ഗുജറാത്ത് വംശഹത്യക്ക് കാർമികത്വം വഹിച്ച ചോര പുരണ്ട കൈകളാണ് ഇന്ത്യയെ നയിക്കുന്നതെന്ന സത്യം എത്ര ശ്രമിച്ചാലും മറച്ച് വെക്കാനാവില്ല എന്ന് സോളിഡാരിറ്റി യൂത്ത്മൂവ്മെൻറ്. ഈ യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ബി.ബി.സി പുറത്തിറക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്‍ററി. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് ബ്രിട്ടീഷ് സർക്കാർ ഇതുവരെ പുറത്തുവിടാത്ത രഹസ്യരേഖ അടങ്ങുന്നതാണ് ബ്രിട്ടനിൽ ചൊവ്വാഴ്ച ബി.ബി.സി-ടു സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി. മുസ്‍ലിം വിരുദ്ധ വംശീയത ഭരണകൂട രൂപം പ്രാപിച്ച രാജ്യത്ത് മോഡിയുടേത് ചോരമണക്കുന്ന കൈകളാണെന്ന് ലോകം വീണ്ടും വിളിച്ചു പറയുകയാണ് ഡോക്യുമെന്‍ററിയെന്നും ഇത്തരം ഓർമകൾ സംഘ് വിരുദ്ധ പോരാട്ടത്തിൻറെ അനിവാര്യതയാണെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് സി.ടി സുഹൈബ്.
വംശീയതയാണ് നിലവിലെ ഇന്ത്യൻ ഭരണകൂടത്തിൻറെ അടിത്തറ. ഗുജറാത്ത് മുസ്‍ലിം വംശഹത്യക്ക് നേതൃത്വം നൽകി എന്നതായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ദേശീയ നേതാവായി ഉയരാൻ യോഗ്യനായത്. എന്നാൽ അതിനെ മറച്ച് വെക്കുന്ന പ്രചാരണങ്ങളിലൂടെ ആഗോളതലത്തിൽ മോദി നിർമിച്ചെടുക്കാൻ ശ്രമിക്കുന്ന ഇമേജിന് ബി.ബി.സി ഡോക്യുമെന്‍ററി കോട്ടം തട്ടിക്കുമെന്ന ഭയമാണ് വീഡിയോ യൂറ്റ്യൂബിൽ നിന്ന് പിൻവലിപ്പിക്കാനും അതിൻറെ പിന്നിലുള്ളവരെ ആക്ഷേപിക്കാനും ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്നതിന് പിന്നിൽ. ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകളായും ഒളികാമറാ സ്റ്റോറികളായും പുസ്തകങ്ങളായും ഡോക്യുമെന്‍ററികളായും പുറത്തുവന്ന യാഥാർഥ്യങ്ങൾ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയോട് തന്നെ വലിയ ചോദ്യ ചിഹ്നമാണ് ഉയർത്തിയിരിക്കുന്നത്.
ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന ഈ സന്ദർഭത്തിൽ ഈ ഡോക്യുമെൻററി വലിയ രാഷ്ട്രീയ ദൗത്യം കൂടിയാണ് നിർവ്വഹിക്കുന്നത്. കേവല വിലക്കുകൾ കൊണ്ട് യാഥാർത്ഥ്യങ്ങളെ മൂടി വെക്കാനാകില്ലെന്നും ഭരണകൂട യുക്തിയെ മറികടന്നു കൊണ്ട് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ പ്രതിരോധം തീർക്കാൻ സിവിൽ സമൂഹത്തിന് ഇത്തരം ഡോക്യുമെന്‍ററികള്‍ പ്രചോദനമാകേണ്ടതുണ്ടെന്നും സുഹൈബ് കൂട്ടിച്ചേർത്തു.