Regional Updates

ചരിത്രങ്ങൾ സ്വയം തന്നെ സമരമായി മാറും: കെ.ഇ.എൻ.

തിരൂർ:ചരിത്രങ്ങളെ മറച്ചുപിടിക്കുകയും തങ്ങൾക്കനുകൂലമായി അതിനെ പുനരാവിഷ്കരിക്കുകയും ചെയ്യുക എന്നത് ഫാസിസത്തിന്റെ പതിവു രീതിയാണ് എന്നും ഇന്ത്യയിലെ ഫാസിസ്റ്റുകൾ ഭരണകൂടത്തിന്റെ പിന്തുണയോടെ നടപ്പിലാക്കുന്നതും അതു തന്നെയാണ് എന്നും ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ കുഞ്ഞഹമ്മദ്. പട്ടേലിനെ ഉയർത്തിപ്പിടിച്ച് ഗാന്ധിസ്മരണകളെ തമസ്കരിച്ചു കളയാനുള്ള ശ്രമങ്ങൾ മുതൽ തിരൂർ വാഗൺ ട്രാജഡി ചിത്രം മായ്ച്ചു കളയുന്നതിലുള്ള ഇടപെടലുകൾ വരെ അതിന്റെ സൂചനകളാണ്. ഓർമകൾ എക്കാലത്തേയും അപകടമാണെന്ന് ഫാസിസം വിചാരിക്കുന്നു.
ചരിത്രങ്ങളെ വിസ്മരിക്കുകയും കെട്ടുകഥകൾ വിശ്വസിക്കുകയും ചെയ്യുന്ന അനുഭവങ്ങളാണ് ഇന്ന് രാജ്യത്ത് സംഭവിക്കുന്നത്. സ്ഥലനാമങ്ങൾ മാറ്റുന്നത് പോലും അങ്ങനെയൊരു പശ്ചാത്തലത്തിലാണ്. ചരിത്രസ്മരണകളെ അട്ടിമറിക്കുന്നവർ ജനാധിപത്യ കൂട്ടായ്മകളെ പോലും സംശയത്തോടെ കാണുന്നു.
സ്വാതന്ത്ര്യം നഷ്ടപ്പെട്ടാലും ചരിത്രം നിലനിൽക്കണം. ചരിത്രം നില നിന്നാൽ അതു സ്വയംതന്നെ സ്വന്തം സമരമായി മാറാം. അതുകൊണ്ടാണ് ചരിത്രങ്ങളെ മായ്ച്ചു കളയാൻ ശ്രമിക്കുന്നത്. ‘ചരിത്രങ്ങളല്ല, ഫാസിസമാണ് മായിക്കപ്പെടേണ്ട ട്രാജഡി’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി തിരൂർ വാഗൺ ട്രാജഡി ഹാൾ പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ചരിത്രം ഒരു ജനത ജീവിച്ചു തെളിയിച്ച കാലത്തിന്റെ അടയാളങ്ങളാണ് എന്നും അതിനെ സവർണബോധം കൊണ്ട് മായ്ച്ചുകളയുന്നത് ദേശദ്രോഹമാണെന്നും അധ്യക്ഷത വഹിച്ച സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സമീർ കാളികാവ് പ്രസ്താവിച്ചു. ഫാസിസത്തിന്റെ ചരിത്രതമസ്കരണങ്ങളെ ചരിത്രയാഥാർഥ്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രതിരോധിക്കേണ്ടതുണ്ട്.അതിനുള്ള വൈജ്ഞാനിക ഭൂമിക ഒരുക്കുകയാണ് സോളിഡാരിറ്റി തിരൂരിൽ സംഘടിപ്പിച്ച  പ്രതിഷേധ സായാഹ്നം എന്നും അദ്ദേഹം പറഞ്ഞു. ഇർഷാദിയാ കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.യൂസുഫ്, എഴുത്തുകാരൻ ഡോ.ഉമർ.ഒ.തസ്നിം,
സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ്, എന്നിവർ സംബന്ധിച്ചു.
വാഗൺ കൂട്ടക്കൊല സ്മാരക ചിത്രകാരൻ പ്രേം കുമാർ കുറ്റിപ്പുറം സോളിഡാരിറ്റിക്കു വരച്ചു നൽകിയ ചിത്രം വേദിയിൽ പ്രദർശിപ്പിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.ജലീൽ സ്വാഗതവും പ്രോഗ്രാം കൺവീനർ ഹസനുൽ ബന്ന തിരൂർ നന്ദിയും പറഞ്ഞു.

Latest Updates