Press Release

എ.ഡി.ജി.പി ഇസ്‍ലാമോഫോബിയ പ്രചരിപ്പിക്കുന്നു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സൈഫി കുറ്റക്കാരനാണെന്ന് തെളിവ് നിരത്തുമ്പോൾ ഷഹീൻ ബാഗിനെ കുറിച്ച് എ.ഡി.ജി.പി എം.ആര്‍ അജിത്കുമാർ നടത്തിയ പരാമർശം തികച്ചും വംശീയ മുൻവിധിയിൽ നിന്നുള്ള പ്രസ്താവനയാണെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയേറ്റ്. മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ഷഹീൻ ബാഗ് പൗരത്വ പ്രക്ഷോഭ സമരകാലത്ത് ഏറെ ശ്രദ്ധേയമായ ഇടമാണ്. അവിടെ നിന്നാണ് ഷാറൂഖ് വരുന്നെതെന്ന് പ്രത്യേകം എടുത്ത് പറയുന്നത് ഇസ്‍ലാമോഫോബിയയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യ സമരത്തിന്റെ പ്രഭവ കേന്ദ്രത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി അവതരിപ്പിക്കുന്ന എ.ഡി.ജി.പി യുടെ വംശീയ പരാമർശത്തിൽ ആഭ്യന്തര വകുപ്പ് നിലപാട് വ്യക്തമാക്കേണ്ടതുണ്ട്.

എലത്തൂർ കേസിൽ ഷഹീൻ ബാഗിനെ ഭീകരവത്കരിച്ച് ആദ്യം രംഗത്തെത്തിയത് വത്സൻ തില്ലങ്കേരിയടക്കമുള്ള സംഘ്പരിവാർ നേതാക്കളാണ്. സംഘ്പരിവാറിന്റെ വാദങ്ങളെയും മുൻവിധികളെയും ഏറ്റ് പിടിക്കുന്ന പോലീസ് ആരുടെ താൽപര്യമാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാവുകയാണെന്നും പോലീസ് ആവർത്തിക്കുന്ന സംഘ്പരിവാർ ഭാഷ്യങ്ങളോടുള്ള നയം പൊതു സമൂഹത്തോട് വിശദീകരിക്കാൻ ഇടതുപക്ഷ സർക്കാരും സി.പി.എമ്മും ബാധ്യസ്ഥരാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Latest Updates