത്താലോ ഹർത്താൽ അക്രമങ്ങളോ അല്ല. ഔദ്യോഗിക സംഘടനകളുടെ പിന്തുണയില്ലാതെ പ്രതിഷേധങ്ങളോ ഭരണകൂടത്തെ തിരുത്താനുള്ള സമരങ്ങളോ പാടില്ലെന്നത് മുഖ്യധാരാ പാർട്ടികളുടെ തറവാടിത്ത മനോഭാവത്തിന്റെ ഭാഗമാണ്. അടുത്ത കാലത്ത് ഗെയിൽ, ദേശീയപാത സമരങ്ങളെയെല്ലാം തീവ്രവാദ ആരോപണങ്ങളിലൂടെയാണ് സർക്കാർ നേരിട്ടത്. അതിന്റെ തുടർച്ചയാണ് ഈ സംഭവത്തിലും ആവർത്തിക്കുന്നത്.
കേരളത്തിൽ ഇതിന് മുമ്പും ഭരണ കക്ഷിയടക്കം നടത്തിയ ഹർത്താലുകളിൽ ഇതിനേക്കാൾ പല മടങ്ങ് അക്രമസംഭവങ്ങൾ ഉണ്ടാവുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിലൊന്നുമുണ്ടാകാത്ത അറസ്റ്റുകളും വകുപ്പുകളും ഇവിടെ ഉണ്ടാകുന്നത് ജനാധിപത്യവിരുദ്ധമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരത്തോളം മുസ് ലിം യുവാക്കളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് ഈ അനീതി അവസാനിപ്പിച്ച് അറസ്റ്റ് ചെയ്തവരെ ഉടൻ വിട്ടയക്കണമെന്നും സർക്കാർ ഭീകരവാഴ്ച അവസാനിപ്പിക്കണമെന്നും സോളിഡാരിറ്റി നേതാക്കൾ ആവശ്യപ്പെട്ടു.