Regional Updates

കണ്ണൂർ സിറ്റിയെ പൈതൃക നഗരമാക്കി സംരക്ഷിക്കണം : ചരിത്ര സംഗമം

കേരളത്തിലെ ഏക മുസ്ലിം രാജവംശത്തിന്റെ ദീർഘകാല തലസ്ഥാനമായിരുന്ന കണ്ണൂർ സിറ്റിയെ പൈതൃക നഗരമാക്കി സംരക്ഷിക്കണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ചരിത്ര സംഗമം അഭിപ്രായപ്പെട്ടു. ഉത്തര മലബാറിന്റെ വാണിജ്യ വ്യവസായ പുരോഗതിക്ക് നിർണ്ണായക പങ്ക് വഹിച്ച പൈതൃക നഗരവും പഴയ പാണ്ടികശാലകളും ഇന്ന് തകർച്ചയുടെ വക്കിലാണ്. അറക്കൽ കൊട്ടാരത്തിന്റെ ഏതാനും ഭാഗങ്ങൾ മ്യൂസിയമാക്കി സംരക്ഷിച്ചിരുന്നുവെങ്കിലും അറക്കൽ കെട്ടിന്റെ പല ഭാഗങ്ങളും നശിച്ച് കഴിഞ്ഞു. വാസ്തു ഭംഗിയിൽ വൈവിധ്യങ്ങൾ പുലർത്തുന്നതും പൗരാണിക ചരിത്രത്തിൽ നിരവധി സംഭവങ്ങൾക്ക് സാക്ഷിയായ സിറ്റിയിലെ പള്ളികൾ ഭാവിതലമുറക്ക് ഗവേഷണ പഠനങ്ങൾക്ക് സാധ്യമാവും വിധം സംരക്ഷിക്കണം. സിറ്റിയിൽ നിന്ന് ലോക ഭൂപടത്തിലേക്ക് വളർന്ന ഇ.അഹമദ് സാഹിബിന്റെ ജീവിതയാത്രയിലെ പ്രധാന ഭാഗങ്ങളും സംരക്ഷിക്കപ്പെടണം. സംഗമം അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്‌ലാമിക കണ്ണൂർ ജില്ലാ കമ്മിറ്റി യു.പി സിദ്ദീഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം കെ.സാദിഖ് ഉളിയിൽ അദ്ധ്യക്ഷത വഹിച്ചു.
മാധ്യമം ദിനപത്രം സീനിയർ എഡിറ്റർ സി.കെ അബ്ദുൽ ജബ്ബാർ മുഖ്യ പ്രഭാഷണം നടത്തി.
അറക്കൽ രാജകുടുംബം പ്രതിനിധി ഇംത്യാസ് അഹമ്മദ്, മുസലിം ലീഗ് കണ്ണൂർ മേഖലാ സെക്രട്ടറി അൽത്താഫ് മാങ്ങാടൻ, ശൈഖ് മസ്ജിദ് ജോയന്റ് സെക്രട്ടറി എൽ.അബ്ദുറസാഖ്, പി.ബി എം ഫർമീസ് എന്നിവർ സംസാരിച്ചു.
സുൽത്താന അറക്കൽ ആദി രാജ ഫാത്തിമ മുത്ത് ബീബി, ഡോ. പി.വി അബ്ദുൽ അസീസ്, വി.ബി അബ്ദുറഹ്മാൻ മുൻഷി, നൗഷാദ് വായക്കൽ, കണ്ണൂർ ഷാഫി, ജമാൽ കണ്ണൂർ സിറ്റി, നൗഫൽ ഗുരുക്കൾ തുടങ്ങിയ വിവിധ മേഖകളിൽ സേവനങ്ങൾ നടത്തി കൊണ്ടിരിക്കുന്നവരെ സമ്മേളനം ആദരിച്ചു.
തുടർന്ന് തനിമ കലാ സാഹിത്യ വേദി കണ്ണൂർ സിറ്റി ടീമിന്റെ നേതൃത്വത്തിൽ മെഹ്ഫിൽ  സംഘടിപ്പിച്ചു.
പ്രോഗ്രാം കൺവീനർ മുഹമ്മദ് ശിഹാദ് സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡണ്ട് കെ.പി സാബിർ നന്ദിയും പറഞ്ഞു.
സോളിഡാരിറ്റി ജില്ല സെക്രട്ടറി കെ.എം അഷ്ഫാഖ്, ടി.പി ഇല്യാസ്, അബ്ദുൽ ഖല്ലാക്ക്, സി.പി മുസ്തഫ എന്നിവർ നേതൃത്വം നൽകി.

Latest Updates