Press Release

വംശീയ കൊലപാതകങ്ങളോടുള്ള നിയമ നടപടികൾ വേഗത്തിലാക്കുക

വംശീയ വിചാരണക്കിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പൂർത്തിയായപ്പോൾ 14 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. പ്രതികൾക്ക് കൊലപാതക ശ്രമത്തിൽ പങ്കുണ്ടെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെങ്കിലും ഇനിയും അന്യേഷണം പോലും പുരോഗമിക്കാത്ത അനേകം വംശീയക്കൊലപാതങ്ങളുടെ നിയമനടപടികൾ വേഗത്തിലാക്കാനുള്ള ഉത്തരവാദിത്തം പോലീസിനും സർക്കാരിനും മേൽ വർദ്ധിപ്പിക്കുന്നതാണ് മധു കേസിലെ നാൾവഴികളെന്നും സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ്.

മർദ്ദനോപാധിയായി പോലീസ് മാറിയ സന്ദർഭത്തിലെല്ലാം വംശീയ കൊലപാതകങ്ങളിലെ പ്രതികളെ ജുഡീഷ്യറി സംരംക്ഷിക്കുന്ന നിലപാടാണ് കണ്ടത്. തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ പോലീസ് മർദ്ദനത്തെത്തുടർന്ന് ജീവനൊടുക്കിയ  വിനായകന് 5 വർഷങ്ങൾ കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ല എന്ന് മാത്രമല്ല, ജാതിയധിക്ഷേപം നടത്തി എന്ന കാരണത്താൽ സസ്പൻഡ് ചെയ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ വീണ്ടും തിരിച്ചെടുത്തിരിക്കുകയാണ്.

2020 ക്രിസ്മസ് ദിനത്തിൽ പാലക്കാട്ട് തേൻകുറിശ്ശിയിലെ അനീഷ് എന്ന അവർണ യുവാവിന്റെ ജാതിക്കൊലപാതകം, ദലിത് വിഭാഗത്തിൽ പെട്ട ആളെ വിവാഹം കഴിക്കുന്നത് തടയാൻ മലപ്പുറം അരീക്കോട് സ്വദേശി ആതിരയെ അചഛൻ കൊലപ്പെടുത്തിയ സംഭവം, കാസർഗോഡ് ജില്ലയിലെ മദ്റസാധ്യാപകനായ റിയാസ് മൗലവിയുടെ കൊലപാതകം, വാളയാറിലെ ദലിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം തുടങ്ങിയ വംശീയ കൊലപാതകകങ്ങളിൽ പോലീസിന്റെയോ ജുഡീഷ്യറിയുടെയോ ഭാഗത്ത് നിന്ന് ഇത് വരെയും നീതി ലഭിച്ചിട്ടില്ല. വംശീയ-ജാതി കൊലപാതകങ്ങളോടും അക്രമണങ്ങളോടും പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന അനാസ്ഥയും കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന കാലതാമസവുമാണ് ഇത്തരം സംഭവങ്ങളെ നിസ്സാരവത്കരിക്കുന്നതെന്നും മധു കേസിലെ വിധി നീതി നിർവ്വഹണ രംഗത്തുണ്ടാകേണ്ട സുതാര്യതയെയും വേഗതയെയും കുറിച്ച ചോദ്യങ്ങളാണുയർത്തുന്നതെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് പറഞ്ഞു.

Latest Updates