Press Release

പോലീസിന് നല്‍കുന്ന അമിതാധികാരം പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടും : സോളിഡാരിറ്റി

സൈബര്‍ ക്രൈമുകള്‍ തടയുന്നതിന്റെ പേരില്‍ പോലീസിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നത് പിന്നോക്ക ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യുന്നതിലേക്ക് നയിക്കുമെന്ന് സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അഭിപ്രായപ്പെട്ടു. ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷമുള്ള ലോക്കപ്പ് കൊലപാതകങ്ങളും കസ്റ്റഡി മരണങ്ങളും ഏകപക്ഷീയമായ കേസുകളും അറസ്റ്റുകളും പോലീസിന്റെ നിഷ്പക്ഷതയെ സംശയത്തിലാക്കുന്നതാണ്. സമൂഹത്തിലെ ദുര്‍ബലരും മുസ്‌ലിം – പിന്നോക്ക – ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമെതിരില്‍ പക്ഷപാതപരമായാണ് പോലീസ് നടപടികള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. പോലീസ് സേനയിലെ സംഘ്പരിവാര്‍ സാന്നിധ്യവും സ്വാധീനവും കൂടുതല്‍ വ്യക്തമാവുന്ന ഇത്തരം നടപടികള്‍ക്ക് ആക്കം കൂട്ടാനാണ് ഇപ്പോഴത്തെ നിയമം വഴിവെക്കുക.

പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുവാനുള്ള സര്‍ക്കാര്‍ തീരുമാനം പൗരാവകാശ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നേരത്തെ പിന്‍വലിച്ചത്. മനുഷ്യാവകാശത്തിനും പൗരാവകാശത്തിനും യാതൊരു വിലയും നല്‍കാത്ത നിലപാടുകള്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണ്. മാധ്യമ സ്വാതന്ത്രത്തെയും അഭിപ്രായ സ്വാതന്ത്രത്തെയും ഹനിക്കുന്നതാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. ഇടതു സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തെക്കുറിച്ചും സ്വജന പക്ഷപാതിത്വ നിലപാടുകളെക്കുറിച്ചുമുള്ള വാര്‍ത്തകള്‍ ഒന്നൊന്നായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എതിര്‍പ്പുകളെ ഭയപ്പെടുത്തി നിശബ്ദരാക്കുവാനാണ് നിയമസഭയെപ്പോലും നോക്കുകുത്തിയാക്കി നിയമം നടപ്പിലാക്കുന്നതിലൂടെ ശ്രമിക്കുന്നത്.

Latest Updates