Press Release

പൗരത്വം, ദേശസുരക്ഷ, നിയമവാഴ്ച സോളിഡാരിറ്റി ചര്‍ച്ചാ സംഗമം നാളെ

മലപ്പുറം: ‘പൗരത്വം, ദേശസുരക്ഷ, നിയമവാഴ്ച: നീതിന്യായ വ്യവഹാരങ്ങളിലെ ഇന്ത്യന്‍ മുസ്‌ലിം’ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ചര്‍ച്ചാ സംഗമം നാളെ(ഡിസംബര്‍ 15 ഞായറാഴ്ച) വൈകുന്നേരം 4 മണിക്ക് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ ഹാളില്‍ നടക്കും. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഭരണഘടനയെയും പരസ്യമായി വെല്ലുവിളിക്കുന്ന നിയമനിര്‍മാണങ്ങളുമായി മുന്നോട്ടുപോകുന്ന സംഘ്പരിവാറിന്റെ പദ്ധതികള്‍ തുറന്നുകാട്ടുന്ന ചര്‍ച്ചകളാണ് നടക്കുക.
എന്‍.ഐ.എ, യു.എ.പി.എ തുടങ്ങിയ ഭീകര നിയമങ്ങള്‍ മുസ്‌ലിംകളെ മാത്രം ലക്ഷ്യം വെച്ച് ഭേദഗതി വരുത്തിയ സംഘ്ശക്തികള്‍ ദേശസുരക്ഷയെന്നതിനെ പൗരാവകാശത്തിനും മുകളില്‍ സ്ഥാപിക്കുകയാണ് ചെയ്തത്. സി.എ.ബി, എന്‍.ആര്‍.സി പോലുള്ള നിയമനിര്‍മാണങ്ങളിലൂടെ പൗരത്വത്തെയും അതിന്റെ സാധുതയെയും ചോദ്യം ചെയ്യുകയും മുസ്‌ലിംകളെ മാത്രം അപരവല്‍കരിച്ച് ഭീതിയുടെ നിഴനില്‍ നിര്‍ത്തുകയുമാണ് ചെയ്യുന്നത്. മുത്വലാഖ്, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍ തുടങ്ങിയ ധാരാളം നിയമനിര്‍മാണങ്ങള്‍ വേറെയും നടക്കുന്നുണ്ട്. ഈ സന്ദര്‍ഭത്തില്‍ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ നിയമ വ്യവഹാരങ്ങളിലെ മുസ്‌ലിംകളുടെ സ്ഥാനത്തെ ചര്‍ച്ച ചെയ്യുന്നതാണ് സംഗമം.
സംഗമത്തില്‍ സാമൂഹിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരായ സി.കെ അബ്ദുല്‍ അസീസ്, ഡോ. ഫസല്‍ ഗഫൂര്‍, എസ്.എ അജിംസ്, മുജീബ് കാടേരി, കെ.കെ സുഹൈല്‍, അഡ്വ. ഷാനവാസ്, അബ്ദുല്‍ മജീദ് നദ്‌വി, അഡ്വ. അഹമ്മദ് ഫായിസ്, നഹാസ് മാള, ഡോ. നിഷാദ് കുന്നക്കാവ് എന്നിവര്‍ സംസാരിക്കും.

Latest Updates